പന്നി :ബീജശേഖരണം

ബീജശേഖരണം നടത്തുവാന്‍ പന്നികള്‍ക്കും പരിശീലനം ആവശ്യമാണ്‌. 10 മാസം പ്രായമാകുന്നതിനു മുമ്പുതന്നെ പരിശീലിപ്പിക്കാന്‍ തുടങ്ങണം.
ശേഖരിക്കുന്നയാള്‍ ഫാമില്‍ പന്നിയുടെ കൂടെത്തന്നെ കുറേനേരം ചെലവഴിക്കണം. പന്നിയോട്‌ സംസാരിക്കുകയും തലോടുകയും വേണം. പന്നിയുമായി ഒരു ബന്ധം രൂപപ്പെടാന്‍ അതിനെ ഡമ്മിയുടെ അടുത്തേക്ക്‌ കൊണ്ടുപോകണം. ഡമ്മിയെ സ്വീകരിക്കാത്ത സാഹചര്യത്തില്‍ പന്നിയെ ഡമ്മിയുടെ അടുത്തേക്കു കൊണ്ടുപോയി അതിന്റെ തല ഡമ്മിയില്‍ ഉരസുക. തുടര്‍ന്ന്‌ ഡമ്മിയില്‍ തലോടുകയും ഉരസുകയും ചെയ്യണം. ആ സമയത്തെല്ലാം പന്നിയുമായി സംസാരിക്കണം. 2-3 ദിവസങ്ങളില്‍ ഇതാവര്‍ത്തിച്ചാല്‍ പന്നി ഡമ്മിയുടെ പുറത്തുകയറാന്‍ തുടങ്ങും.
ഡമ്മിയുടെ പുറത്തു കയറിക്കഴിഞ്ഞാല്‍ ഉടനെതന്നെ ഗ്ലൗസിട്ട കൈകൊണ്ട്‌ പന്നിയുടെ ലിംഗത്തിന്റെ പുറത്ത്‌ തടവിക്കൊടുക്കണം. ഈ സമയത്ത്‌ ലിംഗം പുറത്തേക്കു തള്ളിവരുന്നതു കാണാം. അപ്പോള്‍ ലിംഗത്തിന്റെ അറ്റം മെല്ല്‌ അമര്‍ത്തി ലോക്കു ചെയ്യണം. അപ്പോള്‍ ബീജം പുറത്തേക്കു വരുന്നതു കാണാം. ഈ കൃത്യം 2-3 ദിവസങ്ങള്‍കൂടി ആവര്‍ത്തിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ ബീജം ശേഖരിച്ചുതുടങ്ങാം.
ഡമ്മിയുടെ അടുത്തു കൊണ്ടുപോകുന്നതിനുമുമ്പ്‌ ലിംഗഭാഗം മെല്ലെ തലോടി അതിനകത്തുള്ള മൂത്രവും പ്രെപിറ്റ്വല്‍ ജലവും നീക്കം ചെയ്‌ത്‌ കടലാസ്‌ ടവ്വല്‍കൊണ്ട്‌ തുടയ്‌ക്കുക. പിന്നീട്‌ പന്നിയെ ഡമ്മിയുടെ അടുത്തേക്കു കൊണ്ടുപോകുക. ഡമ്മയുടെ പുറത്തു കയറാന്‍ ആവശ്യത്തിനു സമയം അനുവദിക്കണം. ഡമ്മിയുടെ പുറത്തു കയറിയാല്‍ ഉടനെ ഗ്ലൗസിട്ട കൈകൊണ്ട്‌ ലിംഗം മെല്ലെ പിടിക്കുകയും കൈ പെണ്‍പന്നിയുടെ സെര്‍വിക്‌സിന്റെ രൂപത്തില്‍ പിടിക്കുകയും ചെയ്‌താല്‍ ലിംഗം അതില്‍ ലോക്കു ചെയ്യുകയും സെമണ്‍ പുറത്തുവരികയും ചെയ്യും. പുറത്തേക്കു വരുന്ന സെമണ്‍ അഞ്ചു ഭാഗമായാണു കാണുക.
1. ജെല്‍ ഭാഗം
2. തെളിഞ്ഞ ഭാഗം
3. ബീജം നിറഞ്ഞ ഭാഗം
4. തെളിഞ്ഞ ഭാഗം
5. ജെല്‍ഭാഗം
ബീജം ശേഖരിക്കുന്നതിന്‌ 5-20 മിനിട്ടുകള്‍ വേണ്ടിവരും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍