പന്നി :തീറ്റയും തീറ്റക്രമവും

പന്നികളുടെ ആമാശയം മനുഷ്യരുടേതുപോലെ ഒറ്റ അറയുള്ളതാണ്‌. അതുകൊണ്ടുതന്നെ കന്നുകാലികള്‍ തിന്നുന്നതുപോലെ നാരുള്ള തീറ്റ അധികം തിന്നുവാന്‍ കഴിയില്ല. കൃത്യമായ അളവില്‍ കൃത്യസയമത്ത്‌ ഗുണമേന്മയുള്ള തീറ്റ കൊടുത്താല്‍ മാത്രമേ പന്നിവളര്‍ത്തല്‍ ലാഭത്തിലാക്കാന്‍ കഴിയൂ. മൊത്തം പരിപാലനച്ചെലവിന്റെ 80 ശതമാനത്തിലധികവും തീറ്റച്ചെലവാണ്‌.
പന്നിയുടെ വളര്‍ച്ചയ്‌ക്കും ഉല്‍പ്പാദനത്തിനും നിരവധി പോഷകങ്ങള്‍ ആവശ്യമാണ്‌. മാംസ്യം, ഊര്‍ജ്ജം, വിറ്റാമിനുകള്‍, മൂലകങ്ങള്‍ എന്നിവ വിവിധ അളവിലും രൂപത്തിലും കൊടുക്കേണ്ടിയിരിക്കുന്നു. ഓരോ പ്രായത്തിലും പ്രായത്തിലും പ്രത്യുല്‍പ്പാദനഘട്ടത്തിലും ഇതിന്റെ അളവില്‍ വ്യത്യാസപ്പെട്ടിരിക്കും.
പന്നിയുടെ തീറ്റയില്‍ ഉണ്ടായിരിക്കേണ്ട പോഷകങ്ങള്‍ ഘടകം, മാംസ്യം, കൊഴുപ്പ്‌, നാര്‌, കാല്‍സ്യം, ഫോസ്‌ഫറസ്‌, ലൈസീന്‍, മെതിയോണിന്‍, ഊര്‍ജ്ജം.
മാംസ്യം: ശരീരവളര്‍ച്ചയ്‌ക്കും ഉല്‍പ്പാദനത്തിനും ശരീരനിലനില്‍പ്പിനും മാംസ്യം ആവശ്യമാണ്‌. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്‌ക്കും പാലുല്‍പ്പാദനത്തിനും മാംസ്യം ആവശ്യമാണ്‌. അമിനോ ആസിഡുകളാണ്‌ മാംസ്യത്തിന്റെ ഘടകങ്ങള്‍. മാംസ്യത്തിന്റെ ഗുണമേന്മ മാംസ്യത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളുടെ അളവും ഇനവും ആശ്രയിച്ചിരിക്കുന്നു.
ഗര്‍ഭിണിയായ ഒരു പന്നിക്ക്‌ 0.28 കി.ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്‌. ഇത്രയും മാംസ്യം കിട്ടുവാന്‍ 14 ശതമാനം മാംസ്യം അടങ്ങിയ 2 കി.ഗ്രാം തീറ്റകൊടുക്കണം.
കൊഴുപ്പ്‌: കൊഴുപ്പ്‌ ഊര്‍ജ്ജദായക പദാര്‍ത്ഥമാണ്‌. അന്നജത്തെക്കാള്‍ രണ്ടര ഇരട്ടി ഊര്‍ജ്ജം കൊഴുപ്പില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പില്‍ ലയിക്കുന്ന എ ഡി ഇ വിറ്റാമിനുകളും ഇതില്‍ ഉണ്ടായിരിക്കും. ഗര്‍ഭിണിപ്പന്നികള്‍ക്കു പ്രസവത്തിനു മുന്‍പ്‌ കൊഴുപ്പ്‌ അടങ്ങിയ തീറ്റ കൊടുക്കുകയാണെങ്കില്‍ കുട്ടികളുടെ മരണനിരക്ക്‌ കുറയുന്നതായി കണ്ടിട്ടുണ്ട്‌. കൊഴുപ്പ്‌ തീറ്റയില്‍ ചേര്‍ത്താല്‍ കന്നിപ്പാലിന്റെ ഉല്‍പ്പാദനം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്‌.
മൂലകങ്ങള്‍: പന്നികള്‍ക്ക്‌ 14 മൂലകങ്ങള്‍ അത്യാവശ്യമാണ്‌. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്‌ക്ക്‌ ഇത്‌ അത്യാവശ്യമാണുതാനും. കൂടാതെ ശരീരത്തിന്റെ ഉപാചയപ്രവര്‍ത്തനങ്ങള്‍ക്കും മൂലകങ്ങള്‍ വേണം.
പന്നിയുടെ തീറ്റയില്‍ നല്ല അളവില്‍ ചേര്‍ക്കേണ്ട രണ്ടു മൂലകങ്ങളാണ്‌ കാല്‍സ്യവും സോഡിയവും. എന്നാല്‍ തീറ്റയില്‍ ജന്തുജന്യമാംസ്യത്തിന്റെ അളവു കുറയുമ്പോള്‍ ഫോസ്‌ഫറസുകൂടി അധികം നല്‍കേണ്ടിവരും. വളരെ കുറച്ച്‌ ആവശ്യമുള്ള സൂക്ഷ്‌മമൂലകങ്ങളാണ്‌ കോപ്പര്‍, ഇരുമ്പ്‌, അയഡിന്‍, സെലീനിയം എന്നിവ.
വിറ്റാമിന്‍: വളരെ കുറഞ്ഞ അളവില്‍ ആവശ്യമുള്ളതും എന്നാല്‍ ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്യാവശ്യം വേണ്ടതുമാണ്‌ വിറ്റാമിനുകള്‍. മിക്ക വിറ്റാമിനുകളും തീറ്റയില്‍നിന്നു ലഭിക്കുമെങ്കിലും ചിലവ തീറ്റയില്‍ പ്രത്യേകം ചേര്‍ക്കേണ്ടിവരും. ചില വിറ്റാമിന്റെ അഭാവത്തില്‍ രോഗങ്ങള്‍വരെ പിടിപെടാം. ഇരുമ്പ്‌, കോപ്പര്‍ തുടങ്ങിയവയുടെ അഭാവത്തില്‍ വിളര്‍ച്ചപോലുള്ള രോഗങ്ങള്‍ പിടിപെടും.
വെള്ളം: ശരീരത്തിന്റെ 70 ശതമാനവും വെള്ളമാണ്‌. 10 ശതമാനംവരെ ശരീരത്തിലെ വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ മരണംവരെ സംഭവിക്കാം. തീറ്റയില്‍ ജലമുണ്ടെങ്കിലും പന്നികള്‍ക്ക്‌ കുടിക്കാനുള്ള ജലം പ്രത്യേകം കൊടുക്കണം. ഓരോ കി.ഗ്രാം ഉണങ്ങിയ തീറ്റ തിന്നുമ്പോഴും 2-5 ലിറ്റര്‍ വെള്ളം പന്നിക്ക്‌ കഴിക്കേണ്ടിവരും. എന്നാല്‍ ഒരു പന്നിക്ക്‌ കൊടുക്കേണ്ട വെള്ളത്തിന്റെ അളവ്‌ അവയുടെ പ്രായം, ഉല്‍പ്പാദനകാലം, കാലാവസ്ഥ, തീറ്റ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വളരുന്ന പെണ്‍പന്നിക്ക്‌ ദിനംപ്രതി 18-23 ലിറ്റര്‍ വെള്ളം വേണം. ഗര്‍ഭിണിപ്പന്നികള്‍ക്ക്‌ ഓരോ കി.ഗ്രാം തീറ്റ തിന്നുമ്പോഴും 3 ലിറ്റര്‍ വെള്ളം കൊടുക്കണം. എന്നാല്‍ വേനലില്‍ ഇതിന്റെ അളവ്‌ വര്‍ധിക്കും.
പ്രത്യുല്‍പ്പാദനത്തിലുള്ള പന്നികളുടെ തീറ്റക്രമം ബ്രീഡിങ്ങിനുള്ള പന്നികള്‍ക്ക്‌ സമീകൃതതീറ്റ കൃത്യ അളവില്‍ കൊടുത്താല്‍ മാത്രമേ ഉല്‍പ്പാദനക്ഷമത നിലനിര്‍ത്താനാകൂ. പ്രത്യുല്‍പ്പാദനഗുണങ്ങള്‍ പാരമ്പര്യമാണെങ്കിലും തീറ്റയും വളരുന്ന പരിസ്ഥിതിയും ഒരു പരിധിവരെ ഉല്‍പ്പാദനക്ഷമതയെ സ്വാധീനിക്കും. എത്ര ജനിതക ഗുണമേന്മയുള്ള പന്നിയായാലും ശാസ്‌ത്രീയ തീറ്റക്രമം പാലിച്ചില്ലെങ്കില്‍ ഈ ഗുണങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. മിക്ക പന്നിഫാമുകളിലും വര്‍ഷത്തില്‍ 30-40 ശതമാനം പെണ്‍പന്നികലെ മാറ്റാറുണ്ട്‌. പെണ്‍പന്നികള്‍ പ്രത്യുല്‍പ്പാദന പ്രായമെത്തുന്നത്‌ 5-7 മാസമാകുമ്പോഴാണ്‌. ഈ കാലം തീറ്റയെയും ആശ്രയിച്ചിരിക്കുന്നു. പെണ്‍പന്നികള്‍ക്ക്‌ 60-70 കി.ഗ്രാം തൂക്കമെത്തുമ്പോള്‍ അവയെ തിരഞ്ഞെടുക്കണം. ഇത്തരം പന്നികള്‍ക്ക്‌ ഇണചേര്‍ക്കുന്ന പ്രായമാകുന്നതുവരെ ആവശ്യത്തിനു തീറ്റ നല്‍കണം. എന്നാല്‍ ഇണചേര്‍ക്കുന്നതിനു 10-14 ദിവസങ്ങള്‍ക്കുമുമ്പ്‌ തീറ്റയുടെ അളവു കുറയ്‌ക്കുകയാണെങ്കില്‍ അണ്ഡവിസര്‍ജ്യത്തിന്റെ അളവ്‌ വര്‍ധിക്കുന്നതായി കണ്ടുവരുന്നു. ഈ കാലയളവില്‍ തീറ്റയില്‍ കാല്‍സ്യം, ഫോസ്‌ഫറസ്‌ എന്നീ മൂലകങ്ങളുടെ അളവു കുറയാതിരിക്കാനും ശ്രദ്ധിക്കണം. ഈ മൂലകങ്ങളുടെ കുറവുമൂലം പന്നി ഗര്‍ഭിണിയായാല്‍ കാലിനു ബലക്ഷയം സംഭവിക്കും.
വളരുന്ന പന്നികളുടെ തീറ്റയില്‍ മാംസ്യത്തിന്റെ കുറവുണ്ടായാല്‍ ഇവ പ്രത്യുല്‍പ്പാദന പ്രായത്തിലെത്തുന്നതിനു കാലതാമസം നേരിടും. അതുകൊണ്ടുതന്നെ തീറ്റയില്‍ 14% മാംസ്യം അടങ്ങിയിരിക്കണം. കൂടാതെ 0.7% ലൈസിന്‍, 0.95% കാല്‍സ്യം, 0.8% ഫോസ്‌ഫറസ്‌ എന്നിവ ഉണ്ടായിരിക്കണം.
പ്രജനനത്തിന്‌ പ്രായമാകുന്നതിനു തൊട്ടുമുമ്പ്‌ തീറ്റയില്‍ കുറവുവന്നാല്‍ ബാക്ക്‌ ഫാറ്റ്‌ കുറയുകയും പ്രത്യുല്‍പ്പാദനക്ഷമതയില്‍ കുറവുവരികയും ചെയ്യും. ഓരോ പ്രസവം കഴിയുമ്പോഴും പെണ്‍പന്നിയുടെ ബാക്ക്‌ ഫാറ്റ്‌ കുറയുന്നതായി കാണാം. ബാക്ക്‌ ഫാറ്റ്‌ 7 മി.മീ. കുറഞ്ഞാല്‍ പ്രത്യുല്‍പ്പാദനത്തെ ബാധിക്കും. അതുകൊണ്ട്‌ പ്രത്യുല്‍പ്പാദനത്തിനു പ്രായമാകുന്നതിനുമുമ്പുതന്നെ ആവശ്യത്തിനു തീറ്റകൊടുക്കണം.
നന്നായി തീറ്റ നല്‍കി വളര്‍ത്തിയ പെണ്‍പന്നിയെ 120 കി.ഗ്രാം തൂക്കമെത്തിയാല്‍ ഇണചേര്‍ക്കാം. ആ സമയത്ത്‌ ഇവയ്‌ക്ക്‌ 16-18 മി.മീ. ബാക്ക്‌ ഫാറ്റ്‌ ഉണ്ടാകും. ഗര്‍ഭകാലത്ത്‌ 25-30 കി.ഗ്രാം തൂക്കം കൂടുകയും ബാക്ക്‌ ഫാറ്റിന്റെ കട്ടി 2-4 മി.മീ. വര്‍ധിക്കുകയും ചെയ്യും. പ്രസവമാമ്പോഴേക്കും ബാക്ക്‌ ഫാറ്റിന്റെ കട്ടി 20 മി.മീ.ഉം തൂക്കം 145-150 കി.ഗ്രാമും എത്തിയിരിക്കം. ഏറ്റവും അനുയോജ്യമായ അവസ്ഥയാണിത്‌. ഇത്തരം പന്നികള്‍ക്ക്‌ നീണ്ട ഉല്‍പ്പാദനകാലമുണ്ടാകും.
 

ഡ്രൈപന്നിയുടെ തീറ്റക്രമം


വീനിങ്‌ കഴിഞ്ഞയുടനെ പന്നികള്‍ക്ക്‌ ഫ്‌ളഷിങ്‌ ചെയ്യാറുണ്ട്‌. ഇണചേര്‍ക്കുന്നതിനുമുമ്പ്‌ കൂടുതല്‍ ഊര്‍ജ്ജദായകമായ തീറ്റ നല്‍കുന്ന രീതിയാണ്‌ ഫ്‌ളഷിങ്‌. ഫ്‌ളഷിങ്‌ നടത്തിയാല്‍ അണ്ഡവിസര്‍ജ്ജനം കൂടുകയും അതുവഴി കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഫ്‌ളഷിങ്‌ 10 ദിവസം വരെ ചെയ്യാറുണ്ട്‌.
 

ഗര്‍ഭിണിപ്പന്നി


കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കും പ്രസവിച്ചുകഴിഞ്ഞാല്‍ പാലുല്‍പ്പാദനത്തിനും ആവശ്യമായ വരുന്ന പോഷകങ്ങള്‍ ഗര്‍ഭിണിപ്പന്നിക്ക്‌ കൊടുക്കേണ്ടതുണ്ട്‌. ഗര്‍ഭകാലത്തിന്റെ അവസാന ഒരു മാസക്കാലം തീറ്റ 15% വര്‍ധിപ്പിച്ചുകൊടുക്കണം. ഗര്‍ഭകാലത്ത്‌ ശരീരത്തില്‍ കരുതിവയ്‌ക്കുന്ന പോഷകങ്ങളാണ്‌ പാലുല്‍പ്പാദനത്തെ സഹായിക്കുന്നത്‌. ഗര്‍ഭകാലത്ത്‌ പന്നികളുടെ തൂക്കം 32 കി.ഗ്രാമെങ്കിലും വര്‍ധിക്കണം. ഇതിന്റെ അര്‍ത്ഥം ദിനംപ്രതി 300 ഗ്രാമെങ്കിലും തൂക്കം വര്‍ധിക്കണം. ഇത്രയും തൂക്കം ലഭിക്കാന്‍ 2 കി.ഗ്രാമെങ്കിലും കൂടുതല്‍ തീറ്റ കൊടുക്കണം. ഗര്‍ഭിണിപ്പന്നികള്‍ക്ക്‌ അമിത തീറ്റ കൊടുക്കുന്നതും പ്രശ്‌നമാണ്‌. അമിതവണ്ണംവച്ചാല്‍ പ്രസവത്തിനും തടസ്സം നേരിടും. അതുകൊണ്ടുതന്നെ തീറ്റക്രമം ശാസ്‌ത്രീയമായിരിക്കണം. പ്രസവത്തിന്‌ 3-5 ദിവസങ്ങള്‍ക്കു മുന്‍പ്‌ നാരുള്ള തീറ്റ കൊടുത്താല്‍ മലബന്ധം ഒഴിവാക്കാം. പ്രസവത്തിന്‌ 7-10 ദിവസങ്ങള്‍ക്കു മുന്‍പ്‌ വേണമെങ്കില്‍ പാലൂട്ടുന്ന പന്നിക്കുള്ള തീറ്റ കൊടുത്തു തുടങ്ങാം. പ്രസവത്തിനു തൊട്ടു മുന്‍പുള്ള മൂന്നു ദിവസങ്ങളില്‍ തീറ്റയുടെ അളവു കുറയ്‌ക്കുന്നതാണ്‌ നല്ലത്‌.
 

ആണ്‍പന്നികളുടെ തീറ്റക്രമം


പ്രായപൂര്‍ത്തിയായ ഒരു ആണ്‍പന്നിയുടെ തീറ്റയുടെ അളവ്‌ ഇണചേര്‍ക്കുന്ന അല്ലെങ്കില്‍ ബീജം ശേഖരിക്കുന്ന തവണകളെയും ശരീരസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു. ആഴ്‌ചയില്‍ ഒരു തവണ ഇണചേര്‍ക്കുന്നതിന്‌ ദിനംപ്രതി രണ്ട്‌ കി.ഗ്രാം തീറ്റവേണ്ടിവരും. 15-20 കി.ഗ്രാം തൂക്കമെത്തിയാല്‍ ആവശ്യത്തിനു തീറ്റ നല്‍കണം. 89 കി.ഗ്രാം തൂക്കമെത്തുന്നതുവരെ ഇതു തുടരാം. പിന്നീട്‌ തീറ്റയുടെ അളവ്‌ നിയന്ത്രിക്കണം. അമിതമായി തീറ്റ നല്‍കിയാല്‍ ആണ്‍പന്നികള്‍ക്ക്‌ വണ്ണം കൂടുകയും ഇണചേരാന്‍ താല്‍പര്യം കുറയുകയും ചെയ്യും. എന്നാല്‍ ശരീരവളര്‍ച്ചയ്‌ക്കും ഉല്‍പ്പാദനത്തിനും ആവശ്യമായ തീറ്റ നല്‍കുകയും വേണം. ആവശ്യത്തിന്‌ തീറ്റ നല്‍കാതിരുന്നാല്‍ ബീജത്തിന്റെ ഗുണം കുറയുക, ഉല്‍പ്പാദനകാലം കുറയുക, കുറഞ്ഞ രോഗ പ്രതിരോധശേഷി, ഇണചേരാനുള്ള ആസക്തി കുറയുക എന്നീ പ്രശ്‌നങ്ങളുണ്ടാകും. സാന്ദ്രീകൃതതീറ്റ അമിതമായി നല്‍കാതിരിക്കാന്‍ നാരുള്ള പച്ചിലകളും കൊടുത്ത്‌ വയര്‍ നിറയ്‌ക്കാവുന്നതാണ്‌.
 

മുലയൂട്ടുന്ന തള്ളപ്പന്നിയുടെ തീറ്റക്രമം


പ്രസവശേഷം പന്നികള്‍ക്ക്‌ തീറ്റ ക്രമമായി വര്‍ധിപ്പിച്ചുകൊടുക്കേണ്ടതാണ്‌. പെട്ടെന്നു തീറ്റ കൂടുതല്‍ കൊടുത്താല്‍ പാലുല്‍പ്പാദനം പെട്ടെന്ന്‌ കൂടുകയും അത്‌ അകിടുവീക്കം ഉണ്ടാക്കുകയും ചെയ്യും. തള്ളപ്പന്നയുടെ ശരീരസ്ഥിതികൂടി പരിഗണിക്കണം. മെലിഞ്ഞവയാണെങ്കില്‍ അര കി.ഗ്രാം കുറയ്‌ക്കുകയോ ചെയ്യാം. പന്നിക്കുഞ്ഞുങ്ങളുടെ എണ്ണവും തീറ്റ കണക്കാക്കുമ്പോള്‍ നോക്കണം. ഒരു പന്നിക്കുട്ടിക്ക്‌ 300 ഗ്രാം തീറ്റ എന്ന തോതില്‍ തള്ളയ്‌ക്കു തീറ്റ നല്‍കണം. 12 പന്നിക്കുഞ്ഞുങ്ങളുണ്ടെങ്കില്‍ പാലുല്‍പ്പാദനത്തിനു മാത്രമായി 3.6 കി.ഗ്രാം തീറ്റ നല്‍കണം. മുലയൂട്ടുന്ന പന്നിക്കും ആവശ്യത്തില്‍ കൂടുതല്‍ തീറ്റ നല്‍കിയാല്‍ അമിതവണ്ണം വയ്‌ക്കുകയും കാലിനു ബലം കുറയുകയും ചെയ്യും. തീറ്റ കുറവായാല്‍ പാലുല്‍പ്പാദനം കുറയുകയും അതുവഴി കുഞ്ഞുങ്ങള്‍ ക്ഷീണിക്കുകയും ചെയ്യും.
തീറ്റ ക്രമീകരിച്ച നല്‍കിയാല്‍ നല്ല ആരോഗ്യമുള്ളതും വളര്‍ച്ചയുള്ളതുമായ കുഞ്ഞുങ്ങളെ ലഭിക്കും. മാത്രമല്ല തള്ളപ്പന്നിക്ക്‌ ദീര്‍ഘ ഉല്‍പ്പാദനകാലം ലഭിക്കുകയും ചെയ്യും.
കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പന്നികള്‍ക്ക്‌ കൂടുതല്‍ തീറ്റ കൊടുക്കേണ്ടതുണ്ടെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ചൂടു കാലാവസ്ഥയിലും ഇത്തരം പന്നികള്‍ കൂടുതല്‍ തീറ്റ കഴിക്കുവാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ അവലംബിച്ചാല്‍ മതിയാകും.
1. തീറ്റ നനച്ചു നല്‍കുക.
2. ശുദ്ധമായ തണുത്ത വെള്ളം ആവശ്യത്തിനു നല്‍കുക.
3. തീറ്റ നല്‍കുന്ന തവണകള്‍ കൂട്ടുക. ദിനംപ്രതി 3-4 തവണ തീറ്റ നല്‍കാം.
4. നല്ല ഗുണമേന്മയുള്ളതും പഴകാത്തതുമായ തീറ്റ നല്‍കുക.
5. നാരുള്ള പച്ചിലകള്‍ അമിതമായി നല്‍കാതിരിക്കുക.
പാലുല്‍പ്പാദനം തീറ്റയെ മാത്രമല്ല പ്രസവിച്ച തവണയെയും ആശ്രയിച്ചിരിക്കും.
 

പന്നിക്കുഞ്ഞുങ്ങളുടെ തീറ്റക്രമം


പന്നിക്കുഞ്ഞുങ്ങള്‍ക്കു പ്രസവിച്ച്‌ 5-7 ദിവസം പ്രായമാകുമ്പോള്‍തന്നെ ക്രീപ്‌ ഫീഡിങ്‌ നല്‍കണം. രണ്ടാഴ്‌ച പ്രായമായാല്‍ പ്രീസ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കിത്തുടങ്ങണം. തീറ്റ നല്‍കി തുടങ്ങുമ്പോള്‍ വയറിളകിയാല്‍ തീറ്റ തല്‍ക്കാലത്തേക്ക്‌ നിര്‍ത്തണം. പന്നിക്കുഞ്ഞുങ്ങള്‍ക്കു തീറ്റകൊടുത്തു പഠിപ്പിക്കാനായി ഒരുപിടി നനയ്‌ക്കാത്ത തീറ്റ പാത്രത്തിലിട്ടുകൊടുക്കുക. അതു തിന്നു തുടങ്ങിയാല്‍ ഉടനെ ക്രീപ്‌ ഫീഡിങ്‌ തുടങ്ങാം.
 

ക്രീപ്‌ ഫീഡിങ്‌ കൊണ്ടുള്ള മെച്ചങ്ങള്‍


1. ഒരേ വലിപ്പത്തിലുള്ള പന്നിക്കുഞ്ഞുങ്ങളെ ലഭിക്കുന്നു.
2. മരണനിരക്ക്‌ കുറയുന്നു
3. വീനിങ്‌ തൂക്കം കൂടുന്നു
4. ദഹനസംബന്ധമായ രോഗങ്ങള്‍ കുറയുന്നു.
5. വീനിങ്‌ നടത്തിയശേഷം ഉണ്ടാകാറുള്ള പ്രശ്‌നങ്ങള്‍ കുറയുന്നു.
6. ഉണങ്ങിയ തീറ്റ തിന്നു പഠിക്കുന്നു.
7. തള്ളപ്പന്നി ക്ഷീണിക്കുന്നില്ല.
 

അനാഥ പന്നിക്കുഞ്ഞുങ്ങളുടെ തീറ്റക്രമം


അനാഥ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ കന്നിപ്പാല്‍ കൊടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. മറ്റ്‌ പന്നികളുടെ കന്നിപ്പാല്‍ കുടിപ്പിക്കുന്നതാണ്‌ ഏറ്റവും അഭികാമ്യം. അതു ലഭ്യമല്ലെങ്കില്‍ കന്നിപ്പാലിന്‌ പകരം താഴെ കൊടുത്തിരിക്കുന്ന ഒരു മിശ്രിതം ഉണ്ടാക്കാവുന്നതാണ്‌.
പശുവിന്‍പാല്‍ ഒരു ലിറ്റര്‍
300 മില്ലി മുട്ട ഉടച്ചത്‌
ഒരു മില്ലി പെന്‍സിലിന്‍
അഞ്ചു മില്ലി വയറിളകാതിരിക്കാനുള്ള മരുന്ന്‌
 

കൊടുക്കേണ്ട വിധം


ഒരു മണിക്കൂര്‍ ഇടവിട്ട്‌ അഞ്ചു മില്ലി വീതം കൊടുത്തുതുടങ്ങണം. ഇത്‌ ക്രമമായി വര്‍ധിപ്പിച്ച്‌ മണിക്കൂര്‍ ഇടവിട്ട്‌ 30 മില്ലി വരെയാകാം. 30 മില്ലി കുടിക്കുവാന്‍ 2-3 മിനിട്ട്‌ മതിയാകും. ഇതില്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ ദഹനക്കേടുണ്ടെന്ന്‌ സംശയിക്കണം. പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ 6-7 കി.ഗ്രാം തൂക്കമെത്തുന്നതുവരെ ഇതേ മിശ്രിതം തന്നെ നല്‍കാവുന്നതാണ്‌.
 

വീനിങ്‌ പന്നിക്കുഞ്ഞുങ്ങളുടെ തീറ്റക്രമം


വീനിങ്‌ പന്നിക്കുഞ്ഞുങ്ങളുടെ പരിപാലനം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്‌. തീറ്റയിലുണ്ടാകുന്ന മാറ്റം, പാല്‍ ലഭിക്കാത്ത അവസ്ഥ എന്നിവ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കും. പാല്‍ ദഹിപ്പിച്ചുകൊണ്ടിരിക്കുന്ന ദഹനവ്യൂഹത്തില്‍ മറ്റ്‌ തീറ്റകള്‍ ചെല്ലുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. പുതിയ തീറ്റ ദഹിപ്പിക്കാനവശ്യമായ ദഹനരസങ്ങളുടെ ഉല്‍പ്പാദനവും ദഹനവ്യൂഹത്തില്‍ കുറഞ്ഞിരിക്കും. അതുകൊണ്ടാണ്‌ വീനിങ്‌ കഴിഞ്ഞയുടനെ ദഹനവ്യൂഹമായതില്‍ അമ്ലത്വം കൂടുതലായിരിക്കും. അമ്ലത്വം കുറയ്‌ക്കുവാനായി കക്കകള്‍ പൊടിച്ച്‌ തീറ്റയില്‍ ചേര്‍ക്കാം. 3-4 ആഴ്‌ച പ്രായമുള്ള പന്നിക്കുഞ്ഞുങ്ങളുടെ ആമാശയത്തില്‍ ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ പുറപ്പെടുവിക്കുന്നതിനുള്ള കഴിവ്‌ കുറവായിരിക്കും. അതുകൊണ്ടുതന്നെ തീറ്റയില്‍ 0.85-0.9 ശതമാനം മാത്രമേ കക്കപ്പൊടി ചേര്‍ക്കാവൂ. 1-2 ശതമാനം ഓര്‍ഗാനിക്‌ അമ്ലങ്ങള്‍ (ലാക്‌ടിക്‌ അസറ്റിക്‌) തീറ്റയില്‍ ചേര്‍ത്താലും ദഹനക്കേടുകള്‍ ഒഴിവാക്കാം.
തീറ്റയില്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ത്താല്‍ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ 10-20 ശതമാനം കണ്ട്‌ വളര്‍ച്ച കൂടും. കൂടാതെ 125 പി.പി.എം. അളവില്‍ തുരിശ്‌ തീറ്റയില്‍ പൊടിച്ചു ചേര്‍ത്താല്‍ തീറ്റപരിവര്‍ത്തനശേഷി വര്‍ധിക്കുന്നതായി കണ്ടിട്ടുണ്ട്‌.
വീനിങ്‌ നടത്തിയ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റയില്‍ ബി കോംപ്ലക്‌സ്‌ വിറ്റാമിനുകള്‍ ചേര്‍ത്തുകൊടുക്കുന്നത്‌ ഗുണം ചെയ്യും.
 

പന്നിയുടെ തീറ്റയെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങള്‍


1. അന്തരീക്ഷതാപനില: ചൂടുദിവസങ്ങളില്‍ പന്നികള്‍ തീറ്റകഴിക്കുന്നത്‌ കുറയും.
2. പന്നികളുടെ സ്വഭാവം: ചില പന്നികള്‍ ആക്രമണസ്വഭാവമുള്ളവരായിരിക്കും. പലപ്പോഴും ഓരോ കൂട്ടിലെയും ഒരു പന്നിക്കെങ്കിലും ആവശ്യാനുസരണം തീറ്റ ലഭിക്കാതെവരാം.
3. തീറ്റ ലഭ്യത: ആവശ്യത്തിന്‌ തീറ്റസ്ഥലത്തിന്റെയും തീറ്റയുടെയും ലഭ്യത.
4. ആവശ്യത്തിനു വെള്ളം: ഒരു കി.ഗ്രാം തീറ്റയ്‌ക്ക്‌ 3-6 ലിറ്റര്‍ വെള്ളം പന്നികള്‍ കുടിക്കും. ശരിയായ തീറ്റരീതി ശ്രദ്ധിക്കണം. തീറ്റയുടെ അളവില്‍ ആഴ്‌ചതോറും ക്രമീകരണം നടത്തണം. അമിതമായി ഭക്ഷണം നല്‍കുന്നത്‌ തീറ്റ നഷ്‌ടപ്പെടുന്നതിനിടയാക്കും. തീറ്റക്കുറവ്‌ താഴ്‌ന്ന വളര്‍ച്ചാനിരക്കിനും കാരണമാകും.
 

വിവിധയിനം ചേരുവകള്‍


ചോളം: ഊര്‍ജ്ജദായകമായ തീറ്റയാണിത്‌. സ്റ്റാര്‍ട്ടര്‍ തീറ്റയുടെ 85% വരെ ചോളം ചേര്‍ക്കാം. ഗര്‍ഭിണിപ്പന്നിക്കുള്ള തീറ്റയില്‍ 25% വരെ മാത്രമെ ചോളം ചേര്‍ക്കാവൂ. മഞ്ഞച്ചോളത്തില്‍ വിറ്റാമിന്‍ എ, ബി 12, ഡി എന്നിവയും അടങ്ങിയിട്ടുണ്ട്‌.
ഗോതമ്പ്‌: ഇതും ഊര്‍ജ്ജദായകമായ തീറ്റയാണ്‌. പോഷകഘടനയില്‍ ചോളത്തിനു താഴെയാണ്‌ സ്ഥാനം. ഗോതമ്പു നുറുക്കിയത്‌ ചേര്‍ക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. നന്നായി പൊടിച്ച ഗോതമ്പ്‌ തീറ്റയില്‍ ചേര്‍ക്കരുത്‌.
അരി: ഇതും ഊര്‍ജ്ജദായക പദാര്‍ത്ഥമാണ്‌. പോഷകഘടനയില്‍ ഗോതമ്പിനു തുല്യമാണ്‌. ഒരു കി.ഗ്രാം അരി അര കി.ഗ്രാം ചോളത്തിനു തുല്യമാണ്‌.
കപ്പ: കപ്പ പൊടിച്ചത്‌, പച്ചക്കപ്പ, കപ്പയില എന്നിവ തീറ്റയായി നല്‍കാറുണ്‌. കപ്പയിലയില്‍ നല്ലതോതില്‍ മാംസ്യം അടങ്ങിയിട്ടുണ്ട്‌. കപ്പ തീറ്റയായി നല്‍കുമ്പോള്‍ 0.2 ശതമാനം മെത്തിയോണിന്‍ ചേര്‍ത്തു നല്‍കിയാല്‍ വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും വര്‍ധിക്കുന്നതായി കാണാം. ഇതേ ഗുണം പാം ഓയില്‍, ഗ്ലൂക്കോസ്‌ എന്നിവ കപ്പയുടെ കൂടെ ചേര്‍ത്താലും ലഭിക്കും. കപ്പയിലയിലെ ഹൈഡ്രോസയനിക്‌ അമ്ലത്തെ നിര്‍വീര്യമാക്കാന്‍ ഗ്ലൂക്കോസിനു കഴിയും.
മധുരക്കിഴങ്ങ്‌: ഉണങ്ങിയ മധുരക്കിഴങ്ങിന്‌ ചോളത്തിന്റെ 90 ശതമാനം പോഷകമൂല്യമുണ്ട്‌. ഇതു കൊടുക്കുമ്പോള്‍ 30-40 ശതമാനംവരെ ധാന്യം കുറയ്‌ക്കുവാന്‍ കഴിയും.
മൊളാസ്സസ്‌: ഫാറ്റനിങ്‌ പന്നികളില്‍ 30 ശതമാനവും പന്നിക്കുഞ്ഞുങ്ങളില്‍ 5 ശതമാനവും മൊളാസ്സസ്‌ തീറ്റയില്‍ ചേര്‍ക്കാം. 13 ശതമാനം മാംസ്യമടങ്ങിയ തീറ്റയില്‍ 30 ശതമാനം മൊളാസ്സസ്‌ ചേര്‍ത്തപ്പോള്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്ക്‌ രേഖപ്പെടുത്തുകയുണ്ടായി.
തവിട്‌: ചോളത്തിന്‍രെ 67 ശതമാനം ഗുണം തിവിടിനുണ്ട്‌. തീറ്റയില്‍ 40 ശതമാനംവരെ ചേര്‍ക്കാം. കൂടിയ അളവില്‍ നാരുള്ളതിനാല്‍ വളരുന്ന പന്നികളുടെ തീറ്റയില്‍ ചേര്‍ക്കുന്നതാണ്‌ അഭികാമ്യം. ഇതില്‍ കൂടിയ അളവില്‍ തയമിന്‍ അടങ്ങിയിരിക്കുന്നു.
 

മാംസ്യം അടങ്ങിയ തീറ്റകള്‍


സോയാബീന്‍ മീല്‍: മാംസ്യം ലഭിക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതാണ്‌ സോയാബീന്‍. ഇതില്‍ 45.8 ശതമാനം മാംസ്യം അടങ്ങിയിരിക്കുന്നു. തീറ്റയില്‍ 20-25 ശതമാനംവരെ ചേര്‍ക്കാവുന്നതാണ്‌. സോയാബീനിന്റെ വര്‍ധിച്ചുവരുന്ന വില കാരണം തീറ്റയിലെ മാംസ്യസ്രോതസ്സിനായി മറ്റ്‌ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.
മീറ്റ്‌ മീല്‍: മിക്കപ്പോഴും മറ്റ്‌ കം ബോണ്‍ മീലാണ്‌ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്‌. സോയാബീനിന്റെ 89 ശതമാനം പോഷകഗുണം ഇതിനുണ്ട്‌. തീറ്റയില്‍ 15 ശതമാനം വരെ മീറ്റ്‌ മീല്‍ ചേര്‍ക്കാം.
ഫിഷ്‌ മീല്‍: എണ്ണയെടുത്തശേഷം പൊടിച്ചെടുക്കുന്നതാണ്‌ ഫിഷ്‌മീല്‍. തീറ്റയില്‍ 2-10 ശതമാനംവരെ ഉപയോഗിക്കാം. ഫിഷ്‌മീലില്‍ 50 ശതമാനംവരെ മാംസ്യം അടങ്ങിയിരിക്കുന്നു. ഫിനിഷര്‍ പന്നികള്‍ക്ക്‌ ഫിഷ്‌മീല്‍ കൊടുക്കരുത്‌.
ചെമ്മീന്‍പൊടി: സോയാബീനിന്റെ 54 ശതമാനം പോഷകഗുണം ചെമ്മീന്‍പൊടിക്കുണ്ട്‌. സോയാബീനും ചെമ്മീന്‍പൊടിയും തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല വളര്‍ച്ച ലഭിക്കുന്നതായാണ്‌ അനുഭവം.
ബ്ലഡ്‌ മീല്‍: സോയാബീനിന്റെ 75 ശതമാനം ഗുണം ഇതിനുണ്ട്‌. തീറ്റയില്‍ 5% വരെ ഉള്‍പ്പെടുത്താം.
ആഫ്രിക്കന്‍ ഒച്ചുകള്‍: കേരളത്തില്‍ പലയിടങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകള്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത വന്നിട്ടുണ്ട്‌. അവ കൂടുതലായാല്‍ വലിയ ശല്യമായിത്തീരാറുണ്ട്‌. ഇത്തരം ഒച്ചുകളെ 30 മിനിട്ട്‌ പുഴുങ്ങി തോടുകളഞ്ഞ്‌ പന്നിക്കു തീറ്റയായി നല്‍കാവുന്നതാണ്‌. തീറ്റയില്‍ 20% വരെ ചേര്‍ക്കാം. ചില സ്ഥലങ്ങളില്‍ ഫിഷ്‌ മീലിനുപകരമായി ഇത്‌ ഉപയോഗിക്കാറുണ്ട്‌.
എള്ളിന്‍പിണ്ണാക്ക്‌: സോയാബീനിന്റെ 89% പോഷകമൂല്യം ഇതിനുണ്ട്‌. പക്ഷേ, തീറ്റയില്‍ 2-5 ശതമാനമെ ചേര്‍ക്കാറുള്ളു. വളരുന്ന പന്നികള്‍ക്കാണ്‌ ഇവ കൊടുക്കുന്നത്‌.
പരുത്തിക്കുരുപ്പിണ്ണാക്ക്‌: ഇതില്‍ ഗോസ്സിപോള്‍ എന്ന വിഷം അടങ്ങിയിരിക്കുന്നതുകൊണ്ട്‌ തീറ്റയില്‍ 10 ശതമാനം മാത്രമേ ചേര്‍ക്കാറുള്ളു. ഇതില്‍ 41 ശതമാനം മാംസ്യം അടങ്ങിയിരിക്കുന്നു.
കടലപ്പിണ്ണാക്ക്‌: സോയാബീനിന്റെ പോഷകമൂല്യം ഇതിനുമുണ്ടെങ്കിലും പൂപ്പല്‍ വിഷസാധ്യതയുള്ളതിനാല്‍ ഇതിന്റെ ഉപയോഗം കുറവാണ്‌. തീറ്റയുടെ 5% വരെ ഇതു ചേര്‍ക്കാറുണ്ട്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍