പന്നി :കുത്തിവയ്‌ക്കേണ്ടതെപ്പോള്‍

മദിലക്ഷണം തുടങ്ങി 40 മണിക്കൂറിനുശേഷമാണ്‌ അണ്ഡവിസര്‍ജ്ജനം നടക്കുന്നത്‌. ശേഖരിച്ചയുടനെ ബീജം കുത്തിവയ്‌ക്കുകയാണെങ്കില്‍ അണ്ഡവിസര്‍ജ്ജനത്തിന്‌ 12 മണിക്കൂര്‍ മുമ്പേ ചെയ്യണം. അതിന്റെ അര്‍ത്ഥം മദിസമയത്തു തുടങ്ങി 28 മണിക്കൂറിനുശേഷം കുത്തിവയ്‌ക്കണം. എന്നാല്‍ മദി കൃത്യസമയത്തു കണ്ടുപിടിക്കാന്‍ പലപ്പോഴും കഴിയാത്തതിനാല്‍ 12 മുതല്‍ 16 മണിക്കൂര്‍ ഇടവിട്ട്‌ രണ്ടുതവണ കുത്തിവയ്‌ക്കുന്നതാണ്‌ അഭികാമ്യം.
ആണ്‍പന്നിയുടെ അടുത്തു കൊണ്ടുവന്നശേഷം പെണ്‍പന്നിയുടെ പുറത്ത്‌ കൈകൊണ്ട്‌ അമര്‍ത്തിയാല്‍ അതു നിന്നുതരികയാണെങ്കില്‍ 8-12 മണിക്കൂറിനുശേഷം കുത്തിവെയ്‌ക്കുന്നതാണ്‌ അഭികാമ്യം. ഒരു തവണ കുത്തിവെച്ച്‌ 8-12 മണിക്കറിനുശേഷം വീണ്ടും കുത്തിവെക്കാം. ഒരു തവണയെ കുത്തിവയ്‌ക്കുന്നുള്ളുവെങ്കില്‍ മദി തുടങ്ങി `സ്റ്റാന്റിങ്‌ ഹീറ്റ്‌' (ആണ്‍ പന്നിയുടെ സാമീപ്യത്തില്‍ പെണ്‍പന്നിയുടെ പുറത്ത്‌ അമര്‍ത്തിയാല്‍ നിന്നു തരുന്ന അവസ്ഥ) 24-32 മണിക്കൂറിനുള്ളില്‍ കുത്തിവയ്‌ക്കണം.
 

ബീജം കുത്തിവയ്‌ക്കുന്ന വിധം


പ്രകൃത്യാല്‍ ഇണചേരുന്ന സാഹചര്യത്തോട്‌ സമമായിത്തന്നെ കുത്തിവയ്‌ക്കുന്നതാണ്‌ അനുയോജ്യം. കുത്തിവയ്‌ക്കുന്നതിനു മുമ്പായി പന്നിയുടെ യോനീഭാഗം കുതിര്‍ത്ത്‌ പഞ്ഞികൊണ്ട്‌ തുടയ്‌ക്കുക. ആണ്‍പന്നിയുടെ സാമീപ്യത്തില്‍ വേണം കുത്തിവയ്‌ക്കാന്‍. ആണ്‍പന്നിയുടെ അടുത്തുകൊണ്ടുവന്നശേഷം പെണ്‍പന്നിയുടെ പുറത്ത്‌ അമര്‍ത്തുക. അതോടൊപ്പം യോനിയിലും അകിടിലും തലോടുകയും വേണം.
പന്നിയുടെ ഗര്‍ഭാശയഹോണുകള്‍ക്ക്‌ ഒന്നര മീറ്ററെങ്കിലും നീളം കാണാം. ബീജത്തിന്‌ ഇത്രയും നീളം സഞ്ചരിക്കുവാന്‍ കഴിവില്ലതാനും. ഇണചേരാനുള്ള തൃഷ്‌ണയുടെ ഭാഗമായി തലച്ചോറില്‍ ഉത്തേജനംവഴി ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സടോക്‌സിന്‍ ഹോര്‍മോണ്‍ ഗര്‍ഭാശയപേശികളില്‍ സങ്കോചമുണ്ടാക്കുകയും ബീജത്തെ അണ്ഡനാളിയിലേക്കു വലിക്കുകയും ചെയ്യുന്ന ഈ പ്രക്രിയ നടന്നാല്‍ മാത്രമേ ചെനപിടിക്കാന്‍ സാധ്യതയുള്ളു.
കത്തീറ്ററിന്റെ അറ്റത്തും യോനീമുഖത്തും കുറച്ച്‌ സെമണ്‍ നനയ്‌ക്കുക. കത്തീറ്റര്‍ മെല്ലെ അകത്തു കയറ്റുക. മൂത്രാശയത്തിലേക്കു കടക്കാതെ നോക്കണം. മൂത്രാശയത്തില്‍ കടന്നാല്‍ കത്തീറ്റര്‍വഴി മൂത്രം വരുന്നതു കാണാം. തടസ്സം അനുഭവപ്പെടുന്നതുവരെ കത്തീറ്റര്‍ കടത്തുക. അറ്റം സ്‌ക്രൂപോലെയുള്ള കത്തീറ്റര്‍ ആന്റി ക്ലോക്ക്‌ രീതിയില്‍ തിരിക്കുക. ഇങ്ങനെ ചെയ്‌താല്‍ കത്തീറ്റര്‍ സെര്‍വിക്‌സില്‍ കുടുങ്ങിക്കിടക്കും.
15-20 ഡിഗ്രി സെന്റിഗ്രേഡില്‍ സൂക്ഷിച്ചിരിക്കുന്ന ബീജം ഉപയോഗത്തിന്‌ അരമണിക്കൂര്‍ മുമ്പ്‌ ചൂടുള്ള (അന്തരീക്ഷ ഊഷ്‌മാവ്‌) സ്ഥലത്ത്‌ വച്ചിരിക്കണം. ബീജപാത്രത്തിന്റെ അടപ്പ്‌ മുറിച്ചുനീക്കി കത്തീറ്ററുമായി ബന്ധിപ്പിക്കുക. അതിനുശേഷം ബീജംബോട്ടില്‍ ഉയര്‍ത്തുക. മെല്ലെ അമര്‍ത്തിയാല്‍ ബീജം ഗുരുത്വാകര്‍ഷണബലംകൊണ്ടും ഗര്‍ഭാശയത്തിന്റെ സങ്കോചംകൊണ്ടും ഗര്‍ഭാശയത്തിലേക്ക്‌ ഒഴുകിത്തുടങ്ങും. ബീജം സ്വതന്ത്രമായി ഒഴുകുന്നില്ലെങ്കില്‍ കത്തീറ്ററിന്റെ അറ്റം സെര്‍വിക്‌സില്‍ അമര്‍ന്നുപോയിട്ടുണ്ടാകാം. ഈ അവസരത്തില്‍ കത്തീറ്റര്‍ കുറച്ച്‌ പുറകോട്ടുവലിക്കുകയോ തിരിക്കുകയോ ചെയ്യുക. ഇണചേരാനുള്ള തൃഷ്‌ണ കുറഞ്ഞാലും ബീജത്തിന്റെ ഒഴുക്ക്‌ കുറയും. ഈ അവസരത്തില്‍ ലൈംഗിക ഉത്തേജനം ലഭിക്കാനായി പുറത്തും തോളിന്റെ ഭാഗത്തും അമര്‍ത്തിക്കൊടുക്കുകയും യോനിയിലും അകിടിലും തലോടുകയും വേണം. ബീജം മുഴുവന്‍ ഒഴുകിത്തീരാന്‍ 10 മിനിട്ടെങ്കിലും വേണം. ബീജം തീര്‍ന്നശേഷവും കത്തീറ്റര്‍ കുറച്ചുനേരം അവിടെത്തന്നെ പിടിക്കുന്നത്‌ ബീജം അണ്ഡവാഹിനിക്കുഴല്‍വരെ ഒഴുകിയെത്തുന്നതിന്‌ സഹായിക്കും. 
 

ബീജാധാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. പെണ്‍പന്നിയെ പേടിപ്പിക്കാതെ കൈകാര്യം ചെയ്യുക.
2. ആണ്‍പന്നിയുടെ സാമീപ്യത്തില്‍ പെണ്‍പന്നി പിറകുവശത്ത്‌ അമര്‍ത്തിയാല്‍ നിന്നുതരുന്നത്‌ രാവിലെ കാണുകയാണെങ്കില്‍ അതിനെ അതേദിവസം വൈകിട്ട്‌ കുത്തിവയ്‌ക്കാം. വൈകിട്ടു കാണുകയാണെങ്കില്‍ അതിനെ അതേദിവസം രാവിലെ കുത്തിവയ്‌ക്കാം.
3. തെളിഞ്ഞ കറ പോകുകയാണെങ്കില്‍ അത്‌ നല്ല സമയമല്ല. കറ ക്രീം നിറമാണെങ്കില്‍ കുത്തിവയ്‌ക്കാന്‍ നല്ല സമയമാണ്‌.
4. ശുചിയായ ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക.
5. പെണ്‍പന്നിക്ക്‌ ലൈംഗിക ഉത്തേജനം വന്നശേഷം മാത്രം കൃത്രിമ ബീജാധാനം നടത്തുക.
6. സെമണ്‍ സാവധാനം ഒഴുകിത്തീരാന്‍ അനുവദിക്കുക
7. കത്തീറ്റര്‍ അടഞ്ഞുപോകുന്നത്‌ സസൂക്ഷ്‌മം നിരീക്ഷിക്കുക.
 

നിശ്ശബ്‌ദമദി


താഴെപ്പറയുന്ന കാരണങ്ങള്‍കൊണ്ട്‌ ഒരു പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നി നിശ്ശബ്‌ദമദി കാണിക്കാം.
$ ചില ഇനങ്ങളില്‍ പന്നികള്‍ പ്രായപൂര്‍ത്തിയെത്തുന്നത്‌ വൈകിയായിരിക്കും. ചൂടുകാലത്ത്‌ നിശ്ശബ്‌ദമദി കാണിക്കാറുണ്ട്‌. കൂട്ടില്‍ പന്നികളുടെ എണ്ണം ക്രമാതീതമായി കൂടുക, ഉത്‌കണ്‌ഠ, പീഡനം എന്നിവ.
എല്ലാ പെണ്‍പന്നികളും ദുര്‍ബലമായ മദിലക്ഷണങ്ങളാണ്‌ കാണിക്കുന്നതെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
$ പ്രായത്തില്‍ കവിഞ്ഞുള്ള ശരീരഭാരമുണ്ടോയെന്നു നോക്കുക. മൃഗ ഡോക്‌ടറെക്കൊണ്ട്‌ പരിശോധിപ്പിക്കുക, പുതിയ ചുറ്റുപാടുകളുമായി ശരിയായി ഇണങ്ങിച്ചേരാന്‍ സഹായിക്കുക, പുതിയ രീതിയിലുള്ള ഫ്‌ളഷിങ്‌. ഇണചേര്‍ക്കാന്‍ കൊണ്ടുപോകുന്നതിന്‌ ഏകദേശം 2-3 ആഴ്‌ച മുന്‍പുതന്നെ വേണ്ടത്ര തീറ്റ നല്‍കുക. ഇത്‌ അണ്ഡവിസര്‍ജ്ജനം കൂട്ടാന്‍ സഹായിക്കും. വളരുന്ന പന്നിക്കു കൊടുക്കുന്നതോ പാലൂട്ടുന്ന പന്നികള്‍ക്കു കൊടുക്കുന്നതോ ആയ ഭക്ഷണരീതി അലവംബിക്കുക.
ദുര്‍ബലമായ മദിലക്ഷണങ്ങള്‍ കാണിക്കുന്നത്‌ ഒഴിവാക്കാനുള്ള വഴികള്‍:
$ തിരഞ്ഞെടുക്കാനുള്ള കൂട്ടത്തെയും പ്രജനനത്തിനുപയോഗിക്കുന്ന ആണ്‍പന്നികളെയും അടുത്തടുത്ത്‌ വളര്‍ത്തുന്നത്‌.
$ പ്രകോപനവും മല്‍സരവും മദിയെ പ്രചോദിപ്പിക്കുന്നു.
$ ആണ്‍പന്നികളെ ദുര്‍ബലമദി കാണിക്കുന്ന കൂട്ടത്തില്‍ ഇടുകയും അവയ്‌ക്ക്‌ കറങ്ങാന്‍ ആവശ്യത്തിനു സ്ഥലം ഉണ്ടെന്ന്‌ ഉറപ്പുവരുത്തുകയും വേണം.
$ നേരത്തെ ആണ്‍പന്നിയുള്ള ഒരു കൂട്ടിലേക്ക്‌ ദുര്‍ബലമദി കാണിക്കുന്ന പെണ്‍പന്നികളെ താമസിപ്പിക്കുക.
$ ആവശ്യത്തിന്‌ കൂട്ടില്‍ വെളിച്ചം ലഭ്യമാക്കുക.
 

മദിയില്ലായ്‌മ


ഒരു പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നിക്ക്‌ അല്ലെങ്കില്‍ ഒരു അമ്മപ്പന്നിക്ക്‌ മദി കാണിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയാണ്‌ ഇത്‌. ഇതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങള്‍ ഒന്നുകില്‍ മദി കണ്ടുപിടിക്കുന്നതിലുള്ള പരാജയം അല്ലെങ്കില്‍ പന്നി ഗര്‍ഭിണിയാരിക്കുക എന്നിവയാണ്‌. പ്രായപൂര്‍ത്തിയെത്തിയ പന്നികളിലും അമ്മപ്പന്നികളില്‍ കുട്ടികളെ മാറ്റിപാര്‍പ്പിച്ചതിനുശേഷവുമാണ്‌ മദിയില്ലായ്‌മ കാണുന്നത്‌.
 

പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നികളില്‍ കാണുന്ന മദിയില്ലായ്‌മ


പ്രായപൂര്‍ത്തിയെത്തുന്നതിന്‌ സഹായിക്കുന്ന ഒരുകൂട്ടം ഹോര്‍മോണുകള്‍ പെണ്‍പന്നികളുടെ വളര്‍ച്ചയുമായും പ്രായവുമായും ബന്ധപ്പെട്ടിരിക്കുന്നു. സങ്കരയിനം പന്നികള്‍ ഏതാണ്ട്‌ 160 ദിവസം (5 മാസം) പ്രായം മുതല്‍ക്കു തന്നെ മദിലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നു. പക്ഷേ, ചില വിദേശ ഇനങ്ങളാകട്ടെ ഇതിലും നേരത്തെ മദിയിലെത്തുന്നു.
ഒരു പ്രായപൂര്‍ത്തിയെത്തിയ പെണ്‍പന്നിയില്‍ മദിയില്ലായ്‌മയുടെ പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്‌:
1. ഇനം: ശുദ്ധരക്തമുള്ള പന്നികള്‍ സാധാരണയായി സങ്കരയിനത്തെക്കാള്‍ സാവധാനത്തിലാണ്‌ മദിലെത്തുന്നത്‌.
2. പ്രായം, പൂര്‍ണ്ണവളര്‍ച്ചയില്ലായ്‌മ.
3. മോശം ചുറ്റപാട്‌
4. പേടിപ്പിക്കുക, സമ്മര്‍ദ്ദം കൂട്ടുക.
5. പന്നികളെ സഞ്ചാരസ്വാതന്ത്രമില്ലാതെ വളര്‍ത്തുക.
6. അടച്ചിട്ട കെട്ടിടത്തില്‍ വളര്‍ത്തുക.
7. മുടന്ത്‌, വേദന
8. ആണ്‍പന്നികളുമായും അവയുടെ ഫിറമോണുമായും ബന്ധമില്ലാത്ത അവസ്ഥ
9. വെളിച്ചം കുറഞ്ഞ കൂട്‌. ദിവസവും 14 മണിക്കൂര്‍ കുറഞ്ഞ വെളിച്ചം ലഭിക്കുന്ന പന്നികളില്‍ മദിയില്ലായ്‌മയുണ്ടാകും.
10. സൂര്യാഘാതം മൂലം തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങള്‍
11. രോഗാവസ്ഥ
 

പോംവഴികള്‍


1. പെണ്‍പന്നികളെ മേച്ചില്‍പുറങ്ങളില്‍ കൊണ്ടുപോവുകയോ ദിവസവും കുറച്ചു മണിക്കൂര്‍ ഓടിക്കുകയോ ചെയ്യുക.
2. എല്ലാ ദിവസവും 14 മണിക്കൂറെങ്കിലും പകല്‍ വെളിച്ചം നല്‍കു.
3. ബാഹ്യലൈംഗികഅവയവങ്ങളുടെ വളര്‍ച്ചയും ഘടനയിലുള്ള തകാറുകളും പരിശോധിക്കുക.
4. നല്ല ആരോഗ്യം. ഒരു പെണ്‍പന്നിയുടെ ആരോഗ്യസ്ഥിതി അത്‌ മദിയിലെത്തുമോ എന്ന്‌ തീരുമാനിക്കുന്ന ഒരു പ്രധാന ഘടകമാണ്‌. മദിയിലെത്തുന്നത്‌ തടയുന്ന രോഗലക്ഷണങ്ങളൊന്നും തന്നെയുമില്ല എന്ന്‌ ഉറപ്പുവരുത്തുക.
5. പരിസ്ഥിതിയുമായി ഇണക്കിച്ചേര്‍ക്കുക. പന്നികള്‍ക്ക്‌ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത ഒരു ചുറ്റുപാട്‌ ആവശ്യമാണ്‌. മറ്റു സ്ഥലങ്ങളില്‍നിന്നു കൊണ്ടുവരുന്ന പെണ്‍പന്നികളെ ഇണചേര്‍ക്കുന്നതിനു മുന്‍പ്‌ 6-8 ആഴ്‌ച സമയം ചുറ്റുപാടുമായി ഇണക്കുക.
6. നല്ല പോഷണം: ഓരോന്നിനും തീറ്റ നല്‍കുന്ന രീതിയും അതിലുള്‍പ്പെടുത്തേണ്ട വസ്‌തുക്കളും ഇനത്തെ ആശ്രയിച്ചിരിക്കും. കൂടാതെ താമസസ്ഥലം, അന്തരീക്ഷം, ഊഷ്‌മാവ്‌, കെട്ടിടം എന്നിവയെയും ആശ്രയിച്ചിരിക്കുന്നു.
7. പന്നിയുടെ ശരീരശാസ്‌ത്രപരമായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുക. ഏകദേശം 165-200 ദിവസംകൊണ്ട്‌ ഒരു പെണ്‍പന്നി മദിയിലെത്തുന്നു. ആണ്‍പന്നിയോടു കൂടുതല്‍ അടുത്തിടപഴകാനായി ഒരു കൂട്ടില്‍നിന്ന്‌ മറ്റൊരു കൂട്ടിലേക്കു മാറ്റുന്നത്‌ മദിയുണ്ടാകാന്‍ പ്രചോദനം നല്‍കും. ഒരു പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍പന്നിയെ ഉപയോഗിച്ച്‌ ദിവസവും മദി കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നത്‌ ഗുണം ചെയ്യും.
 

മദിയില്ലായ്‌മ അമ്മപ്പന്നികളില്‍


കുട്ടികളെ മുഴുവനായോ അല്ലെങ്കില്‍ 3-4 എണ്ണത്തെയോ അമ്മയുടെ അടുത്തുനിന്ന്‌ മാറ്റുന്നത്‌ അമ്മയുടെ പാലുല്‍പ്പാദനത്തില്‍ കുറവുവരുത്തുന്നു. തുടര്‍ന്ന്‌ പാലുല്‍പ്പാദനം നില്‍ക്കുന്നു. പാലുല്‍പ്പാദനം നിന്നുകഴിഞ്ഞാല്‍ പ്രത്യുല്‍പ്പാദന ഹോര്‍മോണുകളുടെ അളവ്‌ കൂടുന്നു. ഇത്‌ അമ്മപ്പന്നിയെ മദിയിലേക്കു തിരിച്ചു കൊണ്ടുവരും. കുഞ്ഞുങ്ങളെ വേര്‍പെടുത്തിയശേഷം 6-7 ദിവസത്തിനുള്ളില്‍ അമ്മപ്പന്നി മദിലക്ഷണങ്ങള്‍ കാണിക്കും. ഉടനെ ഇണചേര്‍ത്താല്‍ ഗര്‍ഭധാരണ നിരക്കും കുട്ടികളുടെ എണ്ണവും കൂടുന്നു. കുഞ്ഞുങ്ങളെ അമ്മയില്‍നിന്നും വേര്‍പെടുത്തുന്നതിനും (വീനിങ്‌) ഇണ ചേരുന്നതിനിടയിലുള്ള കാലയളവ്‌ പ്രജനനക്ഷമതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
അമ്മപ്പന്നികളില്‍ മദിലക്ഷണങ്ങള്‍ കാണാതിരിക്കുകയോ വൈകുകയോ ചെയ്യുന്നതിനുള്ള കാരണങ്ങള്‍:
1. ആരോഗ്യക്കുറവ്‌: പ്രത്യേകിച്ചും മുലയൂട്ടുന്ന ആദ്യത്തെ 2-3 ആഴ്‌ചകളില്‍ വീനിങ്‌തൊട്ട്‌ സര്‍വീസ്‌ വരെയുള്ള കാലയളവും പ്രജനനകക്ഷമതയും തീറ്റയെടുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്‌ ഫോളിക്കിളുകളെ പ്രചോദിപ്പിക്കുകയും അങ്ങനെ അണ്ഡവിസര്‍ജ്ജനത്തിന്റെ നിരക്ക്‌ കൂട്ടുകയും ചെയ്യുന്നു.
2. അമിതഭക്ഷണം വിശപ്പില്ലായ്‌മയ്‌ക്കും അതുവഴി മദിയില്ലായ്‌മയ്‌ക്കും കാരണമാകാം.
3. ജലദൗര്‍ലഭ്യം: ഒരു മുലയൂട്ടുന്ന പന്നി ദിവസവും 40 ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കുന്നു. വെള്ളം കുറഞ്ഞാല്‍ മദിയില്ലായ്‌മ കാണും.
4. സുഖകരമല്ലാത്ത താമസസ്ഥലം, അന്തരീക്ഷോഷ്‌മാവ്‌ വളരെ കുറയുന്നത്‌ തുടങ്ങിയവ പന്നികളുടെ ശരീരഭാരം കുറയുന്നതിനിടയാക്കുന്നു. തീറ്റയെടുക്കുന്നതിലാകട്ടെ യാതൊരു വര്‍ധനയും ഉണ്ടാവുകയുമില്ല. വളെ ഉയര്‍ന്ന അന്തരീക്ഷോഷ്‌മാവ്‌ മദിയില്ലായ്‌മയുണ്ടാക്കും.
5. അമ്മപ്പന്നികള്‍ക്ക്‌ ശരീരഭാരം കുറയാനിടയാക്കുന്ന പരിസ്ഥിതി ഘടകങ്ങള്‍. ഉദാ: നനഞ്ഞ പ്രസവക്കൂടുകള്‍, അമിതമായ കാറ്റ്‌, ജലദൗര്‍ലഭ്യം, വിശപ്പില്ലായ്‌മയും അനുബന്ധരോഗങ്ങളും കേടു വന്ന തീറ്റ.
6. 10%-ത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ അമ്മയില്‍നിന്നും വേര്‍തിരിക്കുകയാണെങ്കില്‍ അത്‌ പെട്ടെന്ന്‌ മദിലക്ഷണങ്ങള്‍ അമ്മപ്പന്നിയിലുണ്ടാക്കുമെങ്കിലും മുഴുവന്‍ കുഞ്ഞുങ്ങളെയും വീനിങ്‌ നടത്തുമ്പോള്‍, ഇത്‌ കുറഞ്ഞ അണ്ഡവിസര്‍ജ്ജനനിരക്കിനും വൈകിയുള്ള മദിക്കും കാരണമാകുന്നു. മുലയൂട്ടുന്ന സമയത്ത്‌ മദിലക്ഷണങ്ങള്‍ കാണിക്കുന്നു പന്നികളില്‍ ഗര്‍ഭധാരണനിരക്ക്‌ കുറവായിരിക്കും. ഇവയെ ഇണ ചേര്‍ക്കരുത്‌.
 

പോംവഴികള്‍


1. മുലയൂട്ടുന്ന പന്നികളുടെ ശരീരഭാരനഷ്‌ടം കുറയ്‌ക്കുക: മുലയൂട്ടുന്ന കാലയളവില്‍ പന്നികളിലെ ശരീരഭാരനഷ്‌ടം 15 കി.ഗ്രാമില്‍ കൂടുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.
2. പ്രസവത്തിനുശേഷം പന്നികള്‍ക്ക്‌ നല്ല തീറ്റ നല്‍കുക: പ്രസവത്തിനു മൂന്നു ദിവസത്തിനുശേഷം പന്നികള്‍ക്ക്‌ നല്ല തീറ്റ കൊടുത്തുതുടങ്ങണം. പന്നികളുടെ വിശപ്പ്‌ കുട്ടികളുടെ എണ്ണം എന്നിവയ്‌ക്കനുസരിച്ച്‌ ഊര്‍ജ്ജം കൂടുതലുള്ള തീറ്റ നല്‍കുക.
3. വെള്ളം: ആവശ്യത്തിനു വെള്ളം നല്‍കണം. നിപ്പിള്‍ ഫ്‌ളോ മിനിട്ടില്‍ രണ്ടു ലിറ്ററെങ്കിലും ഉണ്ടായിരിക്കണം. നിപ്പിളുകള്‍ ഇടയ്‌ക്കിടെ പരിശോധിക്കുകയും ഒരു പന്നി എത്ര സമയം കുടിക്കുന്നുണ്ടെന്ന്‌ മനസ്സിലാക്കുകയും വേണം.
4. തീറ്റ നശിച്ചുപോകുന്നത്‌ തടയുക. ദിവസത്തില്‍ 3 പ്രാവശ്യമെങ്കിലും തീറ്റപ്പാത്രം പരിശോധിക്കണം.
5. ഒരു നല്ല വാസസ്ഥാനം നല്‍കുക.
6. നല്ല പോഷണം: തീറ്റരീതികളും അതിന്റെ ഘടകങ്ങളും ഇനത്തെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ പന്നിയെ വളര്‍ത്തുന്ന പരിസ്ഥിതി, താമസം, കൂട്ടിലെ ചൂട്‌ എന്നിവയെയും ആശ്രയിച്ചിരിക്കുന്നു.
 

കൂട്ടില്‍ പ്രകാശത്തിനുള്ള പ്രാധാന്യം


പെണ്‍പന്നികള്‍ക്ക്‌ ദിവസവും 14-15 മണിക്കൂര്‍ വെളിച്ചം നല്‍കിയാല്‍ അവ:
1. പെട്ടെന്ന്‌ പ്രായപൂര്‍ത്തിയെത്തുന്നു
2. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഭാരം അമിതമാകില്ല.
3. അണ്ഡവിസര്‍ജ്ജനനിരക്കില്‍ വ്യത്യാസമില്ല.
4. പെണ്‍പന്നിയും ആണ്‍പന്നിയും കൂടുതല്‍ പ്രവര്‍ത്തനനിരതമായിരിക്കും.
വീനിങ്‌ തൊട്ട്‌ ഇണചേര്‍ക്കുന്നതുവരെയുള്ള കാലയളവ്‌ കുറയ്‌ക്കാന്‍ വീനിങ്ങിനുശേഷം 16 മണിക്കൂര്‍ 250 വാട്ട്‌ വെളിച്ചം നല്‍കുന്നത്‌ സഹായിക്കുന്നു.
കൂടുതല്‍ വെളിച്ചം നല്‍കുന്നത്‌ കൂടുതല്‍ സമയം മദിലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനും സഹായിക്കുന്നു.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍