മുയല്‍ :ഗര്‍ഭകാലപരിചരണം

ചില മുയലുകളില്‍ കപടഗര്‍ഭം കാണാറുണ്ട്‌. ഗര്‍ഭിണിയല്ലെങ്കിലും പെണ്‍മുയലുകള്‍ ഗര്‍ഭലക്ഷണങ്ങള്‍ കാണിക്കും. ഇവ രോമവും പുല്ലും ഉപയോഗിച്ച്‌ പ്രസവഅറ ഒരുക്കും. കപടഗര്‍ഭിണികളായ മുയലുകള്‍ പ്രസവഅറ ഒരുക്കാന്‍ ഇണചേര്‍ന്ന്‌ 16നും 20നും ദിവസങ്ങള്‍ക്കകം ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥ ഗര്‍ഭമുള്ള മുയലുകള്‍ ഇണചേര്‍ന്ന്‌ 25 ദിവസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ പ്രസവഅറ ഒരുക്കാറുള്ളൂ. ഗര്‍ഭകാലത്തിന്റെ അവസാന രണ്ടാഴ്‌ച തീറ്റക്രമമായി വര്‍ധിപ്പിച്ചുകൊടുക്കണം. ഇത്‌ പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുപുറമേ കുട്ടികളുടെ തൂക്കവും കൂട്ടും.
പ്രസവിക്കാറായ മുയലുകള്‍ക്ക്‌ ഗര്‍ഭകാലത്തിന്റെ 28-ാം ദിവസം കൂട്ടില്‍ പ്രസവിക്കാനുള്ള പെട്ടി വച്ചുകൊടുക്കണം. തക്കാളിപ്പെട്ടി, മറ്റ്‌ മരപ്പെട്ടി എന്നിവ വച്ചുകൊടുക്കാം. ഈ പെട്ടിക്ക്‌ 50 സെ.മീ. നീളവും 30 സെ.മീ. വീതിയും 15 സെ.മീ. ഉയരവും ഉണ്ടായിരിക്കണം. പെട്ടിയുടെ മേല്‍ഭാഗം തുറന്നിരിക്കണം. അടിഭാഗം ചെറിയ സുഷിരങ്ങളുള്ള വലയായാല്‍ നല്ലത്‌. ഇതിനകത്ത്‌ ഉണങ്ങിയ പുല്ലോ വൈക്കോലോ ചിന്തേരുപൊടിയോ ചകിരിയോ ഇട്ടുകൊടുക്കണം. ഇതിനുപുറമേ മുയല്‍തന്നെ രോമം പറിച്ച്‌ പെട്ടിക്കകത്ത്‌ വയ്‌ക്കും.
രാത്രികാലങ്ങളിലാണ്‌ പ്രസവം നടക്കുന്നത്‌. മിക്കവാറും പ്രസവത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല. പ്രസവലക്ഷണം തുടങ്ങിയാല്‍ അരമണിക്കൂറിനകം പ്രസവവും നടക്കും. പ്രസവസമയത്ത്‌ പേടിക്കുകയാണെങ്കില്‍ തള്ളമുയല്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്യാറുണ്ട്‌. പ്രസവിച്ചയുടനെ തള്ളമുയല്‍ കുഞ്ഞുങ്ങളെ നക്കിത്തുടയ്‌ക്കുകയും മുലയൂട്ടുകയും ചെയ്യും. കുഞ്ഞുങ്ങള്‍ക്ക്‌ 30 മുതല്‍ 80 ഗ്രാം വരെ തൂക്കമുണ്ടാകും. കണ്ണുതുറക്കാത്ത ഇവയുടെ ശരീരത്തില്‍ രോമങ്ങളും കാണുകയില്ല. ഒരു പ്രസവത്തില്‍ 2 മുതല്‍ 12 കുഞ്ഞുങ്ങള്‍വരെ ഉണ്ടാകാം. എന്നാല്‍ 8 കുഞ്ഞുങ്ങള്‍ മാത്രമേ ജീവിക്കാന്‍ സാധ്യതയുള്ളൂ. കാരണം മുയലിന്‌ 8 മുലക്കാമ്പ്‌ മാത്രമേയുള്ളൂ. അതുകൊണ്ട്‌ ഏറ്റവും നല്ല 8 കുഞ്ഞുങ്ങളെ ബാക്കിനിര്‍ത്തി കൂട്ടില്‍ കുറഞ്ഞ കുഞ്ഞുങ്ങളുള്ള മുയലിനെക്കൊണ്ട്‌ മുലയൂട്ടണം.
ഇങ്ങനെ മുലയൂട്ടുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. കുഞ്ഞുങ്ങള്‍ക്ക്‌ ഒരാഴ്‌ച പ്രായമാകുന്നതിനുമുമ്പേതന്നെ മുലയൂട്ടാന്‍ തുടങ്ങണം. പ്രായം കൂടിയാല്‍ തള്ളമുയല്‍ അനുവദിക്കുകയില്ല.
2. ഒരേ കാലയളവില്‍ പ്രസവിച്ച മുയലുകളെ മാത്രമേ ഇതിനായി ഉപയോഗിക്കാന്‍ പാടുള്ളൂ. മൂന്നുദിവസങ്ങളില്‍ കൂടുതല്‍ വ്യത്യാസമുണ്ടാകാന്‍ പാടില്ല.
3. മുലയൂട്ടേണ്ട കുഞ്ഞുങ്ങളെ തള്ളയില്ലാത്ത സമയത്തുവേണം കൂട്ടിലേക്കു മാറ്റാന്‍. അതിനുശേഷം കൂട്ടിലുള്ള വസ്‌തുക്കള്‍കൊണ്ട്‌ മുയല്‍ക്കുഞ്ഞങ്ങളുടെ ദേഹത്ത്‌ തേക്കണം. ആ കൂട്ടിനുള്ളിലെ മണം കുഞ്ഞുങ്ങള്‍ക്കും ലഭിക്കാന്‍ വേണ്ടിയാണിങ്ങനെ ചെയ്യുന്നത്‌. 3-4 മണിക്കൂര്‍ കഴിഞ്ഞശേഷമേ തള്ളമുയലിനെ കൂട്ടിലേക്കു കൊണ്ടുവരാന്‍ പാടുള്ളൂ. കഴിവതും ഇത്‌ രാത്രി ചെയ്യുന്നതാണ്‌ നല്ലത്‌. എന്നിട്ടും തള്ളമുയല്‍ പുതിയ കുഞ്ഞുങ്ങളെ തിരസ്‌കരിക്കുകയാണെങ്കില്‍ ഇത്തരം കുഞ്ഞുങ്ങളെ കൊല്ലുന്നതാണ്‌ അഭികാമ്യം.
തള്ളമുയലുകള്‍ സാധാരണയായി അവയുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കാറുണ്ട്‌. തള്ളമുയലിന്റെ തീറ്റയില്‍ മാംസ്യത്തിന്റെ കുറവ്‌, പേടി, ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം, ദുഃശീലം എന്നിവയാണ്‌ ഇതിനു കാരണം. തള്ളമുയലുകള്‍ കുഞ്ഞുങ്ങളെ കൊന്നുതിന്നുന്ന ഈ പ്രതിഭാസത്തെ കാനിബാലിസം എന്നു പറയുന്നു. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ പ്രസവിച്ച്‌ 4-5 ദിവസത്തിനകം ദിവസത്തിനകം വീണ്ടും ഇണചേര്‍ക്കാം. ഇതൊരു ദുഃശീലമായതിനാല്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഇതാവര്‍ത്തിച്ചാല്‍ ഈ തള്ള മുയലിനെ വളര്‍ത്താതിരിക്കുന്നതാണു നല്ലത്‌.
മുയല്‍ പ്രസവിക്കുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ക്ക്‌ ജീവനുണ്ടായിരിക്കുകയില്ല. ഇത്തരം കുഞ്ഞുങ്ങളെ ഉടനെ കൂട്ടില്‍നിന്ന്‌ മാറ്റണം. മുയല്‍ക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യത്തെ 10-12 ദിവസത്തെ ഭക്ഷണം തള്ളയുടെ പാലാണ്‌. തള്ളമുയലിന്‌ ആവശ്യത്തിനു പാലുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ വയര്‍ നിറച്ച്‌ കുടിച്ച്‌ കിടന്നുറങ്ങും. ആവശ്യത്തിന്‌ പാല്‍ ലഭിക്കുന്നില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും അവയുടെ തൊലി ചുളിഞ്ഞിരിക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തള്ളമുയലുകളെ മലര്‍ത്തിക്കിടത്തി മുലക്കാമ്പുകള്‍ക്കരികെ മുയല്‍ക്കുഞ്ഞുങ്ങളുടെ വായ്‌ വച്ചു പാലുകുടിപ്പിക്കാന്‍ ശ്രമിക്കാം.
10-12 ദിവസങ്ങള്‍ക്കകം കുഞ്ഞുങ്ങളുടെ കണ്ണുതുറക്കുകയും ശരീരത്തില്‍ രോമം കിളിര്‍ക്കാന്‍ തുടങ്ങുകയും ചെയ്യും. മൂന്നാഴ്‌ച കഴിയുമ്പോള്‍ മുയല്‍ക്കുഞ്ഞുങ്ങള്‍ നെസ്റ്റ്‌ബോക്‌സിനു പുറത്തേക്കു വരാന്‍ തുടങ്ങും. ഈ സമയത്ത്‌ ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയും തിരിച്ചറിയാം. കുഞ്ഞിന്റെ ഗുദദ്വാരത്തിനു താഴെ പതുക്കെ വിരല്‍കൊണ്ടമര്‍ത്തിയാല്‍ പെണ്‍മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ ചെറിയ കീറല്‍പോലുള്ള ദ്വാരവും ആണ്‍മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ പുറത്തേക്കുവരുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ലിംഗാഗ്രവും കാണാം.
2-3 ആഴ്‌ച പ്രായമാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കുറേശ്ശയായി പച്ചിലകളും ഖരാഹാരവും തിന്നാന്‍ തുടങ്ങും. പ്രസവിച്ച അന്നുതന്നെ ഒരു ലിറ്ററിലെ കുഞ്ഞുങ്ങളുടെ തൂക്കമെടുക്കണം. നല്ല തള്ളമുയലുകളെ തിരിച്ചറിയാനും പരിപാലനത്തിലെ പ്രശ്‌നങ്ങള്‍, തീറ്റയുടെ ഗുണമേന്മ എന്നിവ മനസ്സിലാക്കാനും ഇതുവഴി സാധിക്കും. ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന മുയലുകളില്‍ ആണ്‍മുയലുകളെ കോളനിക്കൂട്ടില്‍ വളര്‍ത്തിയാല്‍ അവ പരസ്‌പരം ആക്രമിക്കും. ഇത്തരം മുയലുകളെ തിരഞ്ഞ്‌ പ്രത്യേകം കൂടുകളിലാക്കണം. പ്രജനനത്തിനല്ലാതെ ദീര്‍ഘകാലം വളര്‍ത്തുന്ന ആണ്‍മുയലുകളെ വന്ധ്യംകരണം നടത്താവുന്നതാണ്‌. രോമത്തിനും അലങ്കാരത്തിനും വേണ്ടി വളര്‍ത്തുന്ന മുയലുകളിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.
 

കുഞ്ഞുങ്ങള്‍ക്ക്‌ മരുന്നു നല്‍കുന്ന വിധം


1. വായിലൂടെ നല്‍കുന്നത്‌- ദ്രാവകരൂപത്തിലോ പൊടിരൂപത്തിലോ ഉള്ള മരുന്നുകള്‍ ഭക്ഷണത്തിലോ, വെള്ളത്തിലോ കലര്‍ത്തി കൊടുക്കുന്നതാണ്‌. എങ്ങനെയായാലും കൊടുക്കേണ്ട മരുന്ന്‌ കുറച്ചുമാത്രം വെള്ളത്തിലോ തീറ്റയിലോ കലര്‍ത്തിക്കൊടുക്കുന്നതാണുചിതം.
2. ഇന്‍ജക്‌ഷനുകള്‍- പേശികളില്‍ കുത്തിവയ്‌ക്കുന്ന മരുന്നുകള്‍ തുടയുടെ പിന്‍ഭാഗത്ത്‌ നല്‍കാവുന്നതാണ്‌. തൊലിക്കടിയില്‍ നല്‍കേണ്ട ഇന്‍ജക്‌ഷനുകള്‍ അയഞ്ഞുകിട്‌കകുന്ന തൊലിക്കടിയിലെവിടെയെങ്കിലും നല്‍കാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍