നായ :നായയുടെ കൂട്‌

 

നിങ്ങളുടെ വീടും നായയ്‌ക്കു ഒരു കൂടും


ഒരു നായക്കുട്ടിയെ വാങ്ങണമെന്നും വളര്‍ത്തണമെന്നും ചിന്തിച്ചു തുടങ്ങുമ്പോള്‍തന്നെ ചിന്തിക്കേണ്ട പല കാര്യങ്ങളും ഉണ്ട്‌. വാങ്ങുന്ന നായ്‌ക്കുട്ടി വീട്ടില്‍ കുറച്ചു നാളുകളിലേക്ക്‌ വരുന്ന വെറുമൊരു അതിഥിയല്ല, മറിച്ച്‌ രണ്ടുമാസം പ്രായമാകുന്നതിനുമുമ്പ്‌ തള്ളയില്‍നിന്നു വേര്‍പെട്ട്‌ നിങ്ങള്‍ കൊടുക്കുന്ന ആഹാരവും, സ്‌നേഹവും, പരിചരണവും മാത്രം പ്രതീക്ഷിച്ച്‌. നിങ്ങളെ നിസ്വാര്‍ത്ഥമായി സ്‌നേഹിച്ച്‌, ഏതാണ്ടു പത്തു പതിനഞ്ചു കൊല്ലം നിങ്ങളോടൊപ്പം ജീവിക്കാന്‍ വരുന്ന, കുടുംബത്തിലെ ഒരു അംഗം തന്നെയാണ്‌.
നായ്‌ക്കുട്ടിയുടെ കുസൃതിത്തരങ്ങളും ഓട്ടവും ചാട്ടവും അവന്റെ നിഷ്‌കളങ്കമായ നോട്ടവും, എന്തിന്‌ ഓടിത്തളര്‍ന്ന അതിന്റെ ഉറക്കംപോലും അസഹ്യതയോടെ നോക്കിക്കാണുന്ന ഒരാളെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ നായ്‌ക്കുട്ടിയെ വളര്‍ത്തുന്നതിന്റെ ആവശ്യകത അവരെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടു വേണം ഈ പുതിയ ബന്ധുവിനെ വീട്ടിലേക്കു കൊണ്ടുവരാന്‍. അല്ലാത്തപക്ഷം നിങ്ങളുടെയും നായ്‌ക്കുട്ടിയുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുക സ്വാഭാവികം.
നമ്മുടെ സ്‌നേഹവും സംരക്ഷണയും മാത്രം പ്രതീക്ഷിച്ചെത്തുന്ന ഓമനമൃഗത്തിന്‌ ആരോഗ്യത്തോടെ, ഉന്മേഷവാനായി വളരാനുള്ള സാഹചര്യം വീട്ടില്‍ എത്രത്തോളമുണ്ടെന്ന്‌ നാം അറിഞ്ഞിരിക്കണം. നമ്മുടെ അസാന്നിധ്യത്തില്‍ വീട്ടിലുള്ള മറ്റംഗങ്ങള്‍ അതേ താല്‍പര്യത്തോടെ അതിനെ നോക്കാന്‍ തയാറാണെങ്കില്‍ ഒരു നായക്കുട്ടിയെ വളര്‍ത്തുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങാം. വീട്ടിലെ ചെറിയകുട്ടികള്‍ അനുസരത്തോടും അച്ചടക്കത്തോടുംകൂടി വളരണമെന്ന്‌ ആഗ്രഹിച്ച്‌ അവര്‍ക്കായി നിയമങ്ങള്‍ ഉണ്ടാക്കുകയും, വളര്‍ത്തുനായയ്‌ക്ക്‌ നിയമങ്ങളുടെ അതിര്‍വരമ്പുകളൊന്നുമില്ലാത്ത സ്‌നേഹം വാരിക്കോരിക്കൊടുക്കുകയും ചെയ്‌താല്‍ അത്‌ കുട്ടികളില്‍ മാനസികമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കാം. അതുപോലെതന്നെ വീട്ടിലെ പ്രായമായവര്‍ക്ക്‌ സ്‌നേഹം നല്‍കാത്തവരോ അവരെ ശുശ്രൂഷിക്കാന്‍ മടിയുള്ളവരോ, നായവളര്‍ത്തലിനു മുതിരാതിരിക്കുന്നതാണ്‌ നല്ലത്‌.
നായയെ വളര്‍ത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും അത്യാവശ്യം വേണ്ട മറ്റൊരു കാര്യമാണ്‌ അയല്‍ക്കാരുടെ സഹകരണം. അവര്‍ക്കും മറ്റ്‌ ആള്‍ക്കാര്‍ക്കും നിങ്ങളുടെ നായയില്‍നിന്നു ശല്യമുണ്ടാകാതിരിക്കുവാനും പുറത്ത്‌ അലഞ്ഞു നടക്കുന്ന നായയ്‌ക്കളില്‍നിന്നു നിങ്ങളുടെ നായയ്‌ക്ക്‌ ഉപദ്രവമേല്‍ക്കാതിരിക്കാനും വീടിനു ചുറ്റും മതിലോ, ഉറപ്പുള്ള വേലിയോ ഉണ്ടായിരിക്കണം.
ഒരു നായയ്‌ക്കുട്ടിയെ വളര്‍ത്താന്‍ കുറച്ച്‌ ആഹാരം മാത്രം കൊടുത്താല്‍ മതിയെന്നു കരുതുന്നവര്‍ ധാരണമാണ്‌. എന്നാല്‍ നായയ്‌ക്ക്‌ പോഷകസമ്പുഷ്‌ടമായ ആഹാരത്തോടൊപ്പം തന്നെ ശരിയായ വ്യായാമവും അത്യാവശ്യമാണ്‌. അതിനാല്‍ നായയ്‌ക്ക്‌ ഓടിനടക്കാന്‍ പാകത്തില്‍ വിസ്‌തൃതമായ ഒരു കോമ്പൗണ്ട്‌ ഉണ്ടായിരിക്കണം. ഇത്രയുമൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഒരു നായക്കുട്ടിയെ വളര്‍ത്തിത്തുടങ്ങാം.
 

നായയുടെ കൂട്‌


നായയ്‌ക്കളില്‍നിന്നു മനുഷ്യരിലേക്കു പകരാവുന്ന പേവിഷബാധ, അലര്‍ജി എന്നിങ്ങനെ പലവിധ രോഗങ്ങള്‍ ഉണ്ട്‌. അതുകൊണ്ട്‌ വീട്ടില്‍നിന്ന്‌ കുറച്ച്‌ അകലത്തില്‍, തറനിരപ്പില്‍നിന്ന്‌ അല്‍പ്പം ഉയരത്തില്‍, തണലുള്ള സ്ഥലത്തുവേണം നായയ്‌ക്ക്‌ ഉറപ്പും ഭംഗിയുമുള്ള കൂടു നിര്‍മിക്കാന്‍. ഇത്രമാത്രം വിസ്‌താരമുള്ള കൂട്‌ എന്നു പറയുക പ്രയാസമാണ്‌. എങ്കിലും ചെറിയ ജനുസ്സില്‍പ്പെട്ട നായകള്‍ക്കു നാല്‌ അടിയില്‍ താഴെ വലുപ്പമുള്ളതും, ഇടത്തരം വലുപ്പമുള്ള നായകള്‍ക്ക്‌ അഞ്ച്‌ അടി വിസ്‌താരമുള്ളതും, വളരെ വലുപ്പം കൂടിയവയ്‌ക്ക്‌ ആറടി വിസ്‌താരമുള്ളതുമായ കൂടാണ്‌ അഭികാമ്യം. വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന നായ ജനുസ്സിന്റെ ഉയരത്തേക്കാള്‍ ഒരു മീറ്റര്‍ എങ്കിലും കൂടുതലായിരിക്കണം കൂടിന്റെ ഉയരം. അതായതു നിങ്ങള്‍ വളര്‍ത്തുന്ന നായയുടെ കൂട്‌ ഒരു ജയിലറയാകാതെ സ്വതന്ത്രസഞ്ചാരത്തിന്‌ ഉതകുന്നത്ര വലുപ്പമുള്ളതായിരിക്കണം.
വീടിനു മുന്‍പിലായി നായയ്‌ക്ക്‌ കൂടു പണിയുന്നശീലം നമ്മുടെ നാട്ടില്‍ മാറ്റി വരുന്നുണ്ട്‌. വളര്‍ത്തുന്ന നായ ജനുസ്സിന്റെ ഉപയോഗം അനുസരിച്ചുവേണം കൂടിന്റെ സ്ഥാനം നിശ്ചയിക്കാന്‍. ഒരു കാവല്‍നായയെ ആണ്‌ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്‌ എങ്കില്‍ വീടിന്റെ മുന്‍വശവും സാധാരണമായി വീടിന്റെ ആളൊഴിഞ്ഞ വശവും കാണത്തക്കവിധം വേണം നായയ്‌ക്ക്‌ കൂടു നിര്‍മിക്കാന്‍.
വേനല്‍ക്കാലവും, മഴക്കാലവും നായകള്‍ക്കു പലവിധ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌. ഇതില്‍നിന്നെല്ലാം സംരക്ഷണം കിട്ടത്തക്കവിധം വലുപ്പമുള്ളതും സ്വതന്ത്രമായി ചുറ്റിനടക്കാന്‍ തക്ക സൗകര്യമുള്ളതും ആയിരിക്കണം നായയുടെ കൂട്‌. നിങ്ങള്‍ നിര്‍മിക്കുന്ന കൂട്ടില്‍ ചെറിയ നായ ജനുസ്സിനെയാണു വളര്‍ത്താന്‍ ഉദ്ദേശിക്കുന്നതെങ്കിലും ഭാവിയില്‍ ജര്‍മ്മന്‍ ഷെപ്പേഡുപോലെയോ ഗ്രേറ്റ്‌ ഡെയിന്‍ പോലെയോ ഉള്ള ഒരു വലിയ ജനുസ്സിനെ വളര്‍ത്തേണ്ടിവന്നേക്കാം. അതുകൊണ്ട്‌ ഇപ്പോള്‍ അനാവശ്യമായി തോന്നാമെങ്കിലും ഒരു വലിയ ജനുസ്സിനെ വളര്‍ത്താന്‍ തക്ക വലുപ്പമുള്ള കൂടുതന്നെ നിര്‍മിക്കുന്നതാണ്‌ ഉചിതം.
നായയ്‌ക്കു പണിയുന്ന കൂടിന്റെ തറ ഈര്‍പ്പരഹിതമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈര്‍പ്പരഹിതമായ തറ നായകള്‍ നന്നായി ഇഷ്‌ടപ്പെടുന്നു. മാത്രമല്ല ഈര്‍പ്പമുള്ള തറ നായയ്‌ക്കു പലവിധ രോഗങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ നായയുടെ കൂടിന്‌ സിമന്റുതറ നിര്‍മിക്കാതിരിക്കുകയാണു നല്ലത്‌. പകരം വീഴുന്ന വെള്ളം വേഗം വലിച്ചെടുക്കുന്ന തറയോടോ തടിയോ ഇട്ടു തറ നിര്‍മിക്കുന്നതാണ്‌ ഉത്തമം. തറയോടു പാകിയ കൂടു വൃത്തിയാക്കുക അല്‍പ്പം പ്രയാസമാണ്‌. അതുകൊണ്ട്‌ നായയുടെ വിസര്‍ജ്യവസ്‌തുക്കളും, ഭക്ഷ്യാവശിഷ്‌ടങ്ങളും താഴെവീഴുംവിധം തടികൊണ്ടുള്ള പട്ടികകള്‍ നിരത്തിയ തറയാണ്‌ ഏറെ അഭികാമ്യം. എന്നാല്‍ നായയുടെ കാലുകള്‍ ഇടയ്‌ക്ക്‌ പോകാത്തവിധം അടുത്താവണം പട്ടികകള്‍ നിരത്താന്‍. ഇത്തരത്തില്‍ പട്ടികകൊണ്ടു കൂടിനു തറ നിര്‍മിക്കുമ്പോള്‍, അടിവശം വൃത്തിയാക്കത്തക്കവിധം സൗകര്യത്തോടുകൂടി വേണം അവ നിര്‍മിക്കാന്‍.
കൂടിന്റെ തറയില്‍ മണലോ മറ്റു വസ്‌തുക്കളോ ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. വിസര്‍ജ്യവസ്‌തുക്കള്‍ കൂട്ടില്‍ വീഴാന്‍ ഇടയായാല്‍ അതിലെ ജലാംശം മണലിലേക്കിറങ്ങി ദുര്‍ഗന്ധം ഉണ്ടാക്കും. കൂടാതെ ഇടയ്‌ക്കിടയ്‌ക്കു മണലും മറ്റും മാറ്റി കൂട്‌ വൃത്തിയാക്കുക ദുഷ്‌കരമായിത്തീരുകയും ചെയ്യും.
സിമന്റുതറയാണ്‌ നിര്‍മിക്കുന്നതെങ്കില്‍, കൂട്‌ നന്നായി കഴുകി വൃത്തിയാക്കാനും സാമാന്യം വലിയ ഒരു കുഴിയിലേക്കു വെള്ളം ഒഴുകാനും പാകത്തില്‍ ചരിവിട്ടുവേണം വാര്‍ക്കാന്‍. കുഴി, ബലമുള്ള സിമന്റു സ്ലാബുകൊണ്ടു മൂടണം. സിമന്റുകൊണ്ടു തറ നിര്‍മിച്ചാല്‍ കുറഞ്ഞത്‌ ഒരു മാസമെങ്കിലും കഴിഞ്ഞേ നായയെ കൂട്ടില്‍ പ്രവേശിപ്പിക്കാവൂ. അല്ലെങ്കില്‍ സിമന്റില്‍നിന്നുണ്ടാകുന്ന രാസപ്രതിപ്രവര്‍ത്തനം നായയുടെ ആരോഗ്യത്തെ ബാധിക്കാം.
കൂടിന്റെ വശങ്ങള്‍ നിര്‍മിക്കുമ്പോള്‍, തറയില്‍നിന്ന്‌ ആകെ ഉയരത്തിന്റെ നാലിലൊന്ന്‌ ഭാഗം, പലകയോ ചുടുകട്ടയോ കൊണ്ടു ബലമായി കെട്ടുക. അതിനു മുകളില്‍ ഇരുമ്പുകമ്പിയും പട്ടയും നെടുകയും കുറുകെയും ഇട്ട്‌ ഉറപ്പിക്കുക. ഇത്‌ കൂട്ടിനുള്ളിലേക്ക്‌ ആവശ്യത്തിനു കാറ്റുംവെളിച്ചവും കടത്തിവിടാന്‍ സഹായിക്കും. കമ്പികള്‍ തമ്മിലുള്ള അകലം നായയുടെ തല പുറത്തേക്ക്‌ കടക്കാതിരിക്കാന്‍ പാകത്തില്‍ അടുത്തടുത്തായി ക്രമീകരിക്കണം.
കൂടിന്റെ മേല്‍ക്കൂര ഓടോ, ഷീറ്റോ കൊണ്ടു നിര്‍മിക്കാമെങ്കിലും സിമന്റുകൊണ്ടുതന്നെ വാര്‍ക്കുന്നതാണു ഉറപ്പും ബലവും കിട്ടാന്‍ നല്ലത്‌. മഴക്കാലത്തു കൂടിനുള്ളില്‍ വെള്ളം അടിച്ചുകയറാതിരിക്കാനും, സൂര്യപ്രകാശം നേരിട്ടു കൂടിനുള്ളിലേക്ക്‌ അടിക്കാതിരിക്കാനും ആവശ്യത്തിനു തള്ള്‌ ഇട്ടുവേണം മേല്‍ക്കൂര നിര്‍മിക്കാന്‍. സിമന്റുവാര്‍ത്ത കൂടുകളില്‍ വേനല്‍കാലത്ത്‌ അസഹ്യമായ ചൂട്‌ അനുഭവപ്പെടും. കൂടിനു മുകളില്‍ ചെടിച്ചട്ടിവച്ചോ, ഓലപാകിയോ ചൂടിന്റെ കാഠിന്യത്തില്‍നിന്നു നായയ്‌ക്കളെ രക്ഷിക്കാനാവും.
വീട്ടുമുറ്റത്തെ ചെടിക്കമ്പിലോ മരച്ചുവട്ടിലോ നായയ്‌ക്കളെ തുടലില്‍ ബന്ധിച്ചിടുന്നത്‌ ഒട്ടും അഭികാമ്യമല്ല. അതുപോലെതന്നെ നായയുടെ കൂടു വീടിനോടു ചേര്‍ത്തു നിര്‍മിക്കുന്നതും ആശാസ്യമല്ല.
കൂടു രണ്ടു കള്ളികളായി തിരിച്ച്‌ ഓരോന്നിനും വാതിലുകള്‍ വെയ്‌ക്കുക. വെള്ളവും ആഹാരവും കൊടുക്കുന്ന പാത്രങ്ങള്‍ തട്ടിമാറ്റിയിട്ടാല്‍ എടുക്കാനും, നായയെ കള്ളികളില്‍ മാറ്റിമാറ്റിയിട്ടു കൂടു വൃത്തിയാക്കുവാനും ഇത്‌ ഏറെ സഹായിക്കും.
വീടിനുള്ളില്‍ നായക്കളെ അഴിച്ചുവിട്ടു വളര്‍ത്തുന്നവര്‍ നായയുടെ പരിചരണത്തിലും സംരക്ഷണത്തിലും വളരെ ശ്രദ്ധിക്കണം. നായയുടെ രോമം കൊഴിഞ്ഞുവീണു വീടിനുള്ളിലെ കാര്‍പ്പറ്റും സെറ്റിയും മറ്റു വീട്ടുപകരണങ്ങളും വൃത്തികേടാകും. കാറ്റില്‍ പറന്നുനടക്കുന്ന ചെറിയരോമങ്ങള്‍ ആഹാരസാധനങ്ങളോടൊപ്പവും അല്ലാതെയും ഉള്ളില്‍ കടക്കാനിടയുണ്ട്‌. നായയ്‌ക്കളെ വീടിനുള്ളില്‍ ഓമനിച്ചു വളര്‍ത്തുന്നതു വീട്ടുസാധനങ്ങള്‍ നശിപ്പിക്കുന്നതിനും ഇലക്‌ട്രിക്‌ വയറുകള്‍ കടിച്ചുമുറിച്ച്‌ അപകടം വിളിച്ചുവരുത്തുന്നതിനും വഴിയൊരുക്കാം. കൊച്ചുകുട്ടികള്‍ ഉള്ള വീടുകളില്‍ ഈ അപകസാധ്യത പതിന്മടങ്ങാണ്‌. നായ്‌കളും കുട്ടികളും തമ്മില്‍ നേരിട്ടുള്ള ബന്ധം ഒട്ടും പ്രോല്‍സാഹിപ്പിക്കാവുന്നതല്ല.
നായയ്‌ക്ക്‌ എത്ര നല്ല കൂടു നിര്‍മിച്ചാലും അവ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ അതൊരു വലിയ പ്രശ്‌നംതന്നെയാണ്‌. വൃത്തികെട്ട കൂടും പരിസരവും നായയ്‌ക്കളുടെയും നിങ്ങളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
നായയുടെ കൂടു വൃത്തിയായി സൂക്ഷിക്കുക നായ പരിചരണത്തില്‍ സുപ്രധാനകാര്യമാണ്‌. നായയുടെ കൂടുദിവസവും സാധാരണ സോപ്പുപൗഡര്‍ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുന്നതിനു പുറമെ കൂടും പരിസരവും ഏതെങ്കിലും അണുനാശിനി തളിച്ചു കീടങ്ങളില്‍നിന്നു സംരക്ഷിക്കുകയും വേണം. ചെള്ള്‌, കൊതുക്‌, ഈച്ച തുടങ്ങി നിരവധിപരാദങ്ങളില്‍ക്കൂടി ഉണ്ടായേക്കാവുന്ന രോഗങ്ങളെ ഇങ്ങനെ തടയാന്‍ സാധിക്കും. അണുനാശിനിയുടെ ഉപയോഗം എപ്പോഴും ഒരു വിദഗ്‌ധ ഡോക്‌ടറുടെ അഭിപ്രായം അനുസരിച്ചു മാത്രമേ ആകാവൂ. അല്ലെങ്കില്‍ അതു ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്‌ക്കാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍