കവര്‍സ്റ്റോറി : സീറോ ബജറ്റ് കൃഷി എന്ത്, എങ്ങനെ

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാന്‍ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത്-മണ്ണ്, വിത്ത്, കൃഷിക്കാരന്‍റെ അധ്വാനം, ഒരു നാടന്‍ പശു.
ഇദ്ദേഹത്തിന്‍റെ രീതിയനുസരിച്ച് ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. ചെടികള്‍ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ സഹായത്താലാണ്. നാടന്‍ പശുക്കളുടെ ചാണകത്തില്‍ മാത്രമാണ് ഏറ്റവും കൂടിയ അളവില്‍ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നത്.പലേക്കറുടെ അഭിപ്രായത്തില്‍ നാടന്‍ പശുവിന്‍റെ ഒരു ഗ്രാം ചാണകത്തില്‍ അഞ്ഞൂറു കോടിവരെ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നു. സങ്കരയിനം പശുക്കളുടെ ഒരു ഗ്രാം ചാണകത്തില്‍ വെറും എഴുപതു ലക്ഷം സൂക്ഷ്മാണുക്കള്‍ മാത്രമുള്ള സ്ഥാനത്താണിത്. ചെടികളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതിനുള്ള കഴിവ് നാടന്‍ പശുക്കളുടെ മൂത്രത്തിനുണ്ട്. ചാണകം ഏറ്റവും പുതിയതും മൂത്രം ഏറ്റവും പഴയതും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. 
ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് ഒരു ഗ്രാം പോലും വളമോ കീടനാശിനികളോ പുറമേ നിന്നു വാങ്ങേണ്ടതായി വരില്ല. ആയിനത്തിലെല്ലാമുള്ള ചെലവ് ലാഭിക്കാന്‍ സാധിക്കുമ്പോള്‍ കൃഷി ചെലവില്ലാത്തതായി മാറുന്നു. സീറോ ബജറ്റ് കൃഷിയുടെ തത്വങ്ങളനുസരിച്ച് മണ്ണ് വളക്കൂറുള്ളതാകുന്നത് നാലു വിധത്തിലാണ്. പുനചംക്രമണം, ക്യാപ്പില്ലറി ശക്തി, ചുഴലിക്കാറ്റ്, നാടന്‍ മണ്ണിര എന്നിവയാണ് വളക്കൂറു കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. 
പുനചംക്രമണം
ജീവനുള്ള ഏതു വസ്തുവും അതിന്‍റെ പ്രത്യക്ഷ രൂപങ്ങളില്‍ നിന്ന് അടിസ്ഥാനരൂപങ്ങളിലേക്ക് മടങ്ങിപ്പോകുമെന്നുള്ളത് പ്രകൃതിയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. ഉദാഹരണത്തിന് എത്ര കരുത്തില്‍ വളരുന്ന സസ്യവും കാലക്രമത്തില്‍ നശിക്കുകയും ജൈവ അവശിഷ്ടങ്ങള്‍ ചീഞ്ഞ് വളമാകുകയും ചെയ്യുന്നു. ഇലകള്‍ കൊഴിയുമ്പോഴും അവയുടെ മൂലകങ്ങള്‍ അഴുകി മണ്ണിലേക്കു ചേരുന്നു. ഓരോ ചെടിയുടെയും വേരുപടലം മൂലകങ്ങളുടെ കലവറയാണ്. സസ്യഭാഗങ്ങള്‍ മൃഗങ്ങള്‍ ഭക്ഷണമാക്കുമ്പോള്‍ അവയുടെ അവശിഷ്ടങ്ങള്‍ ചാണകമായി പുറത്തു വരുന്നു. മണ്ണിലെ വളക്കൂറിനെ ശാസ്ത്രീയമായി വിളിക്കുന്ന പേരാണ് ക്ലേദം അഥവാ ഹ്യൂമസ്. ഏതു ജൈവവസ്തുവും അഴുകിച്ചേര്‍ന്നു കഴിയുമ്പോള്‍ ക്ലേദമായി മാറുകയാണ് ചെയ്യുന്നത്. ഇതില്‍ കാര്‍ബണും നൈട്രജനുമാണ് പ്രധാനമായി അടങ്ങിയിരിക്കുന്നത്. 
ഏറ്റവും മുകള്‍ ഭാഗത്തെ മണ്ണ് അഥവാ മേല്‍മണ്ണിലാണ് ഏറ്റവും കൂടുതല്‍ വളക്കൂറ് അഥവാ ക്ലേദമുള്ളത്. ഈ ഭാഗത്ത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം സജീവമായിതിനാലാണിങ്ങനെ സംഭവിക്കുന്നത്. വെറും നാലര ഇഞ്ച് മാത്രമാണ് ഈ ഭാഗത്തിന്‍റെ താഴ്ച. കൃഷിയില്‍ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത് മേല്‍മണ്ണു സംരക്ഷിക്കുന്നതിനാണ്. ഇതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് പുതയിടല്‍. ഒരു കാരണം കൊണ്ടും മണ്ണിനെ ആഴത്തില്‍ ഉഴുതു മറിക്കരുത്. ഇങ്ങനെ ചെയ്താല്‍ ക്ലേദത്തിലെ കാര്‍ബണ്‍ മണ്ണിന്‍റെ ഉപരിതലത്തിലെത്തുകയും സൂര്യതാപമേറ്റ് നഷ്ടമാകുകയും ചെയ്യും. സൂക്ഷ്മജീവകളെയും മണ്ണിന്‍റെ ഉപരിതലത്തിലേക്കു കൊണ്ടുവരുന്നതിനു മാത്രമാണ് ഉഴവുസഹായിക്കുന്നത്. ഇതിന്‍റെ ഫലമായി അവയും സൂര്യതാപമേറ്റ് നശിക്കുന്നു. ക്ലേദം സ്പോഞ്ചു പോലെയാണ്. ഈര്‍പ്പത്തെ പിടിച്ചു നിര്‍ത്താന്‍ ഇതു സഹായിക്കുന്നു. ഒരു കിലോഗ്രാം ക്ലേദത്തില്‍ ആറു കിലോഗ്രാം വെള്ളം പിടിച്ചു വയ്ക്കാം. 
ക്യാപ്പില്ലറി ശക്തി
മണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ചെടികള്‍ക്കു വലിച്ചെടുക്കാവുന്ന വിധത്തില്‍ വേരുപടലത്തിലെത്തുന്നത് മണ്ണിന്‍റെ ക്യാപ്പില്ലറി ശക്തി മൂലമാണ്. നേര്‍ത്ത കുഴലുകളില്‍ കൂടി ദ്രാവകങ്ങള്‍ മുകളിവലേക്കു കടക്കുന്നതിനെയാണ് ക്യാപ്പില്ലറി പ്രവര്‍ത്തനമെന്നു വിളിക്കുന്നത്. മഴക്കാലത്ത് മണ്‍തരികള്‍ക്കിടയിലൂടെ വെള്ളം ഒഴുകി ഭൂമിയുടെ അടിനിരപ്പുകളിലെത്തുന്നു. അവിടെ നിന്ന് വേനല്‍ക്കാലത്ത് ക്യാപ്പില്ലറി പ്രവര്‍ത്തനം മുഖേന വെള്ളവും അതില്‍ ലയിച്ചു ചേരുന്ന പോഷകങ്ങളും ചെടികളുടെ വേരുപടലത്തിനു സമീപമെത്തുന്നു. ഇങ്ങനെയാണ് ചെടികള്‍ക്കു പോഷകങ്ങള്‍ ലഭിക്കുന്നത്. മണ്ണിന്‍റെ ക്യാപ്പില്ലറികള്‍ തകര്‍ന്നു പോകുന്നതോടെ പോഷകങ്ങള്‍ ചെടികള്‍ക്കു ലഭിക്കാതെ പോകുന്നു എന്നതാണ് ആഴത്തിലുള്ള ഉഴവുകൊണ്ടുള്ള പ്രശ്നം. രാസവളങ്ങളും ഇതേ രീതിയില്‍ മണ്ണിലെ ക്യാപ്പില്ലറികളെ അടച്ചുകളയുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് യൂറിയയില്‍ 42 ശതമാനം നൈട്രജനാണ് അടങ്ങിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം ഫില്ലര്‍ എന്നു വിളിക്കുന്ന പശിമകൂടിയ ചേരുവകളാണ്. ഇവ മണ്ണിലെ സൂക്ഷ്മസുഷിരങ്ങളെ അടച്ചുകളയുന്നു. അതോടെ സ്വാഭാവിക മൂലകങ്ങള്‍ ചെടികള്‍ക്കു കിട്ടാതെയാകുന്നു. സൂപ്പര്‍ ഫോസ്ഫേറ്റില്‍ 82 ശതമാനവും ഇത്തരം ഫില്ലറുകളാണ്. മ്യൂറിയേറ്റ് ഓഫ് പൊട്ടഷില്‍ നാല്‍പതു ശതമാനമാണ് ഫില്ലറുകള്‍. ഇവ മണ്ണിനെ പശിമയോടെ പിടിച്ചു നിര്‍ത്തി ക്യാപ്പില്ലറികള്‍ അടച്ചു കളയുന്നതു കൊണ്ടാണ് രാസവളം ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ പില്‍ക്കാലത്ത് വിളവു കുറഞ്ഞുവരുന്നത്. 
ചുഴലിക്കാറ്റ്
ചുഴലിക്കാറ്റടിക്കുമ്പോള്‍ മേല്‍മണ്ണിലെ സൂക്ഷ്മമൂലകങ്ങളും ഉപരിതലത്തിലെ പോഷകങ്ങളും വായുവില്‍ ഉയര്‍ന്നു പൊങ്ങി മേഘങ്ങളില്‍ കലരുന്നു. ഇത്തരം മഴമേഘങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ സൂക്ഷ്മമൂലകങ്ങളും പോഷകങ്ങളും മണ്ണില്‍ കലരാനിടയാകുന്നു. മിന്നല്‍ പിണരുകള്‍ അന്തരീക്ഷത്തിലെ നൈട്രജനെ വിഘടിപ്പിച്ച് സൂക്ഷ്മധാതുക്കളാക്കി മഴയോടൊപ്പം പെയ്തിറങ്ങി മണ്ണിനെ സമ്പന്നമാക്കുന്നു. മണ്ണിലെ  നൈട്രജന്‍റെ പതിനഞ്ച് ശതമാനം ലഭിക്കുന്നത് ഇത്തരത്തില്‍ ഇടിമിന്നലുകളില്‍ കൂടിയാണ്.
നാടന്‍ മണ്ണിര
ഇവ മുഴുവന്‍ സമയവും മണ്ണിനെ പോഷകസമ്പന്നമാക്കിക്കൊണ്ടിരിക്കുകയാണ്. ഇവ സദാ മണ്ണിനു മുകളിലേക്കും താഴേക്കും സഞ്ചരിച്ചുകൊണ്ടാണിരിക്കുന്നത്. ഇതുവഴി മണ്ണിനടിയിലേക്ക് വായുസഞ്ചാരം ഉറപ്പുവരുത്താന്‍ സാധിക്കുന്നു. അനുകൂലമായ അന്തരീക്ഷമില്ലെങ്കില്‍ ഇവ മേല്‍മണ്ണിനു താഴേക്ക് പതിനഞ്ച് അടിയോളം താഴ്ചയിലെത്തി സുപ്താവസ്ഥയെ പ്രാപിക്കുന്നു. അനുകൂല സാഹചര്യം വരുമ്പോഴാണ് പിന്നീടിവ മണ്ണിന്‍റെ പ്രതലത്തിലേക്കെത്തുന്നത്. മണ്ണിര പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടു ചെടികള്‍ക്കിടയില്‍ ശാന്തമായ വായുപ്രവാഹമുണ്ടായിരിക്കും. മണ്ണിരകളുടെ പ്രവര്‍ത്തനം നല്ല തോതില്‍ നടക്കണമെങ്കിലും അതുവഴി ചെടികള്‍ക്കു പ്രയോജനമുണ്ടാകണമെങ്കിലും മൂന്നു ഘടകങ്ങള്‍ ഉറപ്പു വരുത്തണം. വാപസ, ഊബ്, മായ എന്നിവയാണ് മൂന്നു ഘടകങ്ങള്‍
വാപസ
മണ്‍തരികള്‍ക്കിടയില്‍ മണ്ണിരയുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ശൂന്യസ്ഥലമാണ് വാപസ. ഇതിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കരുത്. എന്നാല്‍ ഈര്‍പ്പവും വായുവും പാതിവീതം ഉണ്ടായിരിക്കണം. അതായത് രണ്ടും അമ്പതു ശതമാനം വീതം. വേരുകള്‍ വെള്ളമല്ല വലിച്ചെടുക്കുന്നത്. മണ്‍തരികള്‍ക്കിടയിലുള്ള ശൂന്യസ്ഥലത്തെ ഈര്‍പ്പവും വായുവുമാണവ വലിച്ചെടുക്കുന്നത്. 
ഊബ്
ഊഷ്മളത, സുരക്ഷിതത്വം എന്നൊക്കെയാണ് ഊബ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. മണ്ണിരകളുടെ പ്രവര്‍ത്തനത്തെ ഏറ്റവുമധികം ബാധിക്കുന്ന ഘടകമാണ് ഊബ്. അവയ്ക്ക് സുരക്ഷിതമായി ജോലി ചെയ്യാനായാലേ വിളകള്‍ക്ക് അതിന്‍റെ മെച്ചം ലഭിക്കൂ.
മായ
എല്ലാ സചേതന വസ്തുക്കള്‍ക്കും അവ നിലനില്‍ക്കുന്ന അന്തരീക്ഷവുമായി ഒരു തരം ചങ്ങാത്തവും പരസ്പരാശ്രിതബന്ധവുമുണ്ടായിരിക്കണം. ഇതിനെയാണ് മായയെന്നു വിളിക്കുന്നത്. മണ്ണിരകള്‍ക്കും ഇത്തരത്തിലുള്ള ചങ്ങാത്തം കൂടിയേ തീരൂ. ഇതിനുള്ള അവസരമൊരുക്കേണ്ടത് കര്‍ഷകരുടെ ഉത്തരവാദിത്വമാണ്. പുതയിടലിലൂടെ മാത്രമാണിതു സാധിക്കുന്നത്. മണ്ണിരകള്‍ക്കു വേണ്ടി എന്തെല്ലാം സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്താലും അതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് പലേക്കര്‍ പറയുന്നു. കാരണം ഒരു ചതുരശ്രയടി മണ്ണില്‍ വെറും നാലു മണ്ണിര എന്ന തോതിലുണ്ടെങ്കില്‍ ഒരേക്കര്‍ സ്ഥലത്തു നിന്ന് നാല്പതു ടണ്‍ പച്ചക്കറിയുടെ വിളവു ലഭിക്കുമെന്ന് ഇദ്ദേഹം കണക്കാക്കിയിരിക്കുന്നു. 
(തുടരും. ജീവാമൃതം തുടങ്ങിയ വളക്കൂട്ടുകളെക്കുറിച്ച് അടുത്തലക്കം കവര്സ്റ്റോറിയില്‍ കാണുക)

jeevalokam

ഹോം പേജ് തലക്കെട്ടുകള്‍