മുയല്‍ :മുയല്‍വളര്‍ത്തലിന്റെ പരിമിതികള്‍

1. ചെറിയ ശരീരമുള്ളവയായതിനാല്‍ മറ്റു മൃഗങ്ങളാല്‍ വേട്ടയാടപ്പെടുവാന്‍ സാധ്യതകളേറെയാണ്‌.
2. അധ്വാനം കൂടുതലാണ്‌. ധാരാളം മുയലുകളെ വളര്‍ത്താവുന്ന ഫാമുകളില്‍ പ്രത്യേകം പ്രത്യേകം കൂടുകളില്‍ വളര്‍ത്താവുന്നവയാണെങ്കില്‍ നല്ല ജോലിഭാരം കാണും.
3. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍: ചൂടു കൂടുതലുള്ള കാലാവസ്ഥയിലും ആര്‍ദ്രത കൂടുതലുള്ള കാലാവസ്ഥയിലും മുയലുകള്‍ക്ക്‌ പൊരുത്തപ്പെടാന്‍ പ്രയാസമാണ്‌.
4. വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല: സാധാരണ ജനങ്ങള്‍ക്കിടയില്‍ മുയലിറച്ചിയുടെ ഗുണഗണങ്ങള്‍ വേണ്ടത്ര ആഴത്തിലിറങ്ങിയിട്ടില്ല. കോഴിയിറച്ചിയും മാട്ടിറച്ചിയും ജനങ്ങള്‍ക്ക്‌ നന്നേ പഥ്യമാണെങ്കിലും മുയലിറച്ചി ഇന്നും നമ്മുടെ തീന്‍മേശകളില്‍ വിരളമായേ കടന്നുവരുന്നുള്ളു.
5. സാധുമൃഗമായി കരുതുന്നതിനാല്‍ കൊല്ലാന്‍ മടിക്കുന്നു. പണ്ടുകാലം മുതല്‍ക്കെ പ്രചരിച്ചുവരുന്ന പുരാതനകഥകളില്‍ മുയലൊരു കഥാപാത്രമാവുകയും പലപ്പോഴും അവയ്‌ക്ക്‌ ദിവ്യത്വം കല്‍പ്പിച്ചുകൊടുത്തിരിക്കുന്നതുകൊണ്ടും പലരും മുയലിനെ ഇറച്ചിക്കായി വളര്‍ത്തുവാന്‍ മടി കാണിക്കുന്നു. സാധുമൃഗമായും ദൈവത്തിന്റെ പ്രതിരൂപമായും പലരും മുയലുകളെ കാണുന്നതിനാല്‍ ഇവര്‍ മുയലുകളെ കൊല്ലാന്‍ മടിക്കുന്നു.
6. പൊതുജനങ്ങളുടെ ഇടയിലെ ഈ അപക്വമായ സമീപനം ഉല്‍പ്പന്നങ്ങള്‍ക്കും ഇറച്ചിക്കും ഡിമാന്റില്ലാതാക്കുന്നു.
7. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രയാസം: ഈ മേഖലയുടെ ഉല്‍പ്പന്നങ്ങളായ തുകലിന്‌ പ്രത്യേക ഡിമാന്റില്ല. എന്നാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ തുകലിന്‌ നല്ല ഡിമാന്റണ്ടുതാനും. പലപ്പോഴും മുയലിറച്ചിക്കും ഡിമാന്റില്ലാതെ വരാറുണ്ട്‌.
8. മനുഷ്യനോടൊപ്പം മുയലുകളെ വളര്‍ത്തുന്നത്‌ നല്ലതല്ലെന്ന തെറ്റായ ധാരണ മൂലം മുയല്‍ വളര്‍ത്തുന്നതിന്‌ ആളുകള്‍ വിമുഖത കാണിക്കുന്നു.
9. ശാസ്‌ത്രീയ പരിശീലനപരിപാടികളുടെ അഭാവം കാരണം ഈ മേഖലയിലേക്ക്‌ കൂടുതലായി ആളുകള്‍ കടന്നുവരുന്നില്ല.
10. ഗുണമേന്മയുള്ള അമ്മമുയലുകളുടെയും അതിന്റെ കുഞ്ഞുങ്ങളുടെയും അഭാവം.
പരിഹാരമാര്‍ഗങ്ങള്‍
$ ജനങ്ങളുടെ ഇടയില്‍ മുയലിറച്ചിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുക. മലയാളിയുടെ തീന്‍ മേശയിലെ ഒരു നിത്യവിഭവമായി മാറ്റാന്‍ ശാസ്‌ത്രജ്ഞരും കര്‍ഷകരും സര്‍ക്കാരും എല്ലാ തന്നെ തീവ്രമായ പ്രചാരണ പരിപാടികള്‍ നടത്തണം.
$ മുയലിന്റെ മാംസം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുവാനും വിപണനം നടത്തുവാനും തയാറാവണം.
$ കൃത്രിമമായി ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന തീറ്റകളൊന്നും നല്‍കാതെതന്നെ ശുദ്ധമായ ഇറച്ചി ഉല്‍പ്പാദിപ്പിക്കാമെന്ന വസ്‌തുത ജനങ്ങളുടെയിടയില്‍ പ്രചരിപ്പിച്ചെടുക്കണം.
$ വിപണനത്തെ സഹായിക്കണം: മുയല്‍കര്‍ഷകരുടെ ഒരു കൂട്ടായ്‌മയിലൂടെ ഇടത്തട്ടുകാരെ ഒഴിവാക്കി സുതാര്യവും സുദൃഢവുമായ ഒരു വിപണന ശൃംഖലതന്നെ വാര്‍ത്തെടുക്കണം. ഇതോടെ കര്‍ഷകന്‌ അവന്റെ ഉല്‍പ്പന്നതിനു മാന്യമായ വില ലഭിക്കും. ഈ സംരംഭത്തിലൂടെത്തന്നെ കര്‍ഷകന്‌ കുറഞ്ഞ വിലയ്‌ക്ക്‌ മുയല്‍ക്കുഞ്ഞുങ്ങളും മറ്റും എത്തിച്ചു കൊടുക്കുവാനും സാധിക്കും.
$ മുയലിന്റെ രോമം, തുകല്‍ എന്നിവയ്‌ക്ക്‌ അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഡിമാന്റുണ്ട്‌. എന്നാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ വിശിഷ്യാ യൂറോ-അമേരിക്കന്‍ രാജ്യങ്ങളില്‍ സ്വീകരിക്കില്ല. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ഇവര്‍ക്കുകൂടി സ്വീകാര്യമായ രീതിയില്‍ മാറ്റിയെടുത്താല്‍ ഒരുപക്ഷേ, നമ്മുടെ മുയല്‍ കര്‍ഷകരും രക്ഷപ്പെട്ടേക്കാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍