താറാവ്‌ :ഇനങ്ങള്‍

മസ്‌കോവി

ബ്രസീലാണ്‌ ഇവയുടെ ജന്മസ്ഥലം. വലിപ്പം കൂടിയ ജനുസ്സാണിത്‌. മുഖം നേരിയ ചുവപ്പുനിറമാണ്‌. തലഭാഗത്ത്‌ അരിമ്പാറപോലെ തോന്നുന്ന തൊലിയുണ്ട്‌. ആണ്‍താറാവിന്റെ വാലില്‍ വളഞ്ഞ തൂവലുകളില്ലാത്തത്‌ ഇതിന്റെ പ്രത്യേകതയാണ്‌. മസ്‌കോവിയിനത്തില്‍ തന്നെ കറുപ്പും വെളുപ്പും നിറമുള്ള രണ്ടിനങ്ങളുണ്ട്‌. മസ്‌കോവി താറാവിന്റെ മുട്ടവിരിയാന്‍ 36 ദിവസം വേണം. ഇവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ ശരീരത്തില്‍ രോമം മുഴുവന്‍ കിളിര്‍ത്തുവരാന്‍ 16 ആഴ്‌ചയെങ്കിലും എടുക്കും. ഇവയുടെ മാംസം നല്ല രുചിയുള്ളതാണ്‌. 17 ആഴ്‌ചയായാല്‍ ഇവയെ കശാപ്പ്‌ ചെയ്യാം. പൂവന്‍ താറാവിനു നാലര കി.ഗ്രാമും പിടയ്‌ക്ക്‌ മൂന്നര കിഗ്രാമും തൂക്കമുണ്ടാകും. ഇവയെ മറ്റു താറാവുകളുമായി ഇണ ചേര്‍ത്തുണ്ടാകുന്ന ഇനം പ്രത്യുല്‍പ്പാദനശേഷിയില്ലാത്തതായിരിക്കും. മസ്‌കോവി താറാവുകള്‍ക്ക്‌ പറക്കാനുള്ളശേഷി കൂടുതലാണ്‌. മസ്‌കോവിതാറാവിനെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇണങ്ങിയാല്‍ വളരെ അടുപ്പം കാണിക്കുന്ന ഇവ സ്‌നേഹം പ്രകടിപ്പിക്കാന്‍ നമ്മുടെ കൈകാലുകളില്‍ ചാടിക്കയറാം. ഇവയുടെ കാലുകളിലെ നീളം കൂടിയ മൂര്‍ച്ചയുള്ള നഖങ്ങള്‍കൊണ്ട്‌ മുറിവുണ്ടാക്കാന്‍ സാധ്യതയുണ്ട്‌.

ഐല്‍സ്‌ബറി 

ഇംഗ്ലണ്ട്‌ ആണ്‌ ജന്മസ്ഥലം. വെള്ളം തൂവലുള്ള ഇതിന്റെ കാല്‍ കുറുകിയതും ഓറഞ്ച്‌ നിറമുള്ളതുമാണ്‌ ഈ താറാവിന്‌ വൈറ്റ്‌ പെക്കിന്‍ ഇനത്തിന്റെ ഗുണങ്ങളെല്ലാമുണ്ട്‌. വര്‍ഷത്തില്‍ 150 മുട്ടവരെ നല്‍കും. ഇതിന്റെ ഇറച്ചിക്ക്‌ ക്രീം നിറമാണുള്ളത്‌. ഇവയുടെ തല നേരെയും ഉയര്‍ന്നതും, നീളമുള്ളതുമാണ്‌. ചുണ്ടുകള്‍ക്ക്‌ വീതിയും നീളവുമുണ്ട്‌. ഒരു വശത്തുനിന്ന്‌ നോക്കുമ്പോള്‍ തലയുടെ മുകള്‍ഭാഗത്തുനിന്നും ചുണ്ടുകള്‍ വരെ ഒരുനേര്‍വരയിലാണെന്നു കാണാം. കണ്ണുകള്‍ പോളകള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. കഴുത്തിനു നീളമുണ്ടെങ്കിലും വണ്ണം കുറഞ്ഞ്‌ അല്‍പ്പം വളഞ്ഞാണ്‌. ഉടലിന്‌ നല്ല വീതിയും നീളവും പൊക്കവുമുണ്ട്‌. മുതുക്‌ പരന്നതും വളവില്ലാത്തുമാണ്‌. പൂവന്മാര്‍ക്ക്‌ വാലില്‍ രണ്ടോ മൂന്നോ വളഞ്ഞ തൂവലുണ്ട്‌.

മിനിക്കോസ്‌  

വളരെ കുറഞ്ഞ മരണനിരക്ക്‌, ദ്രുതഗതിയിലുള്ള വളര്‍ച്ച, കൊഴുപ്പ്‌ കുറഞ്ഞ സ്വാദേറിയ ഇറച്ചി എന്നിവ ഇതിന്റെ സവിശേഷതകളാണ്‌. ഇവ 45 ദിവസംകൊണ്ട്‌ 1.6 കി.ഗ്രാം തൂക്കം വയ്‌ക്കുന്നതായി കണ്ടിട്ടുണ്ട്‌.

വൈറ്റ്‌ പെക്കിന്‍

ചൈനയില്‍ ഉടലെടുത്തതാണ്‌ ഈ ഇനം. ദ്രുതഗതിയിലുള്ള വളര്‍ച്ച, നല്ല തീറ്റ പരിവര്‍ത്തനശേഷി, സ്വദേറിയ ഇറച്ചി ഉയര്‍ന്ന ജീവനക്ഷമത എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. ഇതിന്റെ തൂവലുകള്‍ക്ക്‌ വെള്ളനിറവും കൊക്കിനും കാലുകള്‍ക്കും ഓറഞ്ചുനിറവുമാണ്‌. പ്രായപൂര്‍ത്തിയായ ആണ്‍താറാവിന്‌ 4 കി.ഗ്രാമും പെണ്‍ താറാവിന്‌ 3½ കി.ഗ്രാം തൂക്കമുണ്ടാകും. നന്നായി പരിപാലിച്ചാല്‍ ഈ ഇനം 54 ദിവസം കൊണ്ട്‌ 2½ കി.ഗ്രാം തൂക്കം വെക്കുന്നതായി കണ്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഇതിനെ ഇറച്ചിക്കുവേണ്ടിയാണ്‌ വളര്‍ത്തി വരുന്നത്‌. വര്‍ഷത്തില്‍ 220 മുട്ടകള്‍ വരെ ഇടാറുണ്ട്‌.

വിഗോവ

ഇറച്ചിത്താറാവിനമാണു വിഗോവ. വൈറ്റ്‌ പെക്കിന്‍ ഐല്‍സ്‌ബറി എന്നീ ഇനങ്ങള്‍ പ്രജനനം നടത്തി ഉല്‍പ്പാദിപ്പിച്ച ഇനമാണിത്‌. വിയറ്റ്‌നാമാണ്‌ ജന്മദേശം. തെക്കേഇന്ത്യയിലും കേരളത്തിലും ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന ഇനമാണിത്‌. വെള്ളനിറമുള്ള ഇതിന്‌ നല്ല തീറ്റ പരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കുമുണ്ട്‌. രണ്ടാംമാസത്തില്‍ 2 ½-3 കി.ഗ്രാം തൂക്കമെത്തും. മുട്ടയുല്‍പ്പാദനം വളരെ കുറവാണ്‌. വര്‍ത്തില്‍ 80-100 മുട്ടയേ ലഭിക്കൂ.

കാക്കിക്കേമ്പല്‍

ഇതൊരു സങ്കരയിനമാണ്‌. ഇംഗ്ലണ്ടാണ്‌ ജന്മസ്ഥലം. ഈ ഇനത്തില്‍പ്പെട്ട താറാവുകള്‍ വര്‍ഷത്തില്‍ 364 മുട്ടകള്‍ വരെ ഇടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. പേരുപോലെ തന്നെ കാക്കിനിറമാണ്‌. നീളമുള്ള കഴുത്ത്‌ പച്ച തല, കറുപ്പുനിറത്തോടുകൂടിയ കൊക്ക്‌, ബ്രൗണ്‍ നിറത്തിലുള്ള കാല്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്‌. കുറച്ചു ദിവസങ്ങള്‍ വെള്ളമില്ലാതെയും ഇവയ്‌ക്ക്‌ കഴിയാന്‍ സാധിക്കും. മേയ്‌ച്ച്‌ വളര്‍ത്താന്‍ പറ്റിയ ഇനമാണിത്‌. പൂവന്‌ രണ്ടര കി.ഗ്രാമും പിടയ്‌ക്ക്‌ 2.2 കി.ഗ്രാമും തൂക്കമുണ്ടാകും.

ഇന്ത്യന്‍ റണ്ണര്‍

ഇന്ത്യന്‍ ജനുസ്സാണ്‌. ഇവയ്‌ക്ക്‌ നീളമുള്ള മെലിഞ്ഞ ശരീരമാണുള്ളത്‌. പെന്‍ഗ്വിന്‍ പക്ഷികളുടെ ശരീര പ്രകൃതിയാണിവയ്‌ക്ക്‌. മുട്ടയിടുന്നതില്‍ രണ്ടാം സ്ഥാനം ഇവയ്‌ക്കുണ്ട്‌. വളരെ കുറഞ്ഞ മരണനിരക്ക്‌ കൂടിയ മുട്ട ഉല്‍പ്പാദനം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌.

അലങ്കാരത്താറാവുകള്‍

ക്രസ്റ്റഡ്‌ വൈറ്റ്‌, ഈസ്റ്റ്‌ ഇന്ത്യകള്‍ ആന്റ്‌ ബ്ലാക്ക്‌, കരോലിന, മന്‍ഡറിന്‍ എന്നിവയാണ്‌ അലങ്കാരത്തിനുവേണ്ടി വളര്‍ത്തുന്നത്‌.

കുട്ടനാടന്‍ താറാവുകള്‍

കേരളത്തിലെ വനാന്തരങ്ങളില്‍ ഉണ്ടായിരുന്ന കാട്ടുതാറാവുകളില്‍നിന്നാണ്‌ കുട്ടനാടന്‍ താറാവുകളുടെ ഉദ്‌ഭവം. ഇവയ്‌ക്ക്‌ നിറത്തിലും ആകൃതിയിലും വലിപ്പത്തിലും കാട്ടുതാറാവുകൂട്ടമായി നല്ല സാമ്യമുണ്ട്‌. ആലപ്പുഴ ജില്ലയിലെ വേമ്പനാട്‌ കായലിനു ചുറ്റുമുള്ള ഭൂപ്രദേശങ്ങളിലാണ്‌ ഇവയെ വ്യാപകമായി വളര്‍ത്തുന്നത്‌. ആലപ്പുഴ ജില്ലയ്‌ക്കു പുറമേ തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ ഇവയെ വളര്‍ത്തിയിരുന്നു. മുട്ടയ്‌ക്കും ഇറച്ചിക്കുംവേണ്ടി വളര്‍ത്താന്‍ പറ്റിയ ഇനങ്ങളാണിവ. കേരളത്തിന്റെ കാലാവസ്ഥയോട്‌ നന്നായി പൊരുത്തപ്പെട്ട ഈ ഇനത്തിന്‌ ദീര്‍ഘദൂരം നടക്കാനുള്ള കഴിവും ഉണ്ട്‌. കുട്ടനാടന്‍ താറാവുകളില്‍ രണ്ടിനങ്ങളുണ്ട്‌. ചാരയും ചെമ്പല്ലിയും. ഇടയ്‌ക്കിടെ തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയ ചാരനിറമുള്ളതാണ്‌ ചാരത്താറാവുകള്‍. എന്നാല്‍ കറുപ്പിന്റെ അംശം ഒട്ടുമില്ലാതെ മങ്ങിയ തവിട്ടുനിറമുള്ള ഇനമാണ്‌ ചെമ്പല്ലി. എണ്ണത്തില്‍ കൂടുതല്‍ ഈ ഇനമാണ്‌. 

ചാരാത്താറാവുകളുടെ പ്രത്യേകതകള്‍
1. പൂവന്‍ താറാവുകളുടെ തലയിലെ തൂവലുകള്‍ക്ക്‌ തിളങ്ങുന്ന പച്ചയോടുകൂടിയ കറുപ്പ്‌ നിറമുണ്ട്‌.
2. ചുണ്ടുകള്‍ക്ക്‌ മങ്ങിയ ഓറഞ്ചു നിറത്തില്‍ കറുത്ത പുള്ളികളുണ്ടാവും.
3. കാലും പാദവും ഓറഞ്ചുനിറമായിരിക്കും.
4. പുറംഭാഗങ്ങളും ചെരിവുകളും വാല്‍ഭാഗവും ആവരണം ചെയ്‌തിട്ടുള്ള തൂവുകള്‍ക്ക്‌ കറുപ്പില്‍ തവിട്ട്‌ കലര്‍ന്ന നിറമാണ്‌.
ചെമ്പല്ലിത്താറാവുകളുടെ പ്രത്യേകതള്‍
1. പൂവന്‍ താറാവിന്‌ മങ്ങിയ പച്ചയോടുകൂടിയ കറുപ്പുനിറമാണ്‌.
2. ചുണ്ടുകള്‍ക്ക്‌ മഞ്ഞനിറത്തില്‍ കറുത്തപുള്ളികളുണ്ടാകും.
3. കാലും പാദവും കറുത്ത ഓറഞ്ച്‌ നിറമായിരിക്കും.
4. നല്ല തവിട്ടു നിറമായിരിക്കും.
മേല്‍പ്പറഞ്ഞ പൊതുലക്ഷണങ്ങളില്‍നിന്നും വൈവിധ്യമാര്‍ന്ന ലക്ഷണങ്ങളും ചിലപ്പോള്‍ കാണാറുണ്ട്‌. ഭാഗികമായി, കറുത്ത പുള്ളികളും ഇടയ്‌ക്കിടെ വെളുത്ത തൂവലോടുകൂടിയ ഇനങ്ങളും കണ്ടു വരുന്നുണ്ട്‌. പൂര്‍ണ തോതിലുള്ള ശ്വേതാവസ്ഥയാവട്ടെ വളരെ കുറവാണ്‌. തവിട്ടുനിറത്തിലുള്ള നെഞ്ചും, കഴുത്തില്‍ വെളുത്തനിറത്തിലുള്ള ഒരു വലയവുമുള്ള പിടത്താറാവുകളെ ചിലപ്പോള്‍ കാണാറുണ്ട്‌. നെഞ്ചില്‍ മാത്രം വെളുത്തതൂവലുകളുള്ള കറുത്ത താറാവുകളും കൂട്ടത്തിലുണ്ടാകും. ഇങ്ങനെ തൂവല്‍ ഘടനയിലും വര്‍ണങ്ങളിലും വ്യത്യസ്‌തത പുലര്‍ത്തുന്ന ധാരാളം ഇനങ്ങള്‍ നാടന്‍ താറാവുകള്‍ക്കിടയിലുണ്ട്‌


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍