പത്തു പന്ത്രണ്ട് വര്‍ഷം മുമ്പ് എന്തായിരുന്നു വനിലയുടെ അവസ്ഥ. കേരളത്തിലെ രാജകീയ വിളയായിരുന്നല്ലോ. ഒരു കിലോ പച്ചബീന്‍സ് മൂവായിരത്തോളം രൂപയ്ക്കു വരെ വിറ്റ കര്‍ഷകരുണ്ട്. ഒരു മീറ്റര്‍ വള്ളിക്ക് നൂറുരൂപയ്ക്കു മുകളിലായിരുന്നു അക്കാലത്ത് വില. വീണ്ടും വനിലയ്ക്ക് നല്ല കാലം ഉദിക്കുന്നതിന്‍റെ സൂചനകള്‍ വിപണിയില്‍ നിന്നു ലഭിക്കുന്നു.
തുടക്കത്തില്‍ തന്നെ ഒരു കാര്യം മനസ്സിലാക്കാനുണ്ട്. ഒരിക്കലും പഴയ വിലനിലവാരത്തിലേക്ക് വനില പോകാന്‍ അനുവദിക്കരുത്. വരുമാനം മുകളിലേക്ക് കയറുന്നതിനനുസരിച്ച് താഴേക്കു വീഴാനിടയായാലുള്ള ആഘാതവും കൂടുമല്ലോ. ഒരു കിലോ പച്ചബീന്‍സിന് അഞ്ഞൂറുരൂപ കിട്ടുന്നെങ്കില്‍ അതിനെ നല്ല വിലയായി കാണുന്നതിനാകണം. വനിലയുടെ കൃഷിയിലേക്ക് തിരിയുന്നതിനു മുമ്പ് ആദ്യമായി മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യമാണിത്. വരും വര്‍ഷങ്ങളില്‍ സ്വാഭാവിക വനിലയ്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു വരുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നു കിട്ടുന്നത്.
വനില എന്നത് ഉഷ്ണമേഖലാരാജ്യങ്ങളില്‍ വളരുന്ന സുഗന്ധവിളകളിലൊന്നാണ്. ഐസ്ക്രീമുകളിലും മറ്റും ഉപയോഗിക്കുന്ന വനില എസ്സന്‍സ് ലഭിക്കുന്നതിനു വേണ്ടിയാണ് ഈ സുഗന്ധവിള കൃഷി ചെയ്യുന്നത്. ഇതില്‍ രണ്ടുശതമാനം സ്വാഭാവിക വനിലിന്‍ എന്ന സത്ത് അടങ്ങിയിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇത്രയും ചെറിയ അളവു വനിലിന്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഈ സസ്യം കൃഷി ചെയ്തു വളര്‍ത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഏറ്റവും മുന്തിയ ഇനം ഐസ്ക്രീമുകളിലും മറ്റും ചേര്‍ക്കുന്നതിനാണ് ഈ ഉല്‍പ്പന്നം ഉപയോഗിക്കപ്പെടുന്നത്. സാധാരണയിനം ഐസ്ക്രീമുകളിലും കേക്കുകളിലും മറ്റു ബേക്കറി ഉല്‍പ്പന്നങ്ങളിലും ചേര്‍ക്കുന്നത് കൃത്രിമമായി തയ്യാറാക്കുന്ന വനില എസന്‍സാണ്. ഇതിനു പകരമായി ആരോഗ്യപരമായ സുരക്ഷയെ കണക്കിലെടുക്കുന്നവരും വലിയ വിലകൊടുക്കാന്‍ തക്ക ധനസ്ഥിതിയുള്ളവരുമായ ഉപഭോക്താക്കളാണ് പ്രകൃതിദത്ത വനിലിന്‍റെ പിന്നാലെ പോകുന്നത്.
വനിലയുമായി ബന്ധപ്പെട്ട് കേരളത്തിന് അനുകൂലമായ ഘടകങ്ങള്‍ നിരവധിയുണ്ട്. ഒന്നാമതായി കേരളത്തിന് ഈ കൃഷി പുതിയതല്ല. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പാണെങ്കിലും നമ്മുടെ സംസ്ഥാനത്ത് വനില നല്ല തോതില്‍ ഏതു ഭാഗത്തും കൃഷി ചെയ്തിരുന്നതാണ്. ഇതിന്‍റെ കൃഷിമുറകള്‍ അതുകൊണ്ടു തന്നെ പരിചിതവുമാണ്. ഏറ്റവും മികച്ച രീതിയില്‍ കൃഷി ചെയ്യേണ്ടതെങ്ങനെയെന്നു പറഞ്ഞുകൊടുക്കാന്‍ തക്ക പരിചയം സിദ്ധിച്ച കര്‍ഷകരും നിരവധിയാണ്. വിപണനത്തിനും ഏറക്കുറേ നല്ല ക്രമീകരണങ്ങള്‍ ഒരു കാലത്തുണ്ടായിരുന്നതാണ്. വീണ്ടും അവയൊക്കെ പൊടിതട്ടിയെടുത്താല്‍ വനിലക്കൃഷിക്ക് കേരളത്തിന്‍ ഇനിയും വേരോട്ടമുണ്ടാക്കാന്‍ സാധിക്കും. മാനം മുട്ടുന്ന വില ഒരിക്കലും പ്രതീക്ഷിക്കരുതെന്നു മാത്രം.
വന്‍തോട്ടങ്ങളില്‍ വളര്‍ത്തുന്നതിനെക്കാള്‍ മികച്ചതോതില്‍ വളര്‍ത്താനും ആദായമെടുക്കാനും സാധിക്കുന്നത് വീട്ടുവളപ്പുകളിലും ചെറിയ പുരയിടങ്ങളിലുമാണ്. കാരണം ഇതിന് നിത്യശ്രദ്ധയും നനയും പരിചരണവും ആവശ്യമാണ്. പരിചരണത്തില്‍ ഏറ്റവും പ്രധാനം ഇതിന്‍റെ പരാഗണപ്രക്രിയയില്‍ സഹായിക്കുക എന്നതാണ്. ഒരേ പൂവില്‍ തന്നെ ആണ്‍ഭാഗവും പെണ്‍ഭാഗവും അടങ്ങിയിരിക്കുന്നതിനാലും ഇവയെ രണ്ടിനെയും വേര്‍തിരിച്ച് ചെറിയ ഇതള്‍ പോലെയൊരു ഭാഗമുള്ളതിനാലും വനില സസ്യത്തിന് സ്വയം പരാഗണം നടത്തുന്നതിനു സാധിക്കുകയില്ല. ഓരോ പൂവ് വീതം കൈകൊണ്ട് പരാഗണം നടത്തിക്കൊടുക്കണം. ഇതുകൊണ്ടു തന്നെ ആയിരം ചുവടില്‍ താഴെയുള്ള കൃഷിയാണ് ആര്‍ക്കും സ്വന്തം നിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നത്.
രോഗത്തിന്‍റെ സാന്നിധ്യം ഏറ്റവും കുറയ്ക്കാന്‍ സാധിക്കുന്നതും കുറഞ്ഞതോതിലുള്ള കൃഷിയിലാണ്. ഫ്യൂസേറിയം വാട്ടം എന്നതാണ് വനിലയെ ബാധിക്കുന്ന പ്രധാന രോഗം. ഇതൊരു കുമിള്‍ രോഗമാണെങ്കിലും പടരുന്നത് വളരെ വേഗത്തിലായിരിക്കും. അതിനാല്‍ രോഗം വന്നാല്‍ സസ്യത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുമെന്നു വിചാരിക്കേണ്ട. രോഗം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ആറിഞ്ചിനുമേല്‍ നീളമുള്ള ബീന്‍സുകളെയാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. വളവുകളില്ലാതെ നേരേ വളരുന്നതുമായിരിക്കണം മികച്ച ബീന്‍സ്. തള്ളവിരല്‍ വണ്ണമാണ് മികച്ചതിനുണ്ടായിരിക്കേണ്ടത്. ഇത്തരം ഇരുപത്തഞ്ച്-മുപ്പത് ബീന്‍സ് ഒരു കിലോയുണ്ടാകും. ഒരു ചെടിയില്‍ പത്തു വരെ പൂക്കുലകളുണ്ടായിരിക്കുന്നത് സാധാരണയാണ്. ഓരോ കുലയിലും കൃത്രിമപരാഗണത്തിലൂടെ പത്തു ബീന്‍സെങ്കിലും ഉല്‍പാദിപ്പിക്കുന്നതിനു സാധിക്കുന്നതേയുള്ളൂ. അതായത് ഈ കണക്കനുസരിച്ച് ഒരു ചെടിയില്‍ നിന്നും നാലു കിലോയ്ക്കുമേല്‍ ബീന്‍സ് ലഭിക്കും. കിലോയ്ക്ക് അഞ്ഞൂറുരൂപയെന്നു കണക്കാക്കിയാലും ഒരു ചെടിയില്‍ നിന്ന് രണ്ടായിരം രൂപ ആദായം കിട്ടുന്നു. ഇതു തന്നെയാണ് വനിലയെ പ്രിയപ്പെട്ട വിളയാക്കുന്നതും. ഗൃഹനാഥനും ഗൃഹനാഥയ്ക്കും കുട്ടികള്‍ക്കുമെല്ലാം പരാഗണം നടത്താം. അതിനായി പ്രത്യേകം പണിക്കാരെ തേടേണ്ട കാര്യവുമില്ല.
പോളിഹൗസുകളില്‍ വളര്‍ത്തുന്നതിനും വനില മികച്ചതു തന്നെ. കാരണം കുത്തനെയുള്ള ഉയരം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന വിളകളാണല്ലോ പോളിഹൗസിനുളളില്‍ മികച്ച ആദായം തരുന്നത്. ആ സ്ഥിതിയില്‍ വനില അതിനും യോജിക്കുന്ന വിള തന്നെ. പരാഗണം നടത്താന്‍ സൗകര്യപ്രദമായ ഉയരത്തില്‍ വലിച്ചു കെട്ടുന്ന വള്ളികളില്‍ കോര്‍ത്ത് ഇവ വളച്ചുകെട്ടി വളര്‍ത്തുന്നതിനാവും.