മുയല്‍ :മുയല്‍ വളര്‍ത്തല്‍; പൊതുവിവരങ്ങള്‍

കൃഷിസ്ഥലപരിമിതിയും തൊഴിലില്ലായ്‌മയും മൂലം കഷ്‌ടപ്പെടുന്ന തൊഴില്‍ സംരംഭകര്‍ക്കും ആദായകരമായി ചെയ്യാവുന്ന ഒരു തൊഴിലാണ്‌ മുയല്‍ വളര്‍ത്തല്‍.
കുറഞ്ഞ മുതല്‍മുടക്ക്‌, ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി, എല്ലാ മതവിഭാഗത്തിനും സ്വീകാര്യമായ ഇറച്ചി, ഉയര്‍ന്ന രോഗപ്രതിരോധശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകളാണ്‌. ഇതൊക്കെയാണെങ്കിലും ശാസ്‌ത്രീയമായ പരിപാലനരീതികള്‍ അവലംബിച്ചില്ലെങ്കില്‍ പരാജയപ്പെടാന്‍ ഏറ്റവും സാധ്യതയുള്ളതാണ്‌ മുയല്‍വളര്‍ത്തല്‍.
സസ്യങ്ങളിടങ്ങിയിട്ടുള്ള മാംസ്യം മനുഷ്യരാശിക്കുപയോഗയോഗ്യമായ മാംസ്യമാക്കി മാറ്റുന്നതില്‍ മുയലുകള്‍ മുന്‍പന്തിയിലാണ്‌. മുയലുകള്‍ അവയുടെ ഭക്ഷണത്തിന്റെ 20% മാംസ്യമാക്കി മാറ്റുമ്പോള്‍ മാട്ടിറച്ചിയില്‍ ഇത്‌ 8-12% ഉം പന്നിയിറച്ചിയില്‍ 16-18% ഉം ആണ്‌.
മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകള്‍
1. കുറഞ്ഞ സ്ഥലം: മുയലുകള്‍ക്ക്‌ കുറഞ്ഞ സ്ഥലം മതിയാകും.
2. ഭക്ഷണത്തിനുവേണ്ടി മനുഷ്യരുമായി മല്‍സരിക്കുന്നില്ല
സസ്യാഹാരങ്ങള്‍ മാത്രം നല്‍കി നമുക്കു മുയലുകളെ വളര്‍ത്താം. നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ശുഷ്‌കിച്ചുവരുന്ന ഭക്ഷണകലവറയും നമ്മെ മറ്റ്‌ മൃഗങ്ങളെ പോറ്റുന്നതില്‍നിന്നും പിന്‍തിരിപ്പിച്ചേക്കും. കാരണം മറ്റു മൃഗങ്ങളുടെ തീറ്റയുടെ ചേരുവകളായ സോയാബീന്‍, ചോളം, ഗോതമ്പ്‌ എന്നിവയെല്ലാം മനുഷ്യര്‍ക്ക്‌ ആവശ്യമായി വരും. എന്നാലും കേവലം സസ്യാഹാരങ്ങള്‍ മാത്രം നല്‍കി (അതു മനുഷ്യന്‍ ഒട്ടും ആഹരിക്കാത്ത സെല്ലുലോസ്‌ ധാരാളമുള്ളവ) നമുക്ക്‌ മുയലുകളെ വളര്‍ത്താന്‍ സാധിക്കും.
3. സന്താനോല്‍പ്പാദനം
ചുരുങ്ങിയ കാലയളവില്‍ത്തന്നെ പെറ്റുപെരുകുന്നു. വേണമെന്നുണ്ടെങ്കില്‍ പ്രതിവര്‍ഷം 12 പ്രസവങ്ങള്‍ (മാസത്തിലൊന്ന്‌ വളരെ സാധ്യമാക്കാവുന്നതാണ്‌. ചുരുങ്ങിയത്‌ ഓരോ മുയലില്‍നിന്നും വര്‍ഷം തോറും മുപ്പതിലധികം കുഞ്ഞുങ്ങളെ ലഭിക്കും.
4. ഉയര്‍ന്ന മാംസോല്‍പ്പാദനശേഷി-ദിനംപ്രതി 40 ഗ്രാം വരെ മുയലുകള്‍ വളരും
5. താരതമ്യേന കൊളസ്‌ട്രോള്‍ കുറഞ്ഞ ഇറച്ചി
മനുഷ്യന്റെ ദഹനേന്ദ്രിയത്തിനു ദ്രോഹമുണ്ടാക്കാത്ത വെളുത്ത ഇറച്ചിയുടെ ഗണത്തില്‍ പെടുത്താവുന്നവയാണ്‌ മുയലിറച്ചി (ആട്‌, മാട്‌, പന്നി എന്നിവ നല്‍കുന്നത്‌ ചുവന്ന ഇറച്ചിയാണ്‌. ഇവ ഭക്ഷിക്കുന്നതുമൂലം ആമാശയത്തില്‍ കാന്‍സര്‍ വരാന്‍ സാധ്യത ഏറെയാണ്‌). മാത്രവുമല്ല ഉപദ്രവകാരികളായ ഫാറ്റി അമ്ലങ്ങള്‍ തുലോം കുറവാണെന്നു മാത്രമല്ല ഹൃദ്രോഗത്തെ ചെറുക്കുന്ന ഒമേഗ-3 ഫിനോലിക്‌ ഫാറ്റി അമ്ലത്തിന്റെ അളവ്‌ കൂടുതലുമാണ്‌.
6. എല്ലാ മതസ്ഥര്‍ക്കും സ്വീകാര്യമായ ഇറച്ചിയാകുന്നു മുയലിറച്ചി
7. സംസ്‌കരിച്ചെടുത്ത മൃദുരോമ ചര്‍മ്മത്തിന്‌ അന്താരാഷ്‌ട്ര കമ്പോളത്തില്‍ വന്‍ ഡിമാന്‍ഡാണ്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍