കവര്‍സ്റ്റോറി : നനവെത്തിക്കുന്ന കുപ്പിയും ചട്ടിയും

വേനല്‍ക്കാലം തുടരുമ്പോള്‍ വെള്ളക്ഷാമം രൂക്ഷമാകുന്നുവോ. അടുക്കളത്തോട്ടത്തില്‍ നനയ്ക്കുന്നതിനു വെള്ളത്തിന്‍റെ ക്ഷാമം നേരിടുന്നവര്‍ക്ക് തുള്ളിയെണ്ണി നനയ്ക്കാന്‍ ഏതാനും ഉപായങ്ങള്‍ ഇതാ. ഒരു തുള്ളിപോലും പാഴാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനമെച്ചം. ചെടികള്‍ക്കൊന്നിനും ജലമല്ല, ഈര്‍പ്പമാണ് വേണ്ടതെന്ന വസ്തുതയാണ് ഇത്തരം നാടന്‍ സാങ്കേതിക വിദ്യകള്‍ക്കു പിന്നിലുള്ളത്. 
ഇവയൊന്നും വിശേഷാല്‍ ആരും കണ്ടുപിടിച്ചതല്ല, പലരുടെയും പ്രായോഗിക ചിന്തയില്‍ ഉരുത്തിരിഞ്ഞവയാണ്. അതിനാല്‍ തന്നെ ആര്‍ക്കും ഇവയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുമുള്ള സ്വാതന്ത്ര്യമുണ്ട്. 


ഡ്രിപ്പ് ഡ്രോപ്പ് ഇറിഗേഷന്‍


ആശുപത്രികളില്‍ ഞരമ്പുകളിലേക്ക് മരുന്നു കയറ്റുന്നതിനുള്ള ഡ്രിപ്പുകള്‍ കണ്ടിട്ടില്ലേ. ഓരോ തുള്ളിയെന്ന നിലയില്‍ ഞരമ്പിലേക്ക് മരുന്നുകളോ സലൈന്‍ ലായനിയോ കയറിപ്പോകുകയാണ്. ഇതിന്‍റെ സാങ്കേതിക വിദ്യമാത്രമല്ല, ഉപകരണങ്ങള്‍ കൂടി അങ്ങനെ തന്നെ ചെടികള്‍ക്കു നനയ്ക്കാനായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. 


ആശുപത്രികളെക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിവരുന്ന ചിത്രമാണ് ഐവി സ്റ്റാന്‍ഡുകളുടേത്. ഞരമ്പുകളിലേക്ക് കയറ്റുന്നതിനുള്ള ഐവി ദ്രാവകമടങ്ങിയ കുപ്പികള്‍ തലകീഴായി സ്റ്റാന്‍ഡില്‍ തൂക്കിയിടുന്നു. ഇതിന്‍റെ അടപ്പുഭാഗത്തേക്ക് ഒരു പ്ലാസ്റ്റിക് സൂചി കുത്തിക്കയറ്റിയിരിക്കും. സൂചിയുടെ മറ്റേയറ്റത്ത് നീണ്ടൊരു കുഴലാണ്. അതില്‍ ഒരു റോളര്‍ ഉറപ്പിച്ചിരിക്കുന്ന ചതുരക്കട്ടപോലെയുള്ള ഭാഗമുണ്ട്. ഈ റോളര്‍ നീക്കുന്നതനുസരിച്ചാണ് പുറത്തേക്കു വരുന്ന തുള്ളികളുടെ വേഗത നിയന്ത്രിക്കപ്പെടുന്നത്. റോളര്‍ ഏറ്റവും അയഞ്ഞ സ്ഥാനത്ത് വച്ചിരുന്നാല്‍ തുള്ളികള്‍ തോരാതെ വീണുകൊണ്ടിരിക്കും. ഏറ്റവും മുറുകിയ സ്ഥാനത്ത് വച്ചിരുന്നാല്‍ ഒരു തുള്ളിപോലും പുറത്തേക്കു വരുകയുമില്ല. ആശുപത്രികളില്‍ കുഴലിന്‍റെ അങ്ങേയറ്റത്ത് മനുഷ്യശരീരത്തിലേക്ക് കയറ്റുന്നതിനുള്ള സൂചിയാണ് ഉറപ്പിച്ചിരിക്കുന്നതെങ്കില്‍ നനയ്ക്കുന്നതിന് ഉപയോഗിക്കുമ്പോള്‍ ഇത്തരം സൂചിയുടെ ആവശ്യമില്ല, കുഴലിന്‍റെ അഗ്രം തുറന്നുതന്നെയിരുന്നാല്‍ മതി. 


നിരയായി നട്ടിരിക്കുന്ന പച്ചക്കറികളുടെയും മറ്റും മുകളിലൂടെ ബലമായി ഒരു ജിഐ വള്ളി (ബലമുള്ള മറ്റേതെങ്കിലും വള്ളിയായാലും മതി) വലിച്ചു കെട്ടുക. അതിലേക്കാണ് കുപ്പികള്‍ ഐവി സ്റ്റാന്‍ഡിലെന്നതു പോലെ തലകീഴായി തൂക്കിയിടേണ്ടത്. ഉപയോഗിച്ചു തീര്‍ന്ന മിനറല്‍ വാട്ടര്‍ കുപ്പികള്‍, സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ തൂക്കിയിടാനെടുക്കാം. അതിനു മുമ്പ് അവയുടെ ചുവടുഭാഗം വൃത്താകൃതിയില്‍ മുറിച്ചു മാറ്റുക. വെള്ളം നിറയ്ക്കുന്നത് എളുപ്പമാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ മുറിവായയുടെ ഇരുവശത്തുമായി ഏതെങ്കിലും രീതിയില്‍ കൊളുത്തുറപ്പിച്ച് അതാണ് തൂക്കിയിടുന്നതിനുപയോഗിക്കേണ്ടത്. അടപ്പില്‍ ഐവി കുഴലിന്‍റെ ഒരഗ്രത്തിലെ പ്ലാസ്റ്റിക് സൂചി കയറ്റി വയ്ക്കുക. 


കുപ്പികള്‍ തൂക്കിയിട്ടതിനു ശേഷം അതിലേക്ക് തുറന്ന ചുവടുഭാഗത്തിലൂടെ വെള്ളം നിറയ്ക്കുക. അതിനു ശേഷം റോളര്‍ പാതി അയഞ്ഞ നിലയില്‍ വയ്ക്കുക. കുപ്പിക്കുള്ളിലെ വെള്ളം മിതമായ വേഗത്തില്‍ ചുവട്ടിലേക്ക് വീണുകൊള്ളും. റോളറിന്‍റെ സ്ഥാനമനുസരിച്ച് ഏതാനും മണിക്കൂറുകള്‍ വരെയെടുക്കും വെള്ളം വീണുതീരുന്നതിന്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുപ്പികള്‍ വെള്ളമൊഴിച്ചു നിറച്ചു വയ്ക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണ്. ഒരു നേരമെങ്കിലും വെള്ളം നിറയ്ക്കാന്‍ മറക്കരുത്. ചെടിയുടെ ചുവട്ടില്‍ സദാ ഈര്‍പ്പം നിലനില്‍ക്കുമെന്നതാണ് ഇതിന്‍റെ മെച്ചം. 


ചട്ടി നന


ചെടിയുടെ ചുവട്ടില്‍ തന്നെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് ചട്ടിനന. ഏറ്റവും വിലകുറഞ്ഞയിനം മണ്‍ചട്ടിയുപയോഗിച്ചുള്ള നനയാണിത്. ഡ്രിപ്പ് ഡ്രോപ്പ് നന പൊതുവേ അടുക്കളത്തോട്ടത്തില്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുന്നതെങ്കില്‍ ചട്ടിനന ഏതു ചെടിക്കും നല്‍കാവുന്നതാണ്. ചട്ടിയുടെ വലുപ്പം കൂട്ടിയാല്‍ മാവ്, സപ്പോട്ട, മുരിങ്ങ തുടങ്ങി വീട്ടുവളപ്പിലെ വൃക്ഷവിളകള്‍ വരെ ഇതേ രീതിയില്‍ നനയ്ക്കാന്‍ സാധിക്കും. 


വിലകുറഞ്ഞൊരു മണ്‍ചട്ടി വാങ്ങിയതിനുശേഷം അതിന്‍റെ ചുവടുഭാഗം രണ്ടോ മൂന്നോയിടത്ത് പെന്‍സില്‍ വണ്ണത്തില്‍ ദ്വാരങ്ങളിടുക. ആണിയുടെ മുനയുള്ള ഭാഗം കൊണ്ടു കുറച്ചുസമയം ഉരസിയാല്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്നതിനു സാധിക്കും. വിളക്കു തിരിയുണ്ടാക്കുന്നതുപോലെ തുണി തിരിച്ചോ അല്ലെങ്കില്‍ വിളക്കുതിരിയുപയോഗിച്ചോ ഈ സുഷിരങ്ങള്‍ അടച്ചു വയ്ക്കുക. സുഷിരത്തിലൂടെ തിരി കടത്തിവയ്ക്കുകയാണ് വേണ്ടത്. അതിനു ശേഷം കലങ്ങള്‍ ചെടിയുടെ ചുവട്ടിലായി മണ്ണില്‍ വക്കുവരെ താഴ്ത്തി കുഴിച്ചിടുക. ഈ കലങ്ങളില്‍ വെള്ളം നിറച്ചു വച്ചാല്‍ ഈര്‍പ്പം സാവധാനം ചെടികളുടെ ചുവട്ടിലേക്ക് എത്തിക്കൊളളും. 


ഇതിനു മറ്റൊരു മെച്ചമുള്ളത് മഴക്കാലത്തും മണ്ണില്‍ത്തന്നെ സൂക്ഷിക്കാമെന്നതാണ്. മണ്ണുവീണ് മൂടിപ്പോകാതെ നോക്കിയാല്‍ മാത്രം മതി. ഓരോ മഴയ്ക്കും ഇതില്‍ വെള്ളം നിറയുമെങ്കിലും മഴ തോരമ്പോള്‍ അത് മണ്ണിലേക്കു പടര്‍ന്നുകൊള്ളും. അതിനാല്‍ കൊതുകുവളരുമെന്ന ഭയവും വേണ്ട. പിന്നീട് വേനല്‍ വരുമ്പോള്‍ വീണ്ടും വെള്ളം നിറച്ചു വയ്ക്കുകയും ചെയ്യാം. ഇതു വഴി ചെടികള്‍ക്ക് കിട്ടുന്ന പ്രയോജനമറിയണമെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷം ചട്ടി മണ്ണില്‍ നിന്ന് ഉയര്‍ത്തിനോക്കിയാല്‍ മതി. അതിനു ചുറ്റിലുമായി ചെടികളുടെ വേര് കട്ടകെട്ടി നില്‍ക്കുന്നതു കാണാന്‍ സാധിക്കും. 


ബോട്ടില്‍ സ്പ്രിംഗ്ളര്‍


നഴ്സറിത്തടങ്ങളിലും പുല്‍ത്തകിടികളിലുമൊക്കെ നനയ്ക്കാന്‍ തയ്യാറാക്കാവുന്ന ലളിതമായ മാര്‍ഗമമാണിത്. ഉപയോഗിച്ച മിനറല്‍ വാട്ടര്‍ കുപ്പികള്‍ തന്നെയാണ് ഇതിനും നല്ലത്. ഇവയുടെ വാവട്ടം അരയിഞ്ച് പിവിസി പൈപ്പിനു സമമാണ്. 


കുപ്പിയുടെ ഒരു വശത്തിന്‍റെ ഇരുവശത്തുമായി നിരയൊപ്പിച്ച് ഏതാനും സുഷിരങ്ങളെടുക്കുക. അതിനു ശേഷം റെഡ്യൂസിങ് അഡാപ്റ്ററോ കപ്ലിങ്ങോ ഉപയോഗിച്ച് ഇതിലേക്ക് മുക്കാലിഞ്ചിന്‍റെയോ ഒരിഞ്ചിന്‍റെയോ ഹോസ് ഉറപ്പിക്കുക. അതിനുശേഷം ഹോസിന്‍റെ മറ്റേയറ്റം ഒരു വാട്ടര്‍ടാപ്പില്‍ ഘടിപ്പിക്കുക. ടാപ്പ് തുറക്കുമ്പോള്‍ കുപ്പിയിലെ സുഷിരങ്ങളില്‍നിന്നു വെള്ളം ചീറ്റിത്തെറിച്ചുകൊള്ളും. പലയിടത്തായി മാറ്റിമാറ്റി കുപ്പിവയ്ക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലായിടവും നനയുകയും ചെയ്യും. 


ബോട്ടില്‍ ഇറിഗേഷന്‍


മിനറല്‍ വാട്ടറിന്‍റെ കുപ്പിയുപയോഗിച്ച് ലളിതമായ മറ്റൊരു രീതിയിലും നനയെത്തിക്കാം. കുപ്പിയുടെ ചുവട്ടിലായി സൂചിയുപയോഗിച്ച് ഏതാനും ദ്വാരങ്ങളിടുക. അതിനു ശേഷം കുപ്പിയില്‍ വെള്ളം നിറച്ച് അടപ്പ് അയഞ്ഞ രീതിയില്‍ അടച്ച് ചെടിയുടെ ചുവട്ടിലായി വയ്ക്കുക. കുപ്പി നേരേ വയ്ക്കുകയോ കുത്തി നാട്ടി വയ്ക്കുകയോ ചെയ്യാം. വെള്ളം സാവധാനം ചെടിയുടെ ചുവട്ടിലേക്ക് വീണുകൊള്ളും. ചുവട്ടില്‍ സുഷിരങ്ങളിടാനും അടപ്പ് അയഞ്ഞ രീതിയില്‍ അടയ്ക്കാനും മറക്കരുതെന്നു മാത്രം. 

 
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍