നായ :നായ്‌ക്കുട്ടിയെ തിരഞ്ഞെടുക്കല്‍


ഇന്നു കേരളത്തില്‍ നായ വില്‍പ്പനക്കാരുടെ എണ്ണം വളരെക്കൂടുതലാണ്‌. അതുകൊണ്ടുതന്നെ എല്ലാ കള്ളത്തരങ്ങളും ഈ രംഗത്തുമുണ്ട്‌. നായയെ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ വംശശുദ്ധിക്കോ സ്വഭാവഗുണങ്ങള്‍ക്കോ യാതൊരു വിധ പ്രാധാന്യവും ആരും കല്‍പ്പിക്കുന്നില്ല. അലട്ടുന്നതു വിലയിലെ നേരിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ്‌. ഏതാണ്ട്‌ രണ്ടുമൂന്നു മാസംവരെ എല്ലാ നായ്‌ക്കുട്ടികളും നിഷ്‌കളങ്ക മുഖത്തോടെ നല്ല ചുണക്കുട്ടികള്‍ തന്നെയായിരിക്കും. എന്നാല്‍ വളര്‍ന്നുവരുംതോറും വംശസ്വഭാവവ്യത്യാസങ്ങള്‍ നായയില്‍ പ്രകടമാകും. വിലകള്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകള്‍ മാറ്റിവച്ച്‌ ഒരു നായക്കുട്ടിയെ എങ്ങനെ തിരഞ്ഞെടുക്കാമെന്നു നോക്കാം.
1. വേണ്ടതു വീടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയ ചെറിയ ഇനമാണോ? ഇത്തരം വലുപ്പമുള്ള ഇനമാണോ? അതോ ഏതെങ്കിലും ഒരു വലിയ ജനുസ്സാണോ?
2. വളര്‍ത്താനുദ്ദേശിക്കുന്ന നായ വീടിന്‌ എത്രമാത്രം അനുയോജ്യമാണ്‌?
3. രോമാവൃതമായ ശരീരമുള്ളവയാണോ അതോ രോമം കുറവുള്ള ഇനമാണോ വേണ്ടത്‌?
4. മുതിര്‍ന്ന നായയെ വളര്‍ത്തുന്നതാണോ അതോ നായക്കുട്ടിയെ വളര്‍ത്തുന്നതാണോ ഏറെ സൗകര്യപ്രദം?
5. വേണ്ടത്‌ ആണ്‍നായ്‌ക്കുട്ടിയെയോ അതോ പെണ്‍നായ്‌ക്കുട്ടിയെയോ?
6. നായയെ സ്വന്തമായി വാങ്ങി വളര്‍ത്തി അതിന്റെ ഉടമസ്ഥനാകുന്നതില്‍ അഭിമാനമുണ്ടോ?
7. നായയുടെ സാമീപ്യം കുടുംബത്തിലുള്ള ആര്‍ക്കെങ്കിലും ഏതെങ്കിലും രോഗങ്ങള്‍ ഉണ്ടാക്കാറുണ്ടോ?
8. നായയെ കരുതലോടെയും സ്‌നേഹത്തോടെയും സംരക്ഷിക്കാന്‍ പറ്റുമോ?
9. നായയ്‌ക്ക്‌ എടുക്കേണ്ട പ്രതിരോധ കുത്തിവെയ്‌പുകള്‍ എല്ലാ കൃത്യമായി നടത്തുവാനും നായ്‌ക്കള്‍ രോഗലക്ഷണം കാണിച്ചാല്‍ അവയെ ഡോക്‌ടറുടെ അടുത്ത്‌ എത്തിക്കാനും കഴിയുമോ?
10. ``കെന്നല്‍ ക്ലബ്‌ ഓഫ്‌ ഇന്ത്യ''യുടെ സര്‍ട്ടിഫിക്കറ്റ്‌ ഉള്ള നായയെ വേണോ അതോ ഏതെങ്കിലും ഒരു നായയെ മതിയോ?
11. നായയെ നന്നായി വളര്‍ത്തുന്നതിനുള്ള സമയവും സൗകര്യവും സാമ്പത്തികസ്ഥിതിയും ഉണ്ടോ?
ഏതാണ്ട്‌ ഇത്രയും ചോദ്യങ്ങള്‍ക്ക്‌ തൃപ്‌തികരമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒരു കെന്നലില്‍ നിന്നോ, നല്ല നായവളര്‍ത്തുകാരില്‍നിന്നോ, നന്നായി അറിയാവുന്ന നല്ല നായയെ വളര്‍ത്തുന്ന ഏതെങ്കിലും വീട്ടില്‍നിന്നോ ഒരു നായക്കുട്ടിയെ വാങ്ങാവുന്നതാണ്‌.
ശാന്തമായ അന്തരീക്ഷത്തില്‍വേണം നായ്‌ക്കുട്ടിയെ വീട്ടിലേക്കു കൊണ്ടുവരുവാന്‍. അതും രാവിലെയോ വൈകുന്നേരമോ ആയാല്‍ ഏറ്റവും ഉത്തമം. നായക്കുട്ടിയെ വാങ്ങാന്‍ പോകുമ്പോള്‍ അല്‍പ്പം തുണിയുടെയോ ചാക്കിന്റെയോ ഒരു കഷണം കരുതാന്‍ മറക്കരുത്‌. പട്ടിക്കുഞ്ഞിനെ തള്ളയില്‍നിന്നു മാറ്റി വീട്ടിലേക്കുകൊണ്ടു വരുന്നതു നാല്‍പ്പത്തിയഞ്ചു ദിവസത്തിനും അറുപതു ദിവസത്തിനും ഇടയിലായിരിക്കാം. പുതിയ പരിതസ്ഥിതിയുമായി ഇണങ്ങുന്നതിനു പ്രയാസമായ കുട്ടി തള്ളയുടെ സാമീപ്യത്തിനായി നിര്‍ത്താതെ കുരയ്‌ക്കും. ഇതുമൂലമുണ്ടാകുന്ന അരക്ഷിതാവസ്ഥയും ഭയവും ഒരു നല്ല പരിധിവരെ കുറയ്‌ക്കുന്നതിനു കരുതുന്ന തുണിയോ ചാക്കിന്റെ കഷണമോ ഉപകരിക്കും. നായക്കുട്ടിയെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു ചെല്ലുമ്പോള്‍തന്നെ കൈയ്യില്‍ കരുതിയിരിക്കുന്ന തുണി തള്ളയും കുഞ്ഞും കിടക്കുന്ന സ്ഥലത്തു നിക്ഷേപിക്കുക. കുറച്ചു നിമിഷംകൊണ്ടു തള്ളയുടെയും കുട്ടികളുടെയും ഗന്ധം ഈ തുണിയില്‍ ഉണ്ടാവും. തിരഞ്ഞെടുക്കുന്ന കുഞ്ഞിനോടൊപ്പം ഈ തുണിയും എടുത്തുകൊണ്ടുപോന്നാല്‍ നായ്‌ക്കുട്ടിയുടെ അരക്ഷിതാവസ്ഥ ഒരുപരിധിവരെ കുറയ്‌ക്കാന്‍ സാധിക്കും. അപ്രായോഗികമായ ഒരാശയമാണെന്നു തോന്നാമെങ്കിലും കൊണ്ടുവരുന്ന പട്ടിക്കുട്ടിയുടെ ഭയമകറ്റാനും അവ സുഖമായി ഉറങ്ങാനും ഇതു വളരെയധികം സഹായിക്കും എന്നതാണ്‌ യാഥാര്‍ഥ്യം. മനസ്സിലുണ്ടാകുന്ന ചെറിയ ഭയം പോലും നായക്കുട്ടിയെ ഒരു ഭീരുവാക്കി മാറ്റുമെന്ന്‌ ഓര്‍ക്കുക.
നായക്കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ചു വില്‍പനക്കാരന്‍ അവയുടെ ഇല്ലാത്ത ഗുണങ്ങളും പ്രത്യേക കഴിവുകളും വിവരിച്ച്‌ കുട്ടികളെ വിറ്റുതീര്‍ക്കാന്‍ ശ്രമിക്കും. അത്തരം വാചകക്കസര്‍ത്തുകള്‍ അധികമായി ശ്രദ്ധിക്കരുത്‌. തെരഞ്ഞെടുപ്പു നിങ്ങളുടെതന്നെ കര്‍ത്തവ്യമാകുന്നതാണ്‌ എപ്പോഴും നല്ലത്‌.
ഒരു പ്രസവത്തിലെതന്നെ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരു കാരണവശാലും ഒരുമിച്ച്‌ വാങ്ങരുത്‌. സഹോദരനും സഹോദരിയും, അമ്മയും മകനും, പിതാവും മകളും തമ്മിലുള്ള ലൈംഗികബന്ധം പ്രകൃതിവിരുദ്ധമാണ്‌. ഇത്തരം ബന്ധങ്ങളിലൂടെ ഉണ്ടാകുന്ന കുട്ടികളുടെ സ്വഭാവത്തില്‍ മാതാപിതാക്കളുടെ ഗുണങ്ങളേക്കാള്‍ അധികം ദോഷങ്ങളാണു ഉണ്ടാവുക. ശരിയായ സ്വഭാവവിശേഷങ്ങളും ആകര്‍ഷകമായ ആകാരഭംഗിയും കുട്ടികള്‍ക്കു ഉണ്ടാകാന്‍ വംശശുദ്ധിയുള്ള മറ്റൊരു നായുമായി ഇണചേര്‍ക്കുന്നതായിരിക്കും ഉത്തമം.
ഇന്‍ബ്രീഡിങ്ങിലൂടെ ഉണ്ടാകുന്ന കുട്ടികള്‍ക്ക്‌ ഇന്ത്യന്‍ കെന്നല്‍ ക്ലബിന്റെ അംഗീകാരം കിട്ടുകയില്ലെന്നും ഓര്‍ക്കുക. സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ വളരെയധികം തട്ടിപ്പുകള്‍ ഇടക്കാലത്തു നമ്മുടെ നാട്ടില്‍ അരങ്ങേറി. എന്നാല്‍ ഇപ്പോള്‍ `കെന്നല്‍ ക്ലബ്‌ ഓഫ്‌ ഇന്ത്യ' ചുമതലപ്പെടുത്തിയ അധികാരികള്‍ നേരിട്ടു പരിശോധനകള്‍ നടത്തി കുഞ്ഞുങ്ങളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നതിനാല്‍ തട്ടിപ്പുകള്‍ ഇല്ലെന്നുപറയാം. വംശശുദ്ധി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി വിറ്റാല്‍ പട്ടിക്കുട്ടികള്‍ക്കു നല്ല വില കിട്ടുകയും ചെയ്യും.
സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്ത പട്ടിക്കുട്ടികളും സങ്കരയിനം നായക്കുട്ടികളും മോശമാണെന്നു ധരിച്ച്‌ അവയെ വളര്‍ത്താതിരിക്കേണ്ട കാര്യമില്ല. (സങ്കരയിനം നായ്‌ക്കള്‍ രണ്ടുവിധത്തില്‍ കാണപ്പെടുന്നു.) വംശശുദ്ധി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഉള്ള നായ്‌ക്കളെപ്പോലെതന്നെ മറ്റുള്ള നായ്‌ക്കളും കഴിവിലും പ്രാപ്‌തിയിലും ഉടമസ്ഥനോടുള്ള വിശ്വസ്‌തതയിലുമൊക്കെ മുന്നിട്ടുതന്നെ നില്‍ക്കുന്നു. ജനുസ്സ്‌ ഗുണത്തേക്കാളുപരി, പരിശീലനം കൊണ്ടും പരിചരണം കൊണ്ടുമാണ്‌ ഒരു നായ അഭിമാനിക്കാവുന്ന ഓമനമൃഗമായി വളരുന്നതെന്ന്‌ ഓര്‍ക്കുക. നായ്‌ക്കുട്ടികളെ വില്‍ക്കാനും ശ്വാനപ്രദര്‍ശനത്തില്‍ പങ്കെടുപ്പിക്കാനും മറ്റുമാണ്‌ താല്‍പര്യമെങ്കില്‍, കെന്നല്‍ ക്ലബ്‌ ഓഫ്‌ ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റുള്ള നായ്‌ക്കളെത്തന്നെ വേണം വാങ്ങാനും വളര്‍ത്താനും.
 

ഏതാണ്‌ നല്ല നായ്‌ക്കുട്ടി


നായ്‌ക്കുട്ടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
1. വളരെ ഉല്‍സാഹശീലനായി സന്തോഷത്തോടുകൂടി ഓടിനടക്കുന്ന നായ്‌ക്കുട്ടിയെ തെരഞ്ഞെടുക്കുക.
2. ഭയമുള്ളതും, ഓടിയൊളിക്കാന്‍ ശ്രമിക്കുന്നതുമായ നായ്‌ക്കുട്ടിയെ ഒരു കാരണവശാലും തെരഞ്ഞെടുക്കരുത്‌.
3. കണ്ണില്‍നിന്നോ, മൂക്കില്‍നിന്നോ, ലൈംഗികാവയവങ്ങളില്‍നിന്നോ അഴുക്കും ദ്രാവകങ്ങളും ഒലിച്ചുകൊണ്ടിരിക്കുന്നവ ആയിരിക്കരുത്‌.
4. ചെവിയുടെ ഉള്‍ഭാഗം വൃത്തിയുള്ളതും ചെവിക്കായം ഇല്ലാത്തതും, ഏതെങ്കിലും തരത്തിലുള്ള ദ്രാവകം ഒലിച്ചുകൊണ്ടിരിക്കാത്തതും ആയിരിക്കണം.
5. നാക്കിനും മോണയ്‌ക്കും പിങ്ക്‌ നിറമാണെങ്കില്‍ നായ്‌ക്കുട്ടി ആരോഗ്യമുള്ളതെന്ന്‌ ഉറപ്പിക്കാം.
6. രോമങ്ങള്‍ തിളക്കമുള്ളതും, ശരീരം ഉറച്ചതുമായിരിക്കണം
7. നായക്കുട്ടിയുടെ ശരീരത്തില്‍ എവിടെനിന്നെങ്കിലും രോമം കൊഴിഞ്ഞതോ, വാല്‌ ഒടിഞ്ഞതോ ആയിരിക്കരുത്‌.
8. കണ്ണു തുറന്നു പിടിക്കാന്‍ പ്രയാസമുള്ളതോ, സദാഅടച്ചതോ, തിളക്കമില്ലാത്തതോ ആയ നായക്കുട്ടികളെ യാതൊരു കാരണവശാലും തെരഞ്ഞെടുക്കരുത്‌.
9. വയറു രണ്ടു വശങ്ങളിലേക്കും ചാടിക്കിടക്കുന്നതും, മലദ്വാരത്തിലൂടെ ഏതെങ്കിലും ദ്രാവകം ഒലിച്ചുകൊണ്ടിരിക്കുന്നതുമായ നായക്കുട്ടി ആയിരിക്കരുത്‌.
10. അംഗവൈകല്യം ഉള്ളവയെയും, ജനുസ്സു അനുസരിച്ചുള്ള മാര്‍ക്കിങ്‌ ഇല്ലാത്തവയെയും തെരഞ്ഞെടുക്കരുത്‌.
11. പല്ലു നിരപ്പുള്ളതും തൂവെള്ള നിറമുള്ളതുമായിരിക്കണം.
12. വൃത്തിയില്ലാത്ത പരിതസ്ഥിതിയില്‍ വളരുന്നവ ആയിരിക്കരുത്‌.
13.നായക്കുട്ടിയുടെ മാതാപിതാക്കളെ കണ്ടിട്ടുവേണം കുട്ടിയെ തെരഞ്ഞെടുക്കുവാന്‍.
14. വാക്‌സിനേഷന്‍ ചെയ്യാത്ത കുട്ടികയാണെങ്കില്‍ വാക്‌സിനേഷന്‍ നടത്തിയിട്ടുവേണം വീട്ടില്‍ കൊണ്ടുവരാന്‍
15. സൗകര്യപ്പെടുമെങ്കില്‍ ഒരു വെറ്ററിനറി ഡോക്‌ടറെ കാണിച്ചു പരിശോധന നടത്തിവേണം നായക്കുട്ടിയെ വീട്ടില്‍ കൊണ്ടുവരാന്‍. പിറന്ന്‌ നാല്‍പത്തിയഞ്ചു ദിവസത്തിനും അറുപതു ദിവസത്തിനുമിടയില്‍ വേണം നായ്‌ക്കുട്ടിയെ വാങ്ങുവാന്‍.
16. സൂക്ഷിച്ചില്ലെങ്കില്‍ നിരവധി മണ്ടത്തരങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണു മുതിര്‍ന്ന നായ്‌ക്കളുടെ തെരഞ്ഞെടുക്കല്‍. പ്രായക്കൂടുതല്‍ ഉള്ളവയെയും, രോഗങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കപ്പെട്ടവയെയും വാങ്ങരുത്‌. പ്രജനനത്തകരാറുകള്‍ ഇല്ലെന്നു ബോധ്യമുള്ള നായ്‌ക്കളെത്തന്നെ വാങ്ങണം. മറ്റു ശാരീരികതകരാറുകള്‍ ഇല്ലെന്ന്‌ ഉറപ്പുവരുത്തണം. വാക്‌സിനേഷന്‍ എല്ലാം കൃത്യമായി എടുത്തവയും ആയിരിക്കണം.
17. ഓരോ ജനുസ്സിനും നിര്‍ദ്ദേശിച്ചിട്ടുള്ള ശാരീരിക തൂക്കമുള്ള കുഞ്ഞിനെ വേണം തെരഞ്ഞെടുക്കാന്‍. അതിന്‌ ഒരു വെറ്ററിനറി ഡോക്‌ടറുടെ സഹായം തേടാം. പ്രസവത്തില്‍ കുട്ടികളുടെ എണ്ണം കൂടുതലാണെങ്കില്‍ കുട്ടികള്‍ക്കു സ്വാഭാവികമായുള്ള തൂക്കം കുറയും. കുറച്ചു ദിവസങ്ങള്‍കൊണ്ട്‌ അതു ശരിയാവുകയും ചെയ്യും.
18. വിരയിളക്കാനുള്ള മരുന്ന്‌ എന്നു കൊടുത്തുവെന്നും, വാങ്ങുന്നതുവരെ നായ്‌ക്കുട്ടിയെ ആഹാരരീതി എന്തായിരുന്നെന്നും ഉടമസ്ഥനോടു ചോദിച്ചു മനസ്സിലാക്കിയിട്ടുവേണം നായക്കുട്ടിയെ കൊണ്ടുപോരുവാന്‍.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ നായ്‌ക്കുട്ടിയെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നീട്‌ അതിനെ ആരോഗ്യത്തോടെ വളര്‍ത്തുന്നതിനു നായയുടെ ആഹാരക്രമത്തെക്കുറിച്ചു നന്നായി അറിഞ്ഞിരിക്കണം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍