സംരക്ഷണവും പരിപാലനവും
തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ നായകളെപ്പോലെ പൂച്ചകളും മനുഷ്യന്റെ കൂട്ടുകാരാണ്. എന്നാല്‍ പൂച്ചയുടെ സ്വഭാവം നായയുടേതില്‍നിന്നും വിഭിന്നമാണ്. മൃഗസ്‌നേഹികളായ ആളുകള്‍ക്ക് അരുമയായി, ഇണക്കിവളര്‍ത്താന്‍ കഴിയുന്ന മൃഗമാണ് പൂച്ച. ബുദ്ധിയുള്ള ജീവി എന്ന നിലയിലും പൂച്ചയ്‌ക്കു പ്രാധാന്യമുണ്ട്.
മാംസഭുക്കുകളായ മാര്‍ജ്ജാരവര്‍ഗ്ഗത്തില്‍പ്പെട്ട സസ്‌തനിയാണ് പൂച്ച (Felines) ഇരകളെ കീഴടക്കാനുള്ള ത്വര പൂച്ചവര്‍ഗ്ഗത്തിന് പൊതുവേ കൂടുതലാണ്. വീട്ടില്‍ ഇണക്കി വളര്‍ത്തുന്ന പൂച്ചപോലും എലി, പക്ഷികള്‍ ഇവയെ വേട്ടയാടി ആഹാരമാക്കാറുണ്ട്. സിംഹം, കടുവ, പുള്ളിപ്പുലി, ചീറ്റ, ജാഗ്വാര്‍, കാട്ടുപൂച്ച, മീന്‍പിടിയന്‍പൂച്ച (കേരളത്തിലെ കാടുകളില്‍ കാണപ്പെടുന്നു) തുടങ്ങിയവയും പൂച്ച വര്‍ഗ്ഗത്തിലുള്‍പ്പെടുന്നു.
ഇരുപത്തഞ്ചു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇന്നുകാണുന്ന രൂപത്തിലുള്ള പൂച്ചകള്‍ ഉരുത്തിരിഞ്ഞത്. ഇരയെ മുറിപ്പെടുത്തി കൊല്ലാന്‍പാകത്തിന് നീണ്ട, മൂര്‍ച്ചയുള്ള പല്ലുകള്‍ പൂച്ചയ്‌ക്കുണ്ട്. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കുമുന്‍പ് പുരാതന ഈജിപ്‌തിലാണ് ഇവയെ ആദ്യമായി ഇണക്കിവളര്‍ത്താനാരംഭിച്ചത്. അവര്‍ പൂച്ചകളെ ആരാധിക്കുകയും കാര്‍ഷികവിളകള്‍ സംരക്ഷിക്കുന്നതിനു ഉപയോഗപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവയെ ഇണക്കി വളര്‍ത്താനാരംഭിച്ചത്.
പൂച്ചയ്‌ക്ക് മുപ്പതോളം പല്ലുകളുണ്ട്. മാംസാഹാരിയായ ഇവയ്‌ക്ക് കൂര്‍ത്ത, നീണ്ട ദന്തനിരകള്‍ അനുഗ്രഹമാണ്. എല്ലുകള്‍ കടിച്ചു പൊട്ടിക്കുന്നതിനും മറ്റും ഈ ദന്തനിരകള്‍ ഇവയെ സഹായിക്കുന്നു. ചെറുതായി ചലിപ്പിക്കാന്‍ കഴിയുന്ന താടിയും ആഹാരം വിഴുങ്ങുന്നതിനു സഹായിക്കുന്ന നാക്കും മറ്റും പ്രത്യേകതകളാണ്. അപാരമായ കാഴ്‌ചശക്തി പൂച്ചയ്‌ക്കുണ്ട്. അകലെയുള്ള വസ്‌തുക്കളെപ്പോലും വേഗത്തില്‍ തിരിച്ചറിയാന്‍ ഇവയ്‌ക്കു കഴിയുന്നു. രാത്രിയിലെ മങ്ങിയ വെളിച്ചത്തില്‍പോലും പൂച്ച വസ്‌തുക്കളെ തിരിച്ചറിയും.