പന്നി :പരിപാലനം

ഡ്രൈപന്നികളുടെ പരിപാലനം


വീനിങ്‌ മുതല്‍ ഇണചേരല്‍വരെയുള്ള ഉല്‍പ്പാദനമില്ലാത്ത കാലമാണ്‌ ഡ്രൈ കാലയളവ്‌. ഗര്‍ഭകാലം, മുലയൂട്ടല്‍ കാലയളവ്‌, വീനിങ്‌ തൊട്ട്‌ ഇണചേരല്‍ വരെയുള്ള കാലയളവ്‌ തുടങ്ങിയ സമയങ്ങളില്‍ നല്‍കുന്ന ശ്രദ്ധയോടെയുള്ള പരിപാലനം വീനിങ്‌ കഴിഞ്ഞാലുടന്‍ പന്നികളെ ഇണ ചേര്‍ക്കുന്നതിന്‌ സഹായിക്കും.
വീനിങ്‌ കഴിഞ്ഞ്‌ 3-7 ദിവസങ്ങള്‍ക്കുള്ളില്‍ ഒരുനല്ല തള്ളപ്പന്നി മദിയിലേക്ക്‌ തിരിച്ചുവരുകയും ഇണചേരുന്നതിന്‌ തയാറാകുകയും ചെയ്യും. ഇത്‌ സംഭവ്യമാകണമെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. എല്ലായ്‌പ്പോഴും തള്ളപ്പന്നികളെ നല്ല ആരോഗ്യത്തോടെയും ശാരീരികസ്ഥിതിയോടെയും സംരക്ഷിക്കുക. നല്ല ആരോഗ്യമുള്ള പന്നികള്‍ പെട്ടെന്ന്‌ മദിയിലേക്ക്‌ എത്തുന്നു. മുലയൂട്ടുന്ന കാലയളവില്‍ പന്നിയുടെ ശരീരസ്ഥിതിക്ക്‌ നല്ല ശ്രദ്ധ കൊടുക്കേണ്ടതാവശ്യമാണ്‌. ഈ സമയത്താണ്‌ പന്നിക്ക്‌ ഭാരനഷ്‌ടം ഉണ്ടാകുന്നത്‌.
2. മുലയൂട്ടുന്ന കാലയളവ്‌ ആറാഴ്‌ചയില്‍ കൂടരുത്‌. ആറാഴ്‌ചയില്‍ കൂടുതലാണെങ്കില്‍ ഡ്രൈകാലവും കൂടും.
3. വീനിങ്ങിന്റെ ദിവസം പന്നിക്ക്‌ തീറ്റകൊടുക്കരുത്‌. ഇത്‌ പന്നിക്ക്‌ പെട്ടെന്ന്‌ മദിലക്ഷണങ്ങള്‍ കാണിക്കുന്നതിനുള്ള സമ്മര്‍ദ്ദമായി ഭവിക്കും. ഉയര്‍ന്ന അന്തരീക്ഷതാപനിലയുള്ള സ്ഥലങ്ങളില്‍ വെള്ളം കൊടുക്കാതിരിക്കരുത്‌. പുതുതായി വീനിങ്‌ ചെയ്‌ത അമ്മപ്പന്നികള്‍ക്ക്‌ വെള്ളം കൊടുക്കുന്നതിന്റെ അളവ്‌ കുറയ്‌ക്കാവുന്നതാണ്‌.
4. വീനിങ്‌ ചെയ്‌ത പന്നികളെ ആണ്‍പന്നികളുടെ കൂടെയിടുക. ഇത്‌ മദിലക്ഷണങ്ങള്‍ പെട്ടെന്നു പ്രത്യക്ഷപ്പെടാന്‍ സഹായിക്കും. പെണ്‍പന്നികളുടെ കൂടുകള്‍, തീറ്റബോക്‌സുകള്‍, സ്റ്റാളുകള്‍ എന്നിവ ആണ്‍പന്നിയുടെ കൂടിനടുത്താക്കുക. ഒരു വാസക്‌ടമി ചെയ്‌ത ആണ്‍പന്നിയെ മദിലക്ഷണങ്ങള്‍ കണ്ടെത്താനും മദിലക്ഷണങ്ങള്‍ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്നതിനും ഉപയോഗിക്കാം.
5. വീനിങ്ങിനു 10-12 ദിവസങ്ങള്‍ക്കുശേഷവും പെണ്‍പന്നി മദിലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ അവസാനമാര്‍ഗ്ഗമെന്ന നിലയില്‍ ഹോര്‍മോണ്‍ ഇന്‍ജക്‌ഷന്‍ നല്‍കാവുന്നതാണ്‌.
6. 8 തവണയിലധികം പ്രസവിച്ച പ്രായമായ പന്നികള്‍ മദിയില്‍ തിരിച്ചെത്താന്‍ വളരെ സമയമെടുക്കും.
7. വേനല്‍ക്കാലത്ത്‌ പന്നികള്‍ക്ക്‌ കഴിയുന്നത്ര തണുപ്പ്‌ നല്‍കേണ്ടതാണ്‌. ചൂടുമൂലമുള്ള സമ്മര്‍ദ്ദം മദി വൈകാന്‍ കാരണമാകും.
8. ഡ്രൈ പെണ്‍പന്നികളെ ദിവസത്തില്‍ 2 പ്രാവശ്യം മദിലക്ഷണങ്ങള്‍ക്കു പരിശോധിക്കുക. മദിലക്ഷണങ്ങള്‍ കണ്ടുപിടിക്കാന്‍ വൈകുന്നത്‌ ഫാമിലെ വീനിങ്‌തൊട്ട്‌ സര്‍വ്വീസ്‌വരെയുള്ള കാലയളവ്‌ വര്‍ധിക്കാനിടയാക്കുന്നു. തീറ്റനല്‍കുന്ന സമയങ്ങളില്‍ മദി ലക്ഷണങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാം. ഒരു പെണ്‍പന്നിയെയോ ടീസര്‍ ആണ്‍പന്നിയെയോ ഉപയോഗിച്ച്‌ ബാക്ക്‌പ്രഷര്‍ ടെസ്റ്റ്‌ നടത്താം.
9. നല്ല പെണ്‍പന്നികളെ മാത്രം പ്രജനനത്തിനുപയോഗിക്കുക. മോശം പെണ്‍പന്നികളെ ഒഴിവാക്കുക.
10. വീനിങ്ങിനുശേഷം അമ്മപ്പന്നികളെ മേച്ചില്‍പ്പുറങ്ങളില്‍ മേയാന്‍ അനുവദിക്കുന്നത്‌ കാലുകള്‍ക്ക്‌ ബലം നല്‍കും.
11. ശരിയായ സമയത്ത്‌ പ്രജനനം നടത്തുക. ഉചിത സമയത്ത്‌ അല്ലാതെ ചെയ്യുന്ന ബീജാധാനം ഗര്‍ഭധാരണനിരക്കും കുഞ്ഞുങ്ങളുടെ എണ്ണവും കുറയാനിടയാകുന്നു.
12. പറ്റുമെങ്കില്‍ ഒരു കൂട്ടിലെ അല്ലെങ്കില്‍ ഒരു മേച്ചില്‍പ്പുറത്തെ മുഴുവന്‍ പെണ്‍പന്നികളെയും ഒരുമിച്ച്‌ ഡ്രൈ ചെയ്യുക. ഒരു പന്നിക്ക്‌ രണ്ട്‌ സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം വേണം. ഒരുമിച്ചു താമസിപ്പിക്കുന്നത്‌ പരസ്‌പരം ഇടപഴകുന്നത്‌ വര്‍ധിപ്പിക്കുമെന്നതിനാല്‍ മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‌ കാരണമാകുന്നു.
13. മേച്ചില്‍പുറങ്ങളില്‍ വളര്‍ത്തുന്ന, പ്രജനനത്തിനുപയോഗിക്കുന്ന പന്നികള്‍ക്ക്‌ വേനല്‍ക്കാലത്ത്‌ ആവശ്യത്തിന്‌ തണല്‍ നല്‍കുക.
14. കൂടുതല്‍ വ്യായാമം കിട്ടുന്ന രീതിയില്‍ താമസം, തീറ്റസൗകര്യം എന്നിവ ക്രമീകരിക്കുക.
15. പന്നികളുടെ കൂട്‌ വൃത്തിയാക്കി അണുനാശിനി തളിക്കുക.
 

ശുചിത്വവും അണുനശീകരണവും കാര്യക്ഷമമാക്കുന്നതിനു താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്‌.


1. വളം, കിടക്കുന്ന സ്ഥലത്തെ അവശിഷ്‌ടങ്ങള്‍, ഒട്ടിപ്പിടിച്ച അഴുക്ക്‌, പൊടി എന്നിവ നീക്കംചെയ്യുക. തറ, ഭിത്തി, മേല്‍ക്കൂര എന്നിവയില്‍നിന്നും അഴുക്കും പൊടിയും നീക്കി വൃത്തിയായി സൂക്ഷിക്കുക.
2. കൂടും ഉപകരണങ്ങളും ഡിറ്റര്‍ജന്റ്‌ ചേര്‍ത്ത ദ്രാവകത്തിലോ സോപ്പു വെള്ളത്തിലോ കുതിര്‍ത്തുവെച്ച്‌ കഴുകുക.
3. ഒറ്റയ്‌ക്കുള്ള കൂടുകള്‍ വൃത്തിയാക്കുന്നതിന്‌ ഏറ്റവും കാര്യക്ഷമവും സാധാരണവുമായ മാര്‍ഗ്ഗം ഹൈ പ്രഷര്‍ സ്‌പ്രേയര്‍ ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ എളുപ്പം. ശുചിയാക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കാം. പന്നികളെ കുളിപ്പിച്ചതിനുശേഷം ഉണങ്ങാന്‍ അനുവദിക്കുക.
4. തറ, ഭിത്തി, മേല്‍ക്കൂര, ഉപകരണങ്ങള്‍ എന്നിവയ്‌ക്ക്‌ അനുയോജ്യമായ അണുനാശിനികള്‍ ഉപയോഗിക്കുകയും ഉണങ്ങാനനുവദിക്കുകയും വേണം.
5. സാധിക്കുമെങ്കില്‍ കൂടുകള്‍ മൂന്നു ദിവസമോ അധികമോ ഒഴിച്ചിടുക.
 

ഗര്‍ഭിണിപ്പന്നികളുടെ പരിപാലനം


ഇണചേരലിന്റെയും പ്രത്യുല്‍പ്പാദനത്തിന്റെയും ഏറ്റവും പ്രധാനവും അവസാനവുമായ കാര്യം വിജയകരമായി പെണ്‍പന്നികളെ പരിപാലിക്കുക എന്നതാണ്‌. ശരിയായി പരിപാലിച്ചാല്‍ തീരുമാനിച്ചുറപ്പിച്ച സമയത്തുതന്നെ പ്രസവം നടക്കുകയും കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യും. വീനിങ്‌ കഴിഞ്ഞയുടനെതന്നെ മദിലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. പ്രസവിക്കാത്ത പന്നികളുടെയും ഒഴിവാക്കുന്നവയുടെയും എണ്ണം കുറയും. കൂടുതല്‍ ഉല്‍പ്പാദനവും കുറഞ്ഞ ചെലവും പന്നിവളര്‍ത്തലില്‍നിന്നു പ്രതീക്ഷിക്കാം. ഇത്‌ സംഭവ്യമാകണമെങ്കില്‍ താഴെപ്പറയുന്ന പരിപാലനരീതി അവലംബിക്കുക.
 

പ്രസവനിയന്ത്രണം


25 ദിവസം വരെ പന്നികളെ കൃത്യമായി പരിശോധിച്ച്‌ രേഖപ്പെടുത്തിവയ്‌ക്കുന്നത്‌ ഏത്‌ പന്നിയാണ്‌ മദിയിലേക്ക്‌ തിരിച്ചുവരുന്നത്‌ എന്ന്‌ കണ്ടുപിടിക്കാന്‍ സഹായിക്കും. ഇത്‌ കമ്പ്യൂട്ടര്‍, ചുമര്‍ചാര്‍ട്ട്‌, സൗകലണ്ടര്‍ (sow calendar) എന്നിവ ഉപയോഗിച്ച്‌ ചെയ്യാവുന്നതാണ്‌.
ഇണചേര്‍ന്ന്‌ 21 ദിവസത്തിനുശേഷമാണ്‌ മദിയിലേക്കു തിരിച്ചുവരേണ്ടതെങ്കിലും ഇത്‌ 18-ഓ ആകാം. അതുകൊണ്ട്‌ 21-നു മുന്‍പും പിന്‍പും ശ്രദ്ധിക്കുക. ഈ സമയങ്ങളില്‍ ദിവസം 2 പ്രാവശ്യം പന്നികളെ ശ്രദ്ധിക്കണം.
മദിയിലേക്കു തിരിച്ചെത്തിയോ എന്ന്‌ ബാക്ക്‌പ്രഷര്‍ അല്ലെങ്കില്‍ ബോര്‍ ടെസ്റ്റുകള്‍ നടത്തി മനസ്സിലാക്കാം. ശരിയായ രീതിയിലുള്ള ഒരു കൂട്‌ ഇതിനെ സഹായിക്കുന്നു. ഇണചേരാനുള്ള കൂടുണ്ടെങ്കില്‍ പെണ്‍പന്നിയെ ആണ്‍പന്നിയുടെ അടുത്തേക്കു കൊണ്ടുപോവുക. പെണ്‍പന്നികളെ സ്റ്റാളുകളിലാണ്‌ സൂക്ഷിക്കുന്നതെങ്കില്‍ ആണ്‍പന്നിയെ അവിടേക്കു കൊണ്ടുപോയി പരിശോധിക്കാം. വളരെയികം പന്നികള്‍ ഇണചേരലിനുശേഷവും മദിയിലേക്കു തിരിച്ചുവരുന്ന കൂട്ടത്തില്‍ ഗര്‍ഭപരിശോധന നടത്തുന്നത്‌ ഗുണം ചെയ്യും.
പന്നികള്‍ മദിയിലെത്തിയാലും ഇല്ലെങ്കിലും രണ്ടാംവട്ടം ഇണചേരലിനു 36 ദിവസം മുതല്‍ 48-ാം ദിവസം വരെ മദിലക്ഷണങ്ങള്‍ കണ്ടുപിടിക്കാം. ഈ സമയത്ത്‌ ഒരു കര്‍ഷകന്‌ പന്നി മദിയിലെത്തുന്നില്ലെങ്കില്‍ അതിന്റെ ശാരീരികസ്ഥിതികൂടി കണക്കിലെടുത്തും അത്‌ ഗര്‍ഭിണിയാണെന്ന്‌ അനുമാനിക്കും. പ്രസവത്തിന്‌ 30 ദിവസങ്ങള്‍ മുമ്പുതൊട്ട്‌ തീറ്റ അലവന്‍സ്‌ നല്‍കുക.
 

തീറ്റ


പന്നിക്കു കൊടുക്കുന്ന തീറ്റയുടെ അളവ്‌ കൂട്ടേണ്ടതിനുള്ള കാരണങ്ങള്‍ ഇവയാണ്‌:
1. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച
2. മുലയൂട്ടല്‍ കാലഘട്ടത്തിലേക്കുള്ള സംഭരണം.
 

മറ്റു കാര്യങ്ങള്‍


1. പേനിനു ചികില്‍സ: ആദ്യഘട്ടം പ്രസവത്തിന്‌ 14 ദിവസം മുന്‍പ്‌ സോപ്പും സ്‌കബറും ഉപയോഗിച്ച്‌ നന്നായി പന്നിയെ വൃത്തിയാക്കിയശേഷം ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട്‌ മെയ്‌ഞ്ചിനും പേനിനും എതിരായി മരുന്നു പ്രയോഗിക്കുക. ഇവ സ്‌പ്രേ, ഇന്‍ജക്‌ഷന്‍, പൊടി എന്നിങ്ങനെ ലഭ്യമാണ്‌.
2. വിരയിളക്കല്‍: പ്രസവത്തിനു 10 ദിവസം മുന്‍പ്‌, അമ്മപ്പന്നിയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന്‌ ഇത്‌ അത്യന്താപേക്ഷിതമാണ്‌. തീറ്റയിലൂടെയോ (ചെലവ്‌ കുറവ്‌) ഇന്‍ജക്‌ഷനായോ നല്‍കാം.
3. മെയ്‌ഞ്ച്‌, പേന്‍ ചികില്‍സ: രണ്ടാം ഘട്ടം- പ്രസവത്തിനു 7 ദിവസം മുന്‍പ്‌ അമ്മപ്പന്നിയുടെ ശരീരത്തില്‍ ബാക്കിയുള്ള മെയ്‌ഞ്ചിന്റെയും പേനിന്റെയും മുട്ടകളെ നശിപ്പിക്കാനാണ്‌ ഈ രണ്ടാംഘട്ട ചികില്‍. ഇന്‍ജക്‌ഷന്‍ മരുന്നുകളാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ രണ്ടാംഘട്ട ചികില്‍സയുടെ ആവശ്യമില്ല.
4. പ്രസവക്കൂട്ടിലേക്കു മാറ്റം: പ്രസവത്തിന്‌ 7 ദിവസം മുമ്പ്‌ പുതിയ അന്തരീക്ഷവുമായി താദാത്മ്യം പ്രാപിക്കുന്നതിനുവേണ്ടി നേരത്തേതന്നെ പെണ്‍പന്നികളെ പ്രസവക്കൂട്ടിലേക്കു മാറ്റുക.
5. തീറ്റ അലവന്‍സ്‌ കുറയ്‌ക്കുക: പ്രസവത്തിന്‌ 3 ദിവസം മുന്‍പ്‌ മലബന്ധം ഇല്ലാതാക്കാനും വിഷമമില്ലാതെ പ്രസവിക്കാനും ഇത്‌ സഹായിക്കുന്നു.
6. പ്രസവക്കൂടുകള്‍ ചൂടുള്ളതും ഉണക്കമുള്ളതും വരണ്ടതല്ലാത്തതുമായിരിക്കുന്നത്‌ വയറിളക്കവും പന്നിക്കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന മറ്റു രോഗങ്ങളും തടയാന്‍ സഹായിക്കുന്നു. പ്രസവക്കൂടുകളില്‍ ഓരോ പ്രാവശ്യവും വൃത്തിയാക്കി അണുനാശിനി തളിക്കുക. പ്രസവങ്ങള്‍ക്കിടയില്‍ 3 ദിവസം തൊട്ട്‌ 1 ആഴ്‌ചവരെ പ്രസവക്കൂട്‌ ഒഴിച്ചിടുന്നത്‌ രോഗകാരികളായ അണുക്കള്‍ പെരുകുന്നത്‌ തടയാന്‍ സഹായിക്കും. അമ്മപ്പന്നി പന്നിക്കുട്ടികളുടെ മേല്‍ കിടക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടം തടയാന്‍ ഫാരോയിങ്‌ ക്രേറ്റസ്‌, ഗാര്‍ഡ്‌ റെയില്‍സ്‌ എന്നിവയുണ്ടാക്കാം.
7. പന്നി പ്രസവിക്കുന്ന സമയത്ത്‌ ഓരോ മണിക്കൂറിലും അവയെ നിരീക്ഷിക്കുക. ജനിച്ച കുഞ്ഞുങ്ങളെ അവയുടെ പുറത്തെ മറുപിള്ളയും മറ്റും മാറ്റി വായും മൂക്കും വൃത്തിയാക്കുക. പന്നിക്കുട്ടികളെ ബ്രുഡര്‍ലാമ്പ്‌ അല്ലെങ്കില്‍ ഒരു ഹീറ്റ്‌ ലാമ്പിന്റെ ചുവട്ടില്‍ വയ്‌ക്കുന്നത്‌ തണുപ്പില്‍നിന്നും സംരക്ഷിക്കും.
8. ജനിച്ച ഉടനെതന്നെ കൊളസ്‌ട്രം കുടിപ്പിക്കേണ്ടതാണ്‌. പന്നിക്കുട്ടികളുടെ പൊക്കിള്‍കൊടി മുറിച്ചുമാറ്റി ടിന്‍ചര്‍ അയഡിന്‍ പുരട്ടിക്കൊടുക്കണം.
9. പ്രസവിച്ച പന്നികള്‍ക്ക്‌ ആന്റിബയോട്ടിക്കുകള്‍ നല്‍കാറുണ്ട്‌. ഇവ ഇന്‍ജക്‌ഷനായാണ്‌ നല്‍കുന്നതെങ്കില്‍ ഒരു തവണ പ്രസവത്തിന്റെ ദിവസം അല്ലെങ്കില്‍ അടുത്തടുത്ത 3 ദിവസങ്ങളില്‍ ഒരു തവണ വീതം നല്‍കണം. തീറ്റയില്‍ക്കൂടിയാണെങ്കില്‍ പ്രസവിച്ച ദിവസം തൊട്ട്‌ 10-14 ദിവസം തുടര്‍ച്ചയായി നല്‍കുക.
ഇനി പറയുന്നവകൂടി ചെയ്യുക
1. ജനിച്ച ദിവസംതന്നെ കുഞ്ഞുങ്ങളുടെ പല്ലുകള്‍ ക്ലിപ്‌ ചെയ്യുക.
2. 0-3 ദിവസംവരെ ഇരുമ്പുസത്ത്‌ ഇന്‍ജക്‌ഷന്‍ നല്‍കണം.
3. 0-10 ദിവസം പ്രായത്തില്‍ വന്ധീകരണം ചെയ്യാം.
4. വൃത്തിയുള്ള നല്ല വെള്ളം കുടിക്കാന്‍ എപ്പോഴും ലഭ്യമായിരിക്കണം. പന്നിക്ക്‌ പാലുല്‍പ്പാദനത്തിന്‌ ഇത്‌ അത്യാവശ്യമാണ്‌.
5. ജീവകം A, E, D എന്നിവ വീനിങ്ങിനു മുന്‍പ്‌ ഒരു പ്രാവശ്യമോ അല്ലെങ്കില്‍ വീനിങ്ങിന്റെ ദിവസമോ നല്‍കണം.
6. വാക്‌സിനേഷന്‍: പന്നി നല്ല ആരോഗ്യസ്ഥിതിയിലാണെങ്കില്‍ ആദ്യത്തെ ആഴ്‌ചതൊട്ടുതന്നെ വാക്‌സിന്‍ കൊടുത്തുതുടങ്ങാം.
7. രോഗങ്ങള്‍ കൂടുതലാണെങ്കില്‍ ഒരു മൃഗഡോക്‌ടറുടെ ഉപദേശപ്രകാരം തീറ്റയില്‍ക്കൂടി മരുന്നു നല്‍കണം.
8. സാധാരണ നല്‍കാറുള്ള എല്ലാ വാക്‌സിനുകളും നല്‍കുക.
9. ബാഹ്യ-ആന്തരിക പരാദങ്ങള്‍ക്കെതിരായി മരുന്നു ചെയ്യുക.
 

പ്രസവിച്ച പന്നിയുടെ പരിപാലനം


ഒരു പന്നിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാലഘട്ടമാണ്‌ ജനനം മുതല്‍ വീനിങ്‌ വരെയുള്ള സമയം. വീനിങ്ങിനു മുന്‍പ്‌ നാലില്‍ ഒന്ന്‌ എന്ന കണക്കിന്‌ കുഞ്ഞുങ്ങള്‍ക്ക്‌ മരണം സംഭവിക്കുന്നു. ഇതില്‍ കൂടുതല്‍ ശതമാനം മരണവും പ്രസവം കഴിഞ്ഞ്‌ ആദ്യ ആഴ്‌ചയിലായിരിക്കും.
 

പന്നിക്കുഞ്ഞുങ്ങളുടെ പരിപാലനം


പന്നികള്‍ പ്രസവിക്കുമ്പോള്‍ സാധാരണയായി കുഞ്ഞുങ്ങളുടെ തല അല്ലെങ്കില്‍ പിന്‍ഭാഗം ആദ്യം വരുന്നരീതിയിലാണ്‌ ജനിക്കുന്നത്‌. ചിലപ്പോള്‍ ഒരു പന്നിക്കുട്ടി മുഴുവനായും പ്ലാസന്റയാല്‍ പൊതിഞ്ഞു പുറത്തുവരാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പന്നിക്കുഞ്ഞിനെ ഇതില്‍നിന്നു പുറത്തെടുത്തില്ലെങ്കില്‍ ശ്വാസതടസ്സം ഉണ്ടാകും.
 

പൊക്കിള്‍ക്കൊടി സംരക്ഷണം

പുറത്തു വന്നയുടനെ പൊക്കിള്‍ക്കൊടി വിച്ഛേദിക്കരുത്‌. ഇത്‌ രോഗാണുക്കള്‍ക്ക്‌ എളുപ്പത്തില്‍ ഉള്ളില്‍ കയറാന്‍ സഹായികമാകും. അത്‌ സ്വയം ഉണങ്ങി അടര്‍ന്നു പോകുന്നതാണ്‌. ഇതിന്‌ സാധാരണ ജനനത്തിനുശേഷം 6 മണിക്കൂറെടുക്കും. എന്നാല്‍ അവശരായ പന്നിക്കുട്ടികളില്‍ കൂടുതല്‍ സമയമെടുക്കും. പൊക്കിള്‍കൊടിയില്‍നിന്ന്‌ രക്തസ്രാവം ഉണ്ടാവുകയാണെങ്കില്‍ ശരീരത്തില്‍നിന്ന്‌ 1-2 ഇഞ്ച്‌ അകലെ പൊക്കിള്‍കൊടിയില്‍ ഒരു വൃത്തിയുള്ള നൂല്‍കൊണ്ടു കെട്ടുക. പൊക്കിള്‍ക്കൊടിയുടെ അഗ്രം ദിവസവും അണുനാശിനിയില്‍ മുക്കുന്നത്‌ പിന്നീടുള്ള പ്രശ്‌നങ്ങള്‍ (നാവല്‍ഇല്‍, ഗ്രീസിപിഗ്‌, ആര്‍ത്രൈറ്റിസ്‌) കുറയ്‌ക്കുന്നതിന്‌ സഹായിക്കും.
 

പല്ല്‌ ക്ലിപ്‌ ചെയ്യുക, വാല്‍ മുറിക്കുക

ജനനത്തിന്‌ ഏതാനും മണിക്കൂറുകള്‍ക്കുശേഷം തന്നെ ഈ രണ്ടു കാര്യങ്ങളും ചെയ്യാം. കുട്ടികള്‍ തമ്മിലുള്ള ആക്രമണം ഒഴിവാക്കാനും അമ്മയുടെ അകിടിലുള്ള അപകടം കുറയ്‌ക്കാനുമാണ്‌ നീഡില്‍ പല്ലുകള്‍ ക്ലിപ്‌ ചെയ്യുന്നത്‌. പല്ലിന്റെ കൂര്‍ത്ത അഗ്രം ഒരു ടീത്ത്‌ ക്ലിപ്പര്‍ അല്ലെങ്കില്‍ ഇലക്‌ട്രിക്‌ വയര്‍ കട്ടര്‍കൊണ്ടു മുറിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. (കീഴ്‌ത്താടിയിലെ 4-ഉം മേല്‍ത്താടിയിലെ 4-ഉം പല്ലുകളാണ്‌ ക്ലിപ്പ്‌ ചെയ്യേണ്ടത്‌). ഏറ്റവും അടിയില്‍വച്ച്‌ ക്ലിപ്പു ചെയ്യുന്നത്‌ മോണമുറിഞ്ഞ്‌ രക്തസ്രാവവും മറ്റു രോഗാണുബാധയും ഉണ്ടാക്കുമെന്നതിനാല്‍ അത്‌ ഒഴിവാക്കേണ്ടതാണ്‌.
വീനിങ്ങിന്റെയും ഫാറ്റനിങ്ങിന്റെയും സമയത്ത്‌ വാല്‍ കടിക്കുന്നത്‌ ഒഴിവാക്കാനാണ്‌ വാല്‍ മുറിക്കുന്നത്‌. താഴെ പറയുന്നവ വാല്‍ മുറിക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളാണ്‌. സൈഡ്‌കട്ടറോ ഇലക്‌ട്രിക്‌ വാല്‍മുറിയന്ത്രമോ ഉപയോഗിക്കാം. ജനിച്ച്‌ കഴിയുന്നത്ര പെട്ടെന്ന്‌ വാല്‍ മുറിക്കുക. മുറിവ്‌ ചെറുതും രക്തസ്രാവമില്ലാത്തതുമായതിനാല്‍ പെട്ടെന്ന്‌ ഉണങ്ങും. വാല്‍ വളരെ ചെറുതാക്കി മുറിക്കരുത്‌. പെണ്‍പന്നികളില്‍ യോനിയുടെ അറ്റവും ആണ്‍പന്നികളില്‍ വൃഷണത്തിന്റെ മധ്യവും വാല്‍മുറിക്കാനുള്ള മാനദണ്ഡമായി കണക്കാക്കാം. മുറിക്കാനുപയോഗിച്ച കട്ടറുകള്‍ വൃത്തിയാക്കുക. ബാക്‌ടീരിയബാധയ്‌ക്ക്‌ സാധ്യതയുള്ളതിനാല്‍ വാല്‍ മുറിക്കാനും പല്ല്‌ ക്ലിപ്പു ചെയ്യാനും ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
 

ബ്രൂഡിങ്‌

ഉയര്‍ന്ന അന്തരീക്ഷതാപനില പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ വലിയ പന്നികളെക്കാള്‍ സുഖപ്രദമായിരിക്കും. പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ബ്രൂഡര്‍ താപനില 300C-320C. രണ്ട്‌ 75 watt അല്ലെങ്കില്‍ മൂന്ന്‌ 50 watt ഇലക്‌ട്രിക്‌ ബള്‍ബുകള്‍ ഇതിനായി ഉപയോഗിക്കാം. അതിരാവിലെ 1 മണി മുതല്‍ 4 മണിവരെ ചൂട്‌ കൊടുക്കണം.
പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ ഉചിതമായ താപനില അവയുടെ സ്വഭാവത്തില്‍നിന്നും മനസ്സിലാക്കാം. പന്നിക്കുഞ്ഞുങ്ങള്‍ അമ്മയുടെയോ ചൂട്‌ സ്രോതസ്സിന്റെയോ അടുത്ത്‌ നില്‍കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ താപനില കുറവാണെന്ന്‌ അനുമാനിക്കാം. അമ്മയുടെ അടുത്ത്‌ പക്ഷേ, ചൂട്‌സ്രോതസ്സില്‍ നിന്നകന്ന്‌ കൂട്ടംകൂടി നില്‍ക്കുകയാണെങ്കില്‍ താപനില വളരെ കൂടുതലായിരിക്കും. പന്നിക്കുട്ടികള്‍ കൂട്ടില്‍ ഒരുപോലെ എല്ലായിടത്തും ഉണ്ടെങ്കില്‍ ഉചിതമായ താപനിലയായിരിക്കും.
 

ഇയര്‍നോച്ചിങ്‌

ഇത്‌ ജനിച്ചയുടന്‍ ചെയ്യേണ്ടത്‌. പന്നികളെ തിരിച്ചറിയുന്നതിനുവേണ്ടിയാണ്‌ ഇത്‌ ചെയ്യുന്നത്‌.
 

കൊളസ്‌ട്രം (കന്നിപ്പാല്‍)

മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയില്‍നിന്ന്‌ പ്ലാസന്റയിലൂടെയാണ്‌ ഇമ്മ്യൂണോഗ്ലോബുലിന്‍ ലഭിക്കുന്നത്‌. വളരുന്ന ഗര്‍ഭസ്ഥശിശുവിലേക്ക്‌ അമ്മയുടെ രക്തത്തിലൂടെ ആന്റിബോഡികള്‍ പ്രവഹിക്കുന്നു. അമ്മയ്‌ക്ക്‌ ബാധിച്ച രോഗങ്ങളുടെ തരവും വ്യാപ്‌തിയുമനുസരിച്ചിരിക്കും കുഞ്ഞിന്റെ പ്രതിരോധശക്തി. എന്നാല്‍ പന്നിയുടെ പ്ലാസന്റയിലൂടെ ആന്റിബോഡികള്‍ക്ക്‌ ഇത്തരത്തില്‍ സഞ്ചരിക്കാന്‍ സാധിക്കില്ല.
പന്നിക്കുഞ്ഞുങ്ങള്‍ കന്നിപ്പാല്‍ കുടിക്കുമ്പോള്‍ ഈ പ്രത്യേകതരം ആന്റിബോഡി കുടലിന്റെ ആവരണത്തിലൂടെ ആഗീരണം ചെയ്യപ്പെട്ട്‌ രക്തത്തിലെത്തുന്നു. അതിനാല്‍ പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ പ്രതിരോധശേഷി ജനനത്തിനുശേഷമാണ്‌ അമ്മയില്‍നിന്ന്‌ ലഭിക്കുന്നത്‌. അമ്മയില്‍നിന്ന്‌ ലഭിക്കുന്നത്‌. ഇതിന്‌ പാസ്സീവ്‌ ഇമ്മ്യൂണിറ്റി എന്നു പറയും. ഈ ഇമ്മ്യൂണിണോഗ്ലോബുലിനെ ദഹിപ്പിക്കാതെ ആഗീരണം ചെയ്യാനുള്ള കഴിവ്‌ ജനിച്ച 36 മണിക്കൂറിനുള്ളില്‍ നഷ്‌ടപ്പെടുന്നു. മാത്രമല്ല ഈ കാലയളവിനുശേഷം കഴിക്കുന്ന കന്നിപ്പാല്‍ ആമാശയത്തിലെ എന്‍സൈമുകളുടെ പ്രവര്‍ത്തനം മൂലം ദഹിക്കുകയും ചെയ്യും.


അഗതികുഞ്ഞുങ്ങളെ വളര്‍ത്തല്‍

അമ്മയുടെ പാലുല്‍പ്പാദനം കുറവോ കുഞ്ഞുങ്ങളുടെ എണ്ണം കൂടുതലോ ആണെങ്കില്‍ മുഴുവന്‍ കുഞ്ഞുങ്ങളെയോ കുറച്ച്‌ എണ്ണത്തിനെയോ ഒരു വളര്‍ത്തമ്മയുടെ അടുത്തേക്ക്‌ മാറ്റാം. ഒരേ ദിവസം പ്രസവിച്ച പന്നിയില്ലെങ്കില്‍ 1-2 ദിവസം മുന്‍പോ പിന്‍പോ പ്രസവിച്ച പന്നികളെ ഇങ്ങനെ ഉപയോഗപ്പെടുത്താം. എല്ലായ്‌പ്പോഴും ലിറ്ററിലെ വലിയ കുഞ്ഞുങ്ങളെ വളര്‍ത്തമ്മയുടെ അടുത്തേക്കു മാറ്റുക കാരണം അവയ്‌ക്ക്‌ പുതിയ ലിറ്ററിലെ കുഞ്ഞുങ്ങളുമായി മല്‍സരിക്കാന്‍ സാധിക്കും.
പന്നിക്കുഞ്ഞുങ്ങള്‍ അമ്മപ്പന്നിയാല്‍ അമര്‍ന്നു മരണപ്പെടുന്നത്‌ സര്‍വ സാധാരണമാണ്‌. ഇതിനു കാരണങ്ങള്‍ താഴെ പറയുന്നവയാണ്‌.
1. തള്ളയുടെ പിന്‍കാലുകള്‍ക്ക്‌ ബലമില്ലെങ്കില്‍ കിടക്കാന്‍ ശ്രമിക്കുമ്പോള്‍ അവ പെട്ടെന്ന്‌ വീണുപോകും.
2. അവശരായ പന്നിക്കുട്ടികള്‍ക്ക്‌ പെട്ടെന്ന്‌ എഴുന്നേറ്റുമാറാന്‍ സാധിക്കാതെ വരിക.
3. വഴുക്കുള്ള നിലവും ശരിയല്ലാത്ത ഹര്‍ഡിലുകളും തെറ്റായ കൂടുനിര്‍മ്മാണവും
4. ചൂടുസംവിധാനം ശരിയല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ അമ്മയ്‌ക്കുചുറ്റും കൂടും.
5. വെള്ളത്തിന്റെ ലഭ്യതയിലുള്ള കുറവുമൂലം പന്നികള്‍ വെള്ളം കുടിക്കാന്‍ കൂടെക്കൂടെ എഴുന്നേറ്റുനില്‍ക്കാനും കിടക്കാനും ഇടയാക്കും.
6. അകന്ന കാലുള്ള പന്നിക്കുഞ്ഞുങ്ങള്‍ (സ്‌പ്ലേലെഗ്‌)
ചിലപ്പോള്‍ കാലിലെ പേശികള്‍ക്ക്‌ ബലമില്ലാത്ത ജനിക്കുന്ന പന്നിക്കുഞ്ഞുങ്ങള്‍ക്ക്‌ എഴുന്നേറ്റുനില്‍ക്കാനോ ശരിയായി നടക്കാനോ സാധിക്കുന്നില്ല. പ്രത്യേക ലെഗ്‌ടാപ്പിങ്‌ അല്ലെങ്കില്‍ ടൈയിങ്‌ ക്രമീകരണങ്ങള്‍ ഉപയോഗിച്ച്‌, വളഞ്ഞ കാലുള്ള പന്നികളെ ശരിയാക്കാന്‍ സാധിക്കും. താഴ്‌ന്ന താപനിലയും വഴുക്കുള്ള തറയും ഇതിനു കാരണങ്ങളാണ്‌.
കാലുകള്‍ നാട ഉപയോഗിച്ച്‌ ബന്ധിപ്പിക്കുന്നത്‌ സ്‌പ്ലേലെഗ്‌ ഉള്ള പന്നികളെ നടക്കാന്‍ സഹായിക്കും. സാധാരണ മൂന്നു ദിവസത്തിനുള്ളില്‍ ഒരു പന്നിക്കുഞ്ഞിന്‌ നില്‍ക്കുവാന്‍ കഴിയും. ഇല്ലെങ്കില്‍ ആ പന്നിക്കുഞ്ഞിന്‌ സ്‌പ്ലേലെഗുണ്ടെന്ന്‌ അനുമാനിക്കാം.
 

ജനനത്തിനുശേഷം ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍


ഇരുമ്പ്‌ കുത്തിവയ്‌പ്‌: ചുവന്ന രക്താണുക്കളില്‍ ഹീമോഗ്ലോബിന്‍ നിര്‍മ്മാണത്തിന്‌ ഇരുമ്പ്‌ അത്യാവശ്യമാണ്‌. ശരീരത്തില്‍ ഓക്‌സിജനെ വഹിക്കുന്നത്‌ ഹിമോഗ്ലോബിന്‍ ആണ്‌. പോഷണക്കുറവു മൂലമുള്ള വിളര്‍ച്ച തടയുന്നതിന്‌ ഇരുമ്പ്‌ സഹായിക്കുന്നു.
ജനനസമയത്ത്‌, പന്നിക്കുഞ്ഞിന്റെ ശരീരത്തില്‍ 50 മി.ഗ്രാം ഇരുമ്പ്‌ സംഭരണം ഉണ്ടാകും. പന്നിക്കുട്ടിക്ക്‌ ജനിച്ച്‌ രണ്ടാഴ്‌ചയില്‍ കൂടുതല്‍ ജീവിക്കാന്‍ ഇത്‌ മതിയാവില്ല.
ആദ്യത്തെ ആഴ്‌ച ദിവസവും 7 മി.ഗ്രാമും പിന്നീടുള്ള 3 ആഴ്‌ച ദിവസവും 10 മി.ഗ്രാമും ഇരുമ്പ്‌ പന്നിക്കുഞ്ഞുങ്ങള്‍ക്കാവശ്യമാണ്‌. അമ്മയുടെ പാലില്‍നിന്ന്‌ 1-2 മി.ഗ്രാം ഇരുമ്പ്‌ മാത്രമേ കുഞ്ഞിനു ലഭിക്കുന്നുള്ളൂ. അതിനാല്‍ ഇരുമ്പിന്റെ സ്രോതസ്സ്‌ പാല്‍ മാത്രമാണെങ്കില്‍ വിളര്‍ച്ചമൂലം വളരെയധികം നഷ്‌ടം ഉണ്ടാകും.
 

ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍


1. വിശപ്പില്ലായ്‌മ
2. മന്ദഗതിയിലുള്ള വളര്‍ച്ച
3. മോശം തൊലി, രോമം എന്നിവ
4. ശോഷിച്ച പന്നിക്കുട്ടികള്‍
5. വിളര്‍ച്ച (അനിമീയ)
6. അസ്വസ്ഥത
7. ശ്വസിക്കാന്‍ വിഷമം
ജനിച്ച്‌ ഒന്നു തൊട്ട്‌ മൂന്നു ദിവസം വരെ ഇരുമ്പ്‌ കുത്തിവയ്‌പ്‌ നല്‍കാം. ഒരു മില്ലിയില്‍ 50 മി.ഗ്രാം ഉള്ള കുത്തിവയ്‌പാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ നാലു മില്ലിയുടെ ഒരു ഡോസോ രണ്ടു മില്ലി വീതം രണ്ടു ഡോസ്‌ മൂന്നാം ദിവസവും ഒരാഴ്‌ചയ്‌ക്കുശേഷവും ആയോ നല്‍കാം. ഇവ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌.
 

ആഹാരത്തിലൂടെയും ഇരുമ്പു കൊടുക്കാം.


$ മേല്‍മണ്ണ്‌: കൂടിന്റെ ഒരു ഭാഗത്ത്‌ ദിവസവും മണ്ണിടുക. മണ്ണ്‌ ഇരുമ്പിന്റെ ഒരു പ്രകൃത്യായുള്ള സ്രോതസ്സാണ്‌.
$ കമ്പോസ്റ്റ്‌: പന്നിക്കുട്ടിയുടെ തീറ്റയിലോ മില്‍ക്ക്‌ റീപ്ലെയ്‌സറിലോ ഒരു കൈ നിറയെ കമ്പോസ്റ്റ്‌ കലര്‍ത്തി ദിവസവും നല്‍കുക.
$ അയണ്‍-കോപ്പര്‍ പെല്ലെറ്റുകള്‍: പെല്ലെറ്റുകള്‍ തീറ്റയില്‍ കലര്‍ത്തി നല്‍കാം. ഇവ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌.
$ അയണ്‍ പോസ്റ്റ്‌/ദ്രാവകം: ജനനസമയത്ത്‌ വായില്‍ കൊടുക്കുകയോ അമ്മയുടെ അകിടില്‍ പുരട്ടുകയോ ചെയ്യാം. കുടിവെള്ളത്തില്‍ അകലര്‍ത്തിയും നല്‍കാം.
 

പന്നിക്കുട്ടികളില്‍ ഇരുമ്പ്‌ വിഷബാധ


ഇരുമ്പ്‌ കൂടുതലായാല്‍ അത്‌ പന്നിക്കുട്ടികളില്‍ വിഷബാധയുണ്ടാക്കും. വിഷബാധയുണ്ടാകുന്ന ഡോസ്‌ 3-10 ദിവസം പ്രായമുള്ള പന്നികളില്‍ 600 മി.ഗ്രാം/കി.ഗ്രാം ശരീരഭാരമാണ്‌. തീറ്റയെടുക്കുന്നതും ശരീരഭാരവര്‍ധനയും കുറയും. ശരീരത്തിലെ ഇരുമ്പിന്റെ അളവ്‌ കൂടുന്നത്‌ ഫോസ്‌ഫറസിന്റെ അളവ്‌ കുറയ്‌ക്കുന്നു. ഇത്‌ റിക്കെറ്റ്‌ രോഗത്തിനിടയാക്കും. ചിലപ്പോള്‍ മരണവും സംഭവിക്കാം.


വൃഷണച്ഛേദം

ഒരു ചെറിയ ഓപ്പറേഷന്‍വഴി വൃഷണങ്ങള്‍ മുറിച്ചുമാറ്റാം. ശുചിത്വവും മറ്റു മുന്‍കരുതലുകളും എടുക്കുകയാണെങ്കില്‍ സാധാരണയായി യാതൊരു സങ്കീര്‍ണ്ണതകളും ഉണ്ടാവില്ല. ഈ ഓപ്പറേഷന്‍ ഒരു മുറിവുരീതിയിലോ രണ്ടു മുറിവുരീതിയിലോ ചെയ്യാം. രണ്ടു രീതിയും ഫലപ്രദമാണ്‌.
ഇത്‌ ഏതു പ്രായത്തിലും ചെയ്യാമെങ്കിലും 0-10 ദിവസം പ്രായമാണ്‌ നല്ലത്‌. ഈ സമയം പന്നിക്കുട്ടികള്‍ തീരെ ചെറുതും ആന്റിബയോഡികളുടെ സംരക്ഷണത്തിനുള്ളിലും ആയിരിക്കും. 10 ദിവസം പ്രായമാണ്‌ വൃഷണച്ഛേദത്തിന്‌ ഏറ്റവും ഉചിതം. കാരണം ഇവയ്‌ക്ക്‌ 21 ദിവസത്തില്‍ ചെയ്യുന്നവയെക്കാള്‍ ഭാരം വീനിങ്‌ സമയത്തുണ്ടാകും.
 

വൃഷണച്ഛേദത്തിനു മുമ്പ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


$ എല്ലാ ആണ്‍പന്നിക്കുട്ടികളും ആരോഗ്യവാന്മാരെന്ന്‌ ഉറപ്പുവരുത്തുക. ഏതെങ്കിലും അസുഖം കാണുകയാണെങ്കില്‍ ഓപ്പറേഷന്‍ മാറ്റിവയ്‌ക്കുക. (ഉദാ. വയറിളക്കം).
$ കുടലിറക്കം (ഹെര്‍ണിയ)പോലുള്ള അസുഖങ്ങളില്ലെന്ന്‌ ഉറപ്പുവരുത്തുന്നത്‌ പിന്നീടുണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ തടയാന്‍ സഹായിക്കും.
$ വൃഷണച്ഛേദസമയത്ത്‌ ഛര്‍ദ്ദിക്കുന്നത്‌ തടയാന്‍ അന്നേദിവസം ഭക്ഷണം കൊടുക്കാതിരിക്കുക.
$ വൃഷണച്ഛേദത്തിന്‌ തൊട്ടുമുമ്പോ പിമ്പോ കൂടുകളില്‍നിന്ന്‌ മാറ്റുന്നത്‌ സമ്മര്‍ദ്ദം ഉണ്ടാകും.
$ വൃഷണച്ഛേദത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍/സങ്കീര്‍ണ്ണതകള്‍ ഇവയാണ്‌.
$ വൃഷണച്ഛേദത്തെ തുടര്‍ണ്ടാകുന്ന വ്രണങ്ങള്‍ വളര്‍ച്ച മുരടിപ്പിക്കുകയും മറ്റ്‌ ആന്തരികരോഗബാധകള്‍ക്ക്‌ (ടെറ്റനസ്‌) കാരണമാക്കുകയും ചെയ്യുന്നു. വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍ അഴുക്കുപുരണ്ട സ്‌കാല്‍പല്‍ ബ്ലേഡ്‌, വയറിളക്കം പിടിച്ച പന്നിക്കുട്ടി എന്നി സന്ദര്‍ഭങ്ങളിലാണ്‌ ഇത്‌ സാധാരണയായി സംഭവിക്കുന്നത്‌. വൃഷണഛേദം കഴിഞ്ഞുടനെ പന്നിക്കുട്ടികളെ കുളിപ്പിക്കുന്നതും ഒഴിവാക്കുക.
$ വൃഷണച്ഛേദത്തിനുശേഷമുള്ള കുടലിറക്കം, വൃഷണങ്ങള്‍ ശക്തിയോടെ പുറത്തേക്ക്‌ വലിച്ചെടുക്കുമ്പോള്‍ സ്‌പേര്‍മാറ്റിക്‌ കോഡിനുമേല്‍ അമിത വലിവ്‌ ഉണ്ടാക്കുകയും ഇത്‌ ഇന്‍ഗ്വിനല്‍ കനാലിന്‌ തകരാറ്‌ സംഭവിക്കുന്നതിനിടയാക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കുടല്‍ ഇതുവഴി പുറത്തേക്ക്‌ വരാം.
$ രക്തസ്രാവം: ഓപ്പറേഷന്റെ സമയത്ത്‌ എത്രത്തോളം പന്നിക്കുട്ടി കുതറുന്നുവോ അത്രത്തോളം രക്തസ്രാവത്തിന്‌ സാധ്യത കൂടുന്നു. അതിനാല്‍ കഴിയുന്നത്ര പെട്ടെന്ന്‌ വൃഷണച്ഛേദം ചെയ്‌തുതീര്‍ക്കാന്‍ ശ്രമിക്കുക.
 

വൃഷണച്ഛേദം കൊണ്ടുള്ള പ്രയോജനങ്ങള്‍:


$ ആണ്‍പന്നികളുടെ അസഹീനയമായ മണം ഒഴിവാക്കുന്നു. പന്നികളെ 5 മാസം പ്രായമുള്ളപ്പോള്‍ ഒഴിവാക്കുകയാണെങ്കില്‍ ഈ മണത്തെപ്പറ്റി ഭയക്കാനില്ല എന്നാണ്‌ പറയപ്പെടുന്നത്‌. കാരണം, പഠനങ്ങള്‍ പറയുന്നത്‌ ബോര്‍ഓഡര്‍ പന്നി പ്രായപൂര്‍ത്തിയെത്തുമ്പോഴാണ്‌ (6 മാസം) കാണിക്കുന്നത്‌ എന്നിരുന്നാലും 2% പന്നികള്‍ ഇത്‌ കാണിക്കാം.
$ അപ്രതീക്ഷതമായ ഇണചേരല്‍ തടയുന്നു. കൃഷിക്കാര്‍ ഇത്‌ തടയാന്‍ ആണ്‍പന്നികളെയും പെണ്‍പന്നികളെയും പ്രത്യേകം വളര്‍ത്തുന്നു.
$ വൃഷണച്ഛേദം നടത്തിയ പന്നികളെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്‌. കാരണം, അവ കൂടുതല്‍ സൗമ്യരായിരിക്കും.
 

വൃഷണച്ഛേദം കൊണ്ടുള്ള ദോഷഫലങ്ങള്‍


$ മറ്റ്‌ ആണ്‍പന്നികളെക്കാള്‍ വൃഷണച്ഛേദം ചെയ്‌തവയുടെ വളര്‍ച്ചയുടെ തോത്‌ കുറവായിരിക്കും. എന്നാല്‍ തീറ്റ പരിവര്‍ത്തനശേഷി കൂടുതലാണ്‌.
$ വൃഷണച്ഛേദം നടത്താത്ത ആണ്‍പന്നികളുടെ മാംസം നല്ലതായിരിക്കും.
$ വൃഷണച്ഛേദത്തിനുശേഷം വളര്‍ച്ചനിരക്ക്‌ കുറയുകയും സമ്മര്‍ദ്ദം കൂടുകയും ചെയ്യും (പ്രത്യേകിച്ചും പ്രായമായ പന്നികളില്‍ ചെയ്യുമ്പോള്‍).
 

വീനിങ്ങിനുശേഷമുള്ള പരിപാലനം


$ നല്ല വായസഞ്ചാരവും ഉണക്കവും ഉള്ള വരള്‍ച്ചയില്ലാത്ത കിടപ്പു സ്ഥലം നല്‍കുക. വരണ്ടു തണുത്ത കെട്ടിടങ്ങളില്‍ താമസിക്കുന്ന പന്നികള്‍ക്ക്‌ ന്യൂമോണിയപോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയേറുകയും അതുവഴി അവയുടെ ശരീരഭാരവര്‍ധന കുറയുകയും ചെയ്യും. തണുപ്പിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ കൂടുതല്‍ കിടപ്പുസാമഗ്രികള്‍കൂടി നല്‍കേണ്ടതുണ്ട്‌. വേനല്‍ക്കാലത്ത്‌ ആവശ്യത്തിന്‌ തണലും വേണം.
$ പന്നികളെ പ്രായം കണക്കാക്കാതെ വലിപ്പത്തിനനുസരിച്ച്‌ പ്രത്യേകം ഗ്രൂപ്പുകളാക്കുക. ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 20-ല്‍ കൂടരുത്‌.
$ ഖരരൂപത്തിലുള്ള തീറ്റ നേരത്തെ കൊടുത്ത്‌ ശീലിപ്പിക്കുന്ന പന്നികള്‍ക്ക്‌ ഭക്ഷണരീതിയില്‍ പെട്ടെന്നുള്ള മാറ്റത്തെ അതിജീവിക്കുവാന്‍ സാധിക്കും.
$ ആരോഗ്യമുള്ള പന്നിക്കുട്ടികള്‍ ആവശ്യത്തിലധികം തീറ്റ കഴിക്കുന്നത്‌ തടയാന്‍ വീനിങ്ങിന്റെ ദിവസം തീറ്റയുടെ അളവ്‌ കുറയ്‌ക്കണം.
$ തീറ്റ അലവന്‍സ്‌ പല സമയങ്ങളിലായി നല്‍കുക.
$ വ്യത്യസ്‌ത ലിറ്ററിലെ കുഞ്ഞുങ്ങളെ തമ്മില്‍ കലര്‍ത്തുന്നത്‌ സമ്മര്‍ദ്ദത്തിനിടയാക്കുന്നതിനാല്‍ അത്‌ തടയുക.
$ വീനിങ്ങിനുശേഷമുള്ള വയറിളക്കം തടയാന്‍ മരുന്നു കലര്‍ത്തിയ ശുചിയായ വെള്ളം 3 ദിവസം നല്‍കുക.
$ പന്നിക്കുട്ടികള്‍ക്ക്‌ ഉണക്കമുള്ള സ്ഥലം ലഭ്യമാക്കണം. നനഞ്ഞ്‌ തണുത്ത അന്തരീക്ഷം മൃഗങ്ങള്‍ക്ക്‌ പല രോഗങ്ങള്‍ക്കും കാരണമാകും.
$ പന്നിക്കുട്ടികള്‍ക്ക്‌ പകരം അമ്മയെ വീനിങ്ങിന്റെ സമയത്ത്‌ കൂട്ടില്‍നിന്ന്‌ മാറ്റുക. വീനിങ്ങിനുശേഷം 3-5 ദിവസം പന്നിക്കുഞ്ഞുങ്ങളെ പ്രസവക്കൂട്ടില്‍തന്നെ താമസിപ്പിക്കുക. മറ്റു പന്നിക്കുട്ടികളുമായി ചേര്‍ക്കുന്നതിനുമുമ്പുതന്നെ നിലവിലുള്ള ചുറ്റുപാടുമായി താദാത്മ്യം പ്രാപിക്കാന്‍ ഇത്‌ സഹായിക്കുന്നു.
$ സമീകൃതാഹാരം നല്‍കുക. മുലയൂട്ടുന്ന പന്നികള്‍ക്കും പന്നിക്കുട്ടികള്‍ക്കും രോഗനിയന്ത്രണത്തിന്‌ ഒരുപോല പ്രധാനമായ ഒരു കാര്യമാണ്‌ നല്ല തീറ്റ അതുപോലെ എല്ലായ്‌പ്പോഴും നല്ല കുടിവെള്ളവും ലഭ്യമാക്കണം.
$ കൃത്യമായ ചികില്‍സ വഴി ബാഹ്യ-ആന്തരപരാദങ്ങളെ നിയന്ത്രിക്കുക.
$ രോഗബാധിതരായ പന്നിക്കുട്ടികളെ കഴിയുന്നത്ര അകറ്റിനിര്‍ത്തുകയും ചത്ത മൃഗങ്ങളെ ഉടന്‍തന്നെ മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ വേണം.
$ ഫാറ്റനിങ്ങിനുവേണ്ടി വാങ്ങിയ പന്നിക്കുട്ടികളെ മറ്റു പന്നികളില്‍ നിന്നകറ്റി 2 ആഴ്‌ച നിരീക്ഷിക്കുക. പന്നികളെ കൂടുതല്‍ കൈകാര്യം ചെയ്യരുത്‌. അവയ്‌ക്ക്‌ അണുനാശിനി തളിച്ച്‌ നീര്‍വാര്‍ച്ചയുള്ള കൂടുകള്‍ നല്‍കുക. തീറ്റയിലോ കുടിവെള്ളത്തിലോ ആന്റിബയോട്ടിക്കുകള്‍ കലര്‍ത്തി 3 ദിവസം തുടര്‍ച്ചയായി നല്‍കുന്നത്‌ വീനിങ്‌ മൂലമുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കും. ആദ്യത്തെ 7 ദിവസങ്ങളില്‍ വിരയിളക്കുന്നത്‌ അധികസമ്മര്‍ദ്ദത്തിന്‌ കാരണമാകും.
$ ആദ്യത്തെ 7 ദിവസങ്ങളില്‍ ദിവസവും രാവിലെയും ഉച്ചയ്‌ക്കും കുടിവെള്ളത്തില്‍ ആന്റിബയോട്ടിക്‌ മരുന്ന്‌ നല്‍കുന്നത്‌ വളരെ നല്ലതാണ്‌.
$ തള്ളപ്പന്നിയെ ഗര്‍ഭകാലത്ത്‌ വിരയിളക്കിയതാണെങ്കില്‍ 2-3 മാസം പ്രായമുള്ളപ്പോള്‍ പന്നിക്കുട്ടിയെ വിരയിളക്കിയാല്‍ മതി. അല്ലെങ്കില്‍ വീനിങ്ങിന്‌ 1-2 ആഴ്‌ചകള്‍ക്കുശേഷം വിരയിളക്കാം. പുതുതായി വാങ്ങിയ പന്നിക്കുട്ടികളാണെങ്കില്‍ അവയെ വാങ്ങിയതിന്‌ 2-4 ആഴ്‌ചകള്‍ക്കുശേഷം വിരയിളക്കിയാല്‍ മതിയാകും.
$ വാക്‌സിനേഷന്‍: 30-60 ദിവസം പ്രായത്തില്‍ ഹോഗ്‌ കോളറ വാക്‌സിന്‍ നല്‍കാം. പുതുതായി വാങ്ങിയ പന്നികളുടെ വാക്‌സിനേഷന്‍ റെക്കോഡ്‌ പരിശോധിക്കേണ്ടതാണ്‌.
 

വീനിങ്‌ പന്നിക്കുട്ടികളുടെ പരിപാലനം


വാലുകടിക്കുക, ചെവികടിക്കുക, വയറുരയ്‌ക്കുക, കടിപിടി എന്നിവയെല്ലാം പന്നിക്കുട്ടികളെ ഒരു കൂട്ടില്‍ അടച്ചിടുമ്പോള്‍ കണ്ടുവരുന്ന ചില സ്വഭാവദൂഷ്യങ്ങളാണ്‌. ഈ സ്വഭാവദൂഷ്യങ്ങള്‍ പന്നികളുടെ വളര്‍ച്ചയെ ബാധിക്കും. കുറഞ്ഞ വായുസഞ്ചാരം, പോഷണം, ഒരു കൂട്ടില്‍ കൂടുതല്‍ പന്നികള്‍ വിരസത എന്നിവയൊക്കെ ഈ സ്വഭാവദൂഷ്യങ്ങള്‍ക്ക്‌ കാരണമാകാം. ചുറ്റുപാട്‌, കൂട്ടിലെ പന്നികളുടെ എണ്ണം, തീറ്റയുടെയും കുടിവെള്ളത്തിന്റെയും ലഭ്യത, അക്രമകാരികളായ പന്നികളെ മാറ്റിനിര്‍ത്തുക എന്നീ കാര്യങ്ങള്‍ക്ക്‌ പ്രത്യേക ശ്രദ്ധ നല്‍കണം.
 

പുതുതായി കൊണ്ടുവന്ന വിനേര്‍സിന്‌ സമ്മര്‍ദ്ദങ്ങള്‍ കുറയ്‌ക്കാന്‍


1. പന്നികളെ കയറ്റുന്നതിനു മുന്‍പേ കൂട്‌ വൃത്തിയാക്കി അണുനാശിനി തളിക്കുക. ഇത്‌ പന്നിക്ക്‌ സാവകാശം പുതിയ കൂട്ടിലെ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാന്‍ സഹായിക്കും. യാത്രാക്ഷീണം കൊണ്ട്‌ തളര്‍ന്ന പന്നികളെ വൃത്തിയില്ലാത്ത കൂട്ടില്‍ താമസിപ്പിക്കുകകൂടി ചെയ്‌താല്‍ അത്‌ കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക്‌ വഴിവയ്‌ക്കും.
2. പന്നികള്‍ക്ക്‌ ഊഷ്‌മളമായ സ്വീകരണം നല്‍കുക
3. പന്നികള്‍ക്ക്‌ ആവശ്യത്തിന്‌ സ്ഥലം നല്‍കുക (തിരക്കു കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും). വലിപ്പത്തിനനുസരിച്ച്‌ അവയെ ഗ്രൂപ്പുകളാക്കി തിരിക്കുക. അവശരായ പന്നിക്കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്തുക.
4. തീറ്റ, കുടിവെള്ളം എന്നിവ എളുപ്പത്തില്‍ കിട്ടുന്നവിധത്തിലായിരിക്കണം ക്രമീകരിക്കേണ്ടത്‌.
5. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ തീറ്റനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ നല്ലതായിരിക്കും. കാരണം എത്തുന്നതിനു മണിക്കൂറുകള്‍ മുന്‍പു തന്നെ പന്നികള്‍ പട്ടിണിയിലായിരിക്കും. ഈ സമയത്ത്‌ അമിത ഭക്ഷണം ദഹനപ്രശ്‌നങ്ങളുണ്ടാക്കും.
6. തീറ്റയില്‍ സാവധാനം (രണ്ടാഴ്‌ച കൊണ്ട്‌) മാറ്റം വരുത്തുക. ഉദാ: സ്റ്റാര്‍ട്ടര്‍ തീറ്റയില്‍നിന്ന്‌ ഗ്രോവര്‍ തീറ്റയിലേക്ക്‌. ഇത്‌ ചെറിയ മൃഗങ്ങളുടെ കാര്യത്തിലെങ്കിലും പ്രായോഗികമാക്കുക. കാരണം അവരുടെ വയര്‍ തീറ്റയിലെ മാറ്റങ്ങള്‍ക്ക്‌ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.
 

പരസ്‌പരാക്രമണം കുറയ്‌ക്കാനുള്ള വഴികള്‍


പന്നികളെ ഇടകലര്‍ത്തുന്നത്‌ വളരെ ശ്രദ്ധിച്ചുവേണം. ഇല്ലെങ്കില്‍ പരസ്‌പരം ആക്രമിക്കും. പലപ്പോഴും ഇടകലര്‍ത്തിയുടനെ പന്നികള്‍ പരസ്‌പരം മല്‍സരിക്കാന്‍ തുടങ്ങും. മുഖത്തോടു മുഖം നോക്കി തോളുകള്‍ തമ്മില്‍ തള്ളിയാണ്‌ ആക്രമണം തുടങ്ങുന്നത്‌. കുറച്ചു കഴിയുമ്പോള്‍ ഒരു പന്നിക്കുട്ടി തളരുന്നു. പിന്നീടത്‌ ഒഴിഞ്ഞുമാറുന്നു. കൂട്‌ അടച്ചിട്ടിരിക്കുന്നതിനാല്‍ മൃഗങ്ങള്‍ക്ക്‌ തുടര്‍ന്നും ചെവിക്കും വാലിനും കടിയേല്‍ക്കുന്നു. രക്തസ്രാവം പന്നികളെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ പന്നികള്‍ ആക്രമണത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നു. പ്രവചിക്കാവുന്ന തരത്തിലുള്ള ഇത്തരം മല്‍സരങ്ങള്‍ ഒന്നോ അതിലധികമോ പന്നിക്കുട്ടികളുടെ മരണത്തിനിടയാകുന്നു. ഇത്‌ തടയേണ്ടത്‌ അത്യാവശ്യമാണ്‌.
പരസ്‌പരം മല്‍സരം കുറയ്‌ക്കുകയോ തടയുകയോ ചെയ്യാന്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ സഹായിക്കും.
1. നേരത്തേ ഒരു ലിറ്റര്‍ ഉള്ള കൂട്ടിലേക്ക്‌ പന്നിക്കുട്ടികളെ ഉള്‍ക്കൊള്ളിക്കരുത്‌. കാരണം ഇതിന്റെ സാമ്രാജ്യം സംരക്ഷിക്കുന്നതിന്‌ കൂടുതല്‍ മല്‍സരത്തിനിടയാക്കും. ഇടകലര്‍ത്തുന്നത്‌ പുതിയൊരു കൂട്ടിലായിരിക്കണം നടത്തേണ്ടത്‌. വൈകിട്ട്‌ കൂടുമാറ്റഇയാല്‍ ആക്രമണസ്വഭാവം കുറയ്‌ക്കാന്‍ സഹായിക്കും.
2. പന്നികള്‍ക്ക്‌ കളിക്കാന്‍ ബോള്‍, ചെയിന്‍ അല്ലെങ്കില്‍ അവയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഏതെങ്കിലും സാധനം കൊടുത്ത്‌ അവയെ കളിയില്‍ വ്യാപൃതരാക്കുക.
3. ചെവിയുടെയും വാലിന്റെയും ചുറ്റും ക്രെസോള്‍ പോലുള്ള ദ്രാവകങ്ങള്‍ സ്‌പ്രേചെയ്യുക. ഇത്‌ അവയുടെ ഘ്രാണ ശക്തിയെ ബാധിക്കുകയും ചീത്തമണം കടിക്കുന്നത്‌ തടയുകയും ചെയ്യുന്നു. ആദ്യ ദിവസം 2 തവണയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ സ്‌പ്രേ ചെയ്യുക.
4. ആക്രമണത്തിന്‌ ഉത്തേജിതരായ മൃഗങ്ങളെ പ്രത്യേകം നിരീക്ഷിക്കുക. 48 മണിക്കൂറിനുള്ളില്‍ അവ സ്ഥിരത കൈവരിക്കും.
 

വീനര്‍ പന്നിക്കുട്ടികളുടെ യാത്രയിലുള്ള സംഘര്‍ഷം കുറയ്‌ക്കുന്നവിധം


1. യാത്രയ്‌ക്ക്‌ 2-3 ദിവസങ്ങള്‍ക്കുമുന്‍പ്‌ കുടിവെള്ളത്തില്‍ വിറ്റാമിനുകളും ഇലക്‌ട്രോലൈറ്റും ചേര്‍ത്തു നല്‍കുക.
2. ചൂടു കുറയ്‌ക്കുവാനായി അതിരാവിലെയോ രാത്രിയിലോ കൊണ്ടു പോകാന്‍ ശ്രദ്ധിക്കുക. വാഹനം നല്ല വായു സഞ്ചാരമുള്ളതായിരിക്കണം. പന്നികള്‍ക്ക്‌ നേരിട്ട്‌ വെയില്‍ കൊള്ളാന്‍ പാടില്ല.
3. വീനര്‍ പന്നികളെ യാത്രയ്‌ക്കിടയില്‍ നനയ്‌ക്കുന്നതു നല്ലതല്ല.
4. പന്നിക്കുട്ടികള്‍ വാഹനത്തിലേക്കു നടന്നുകയറുന്നതാണ്‌ നല്ലത്‌. അവയെ എടുത്തുകയറ്റുന്നത്‌ അപകടം വരുത്തും. വണ്ടിക്കകത്ത്‌ വൈക്കോലോ ഉണങ്ങിയ പുല്ലോ വിരിച്ചുകൊടുക്കുന്നത്‌ നല്ലതാണ്‌.
5. നീളമുള്ള വാഹനത്തില്‍ കള്ളികള്‍ തിരിച്ചുനിര്‍ത്തുന്നതാണ്‌ നല്ലത്‌.
6. യാത്രയ്‌ക്കുമുന്‍പ്‌ വയര്‍നിറച്ച്‌ തീറ്റയും വെള്ളവും നല്‍കരുത്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍