സമാന വിഭാഗങ്ങള്‍
തുടര്‍ന്നു വായിക്കുക

പൂച്ച :വീടൊരുക്കാം-പൂച്ചയ്‌ക്കായി


പൂച്ച വീട്ടിലെത്തുന്നതിനു മുന്‍പ്‌ ഉടമസ്ഥന്‍ ചില അവശ്യവസ്‌തുക്കള്‍ കരുതിവയ്‌ക്കണം. ഇവയ്‌ക്ക്‌ അവശ്യം വേണ്ട കിടക്ക, ഭക്ഷണപ്പാത്രങ്ങള്‍, കൂട്‌, കളിപ്പാട്ടങ്ങള്‍ എന്നിവ വീട്ടിലൊരുക്കുക. വൃത്തിയാക്കാന്‍ എളുപ്പം കഴിയുന്ന പ്ലാസ്റ്റിക്‌ കിടക്ക, ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമായി രണ്ട്‌ പാത്രങ്ങള്‍, കൈകാര്യം ചെയ്യാനെളുപ്പത്തിലുള്ള കൂട്‌ ഇവയെല്ലാം അത്യാവശ്യം വേണ്ട ഘടകങ്ങളാണ്‌.
 

ആഹാരക്രമം


നായയെ അപേക്ഷിച്ച്‌ പൂച്ചയ്‌ക്ക്‌ കൂടുതല്‍ കൊഴുപ്പും മാംസ്യവും അടങ്ങിയ ആഹാരം കൊടുക്കണം. പാല്‍, മുട്ട, മീന്‍ എന്നിവ തുടര്‍ച്ചയായി നല്‌കാം. എന്നാല്‍ ആവശ്യത്തിലധികമുള്ള പോഷണം ഇവയുടെ ആരോഗ്യം ക്ഷയിപ്പിക്കും ശുദ്ധജലം പൂച്ചയുടെ ആരോഗ്യത്തിന്‌ അത്യാവശ്യമാണ്‌.
 

ഭക്ഷണ ഇനങ്ങള്‍


വീട്ടില്‍ വളര്‍ത്തുന്ന ഓമനമൃഗങ്ങളുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ ഭക്ഷണം കൂടിയേതീരൂ. മൃഗത്തിന്റെ ശരീരപുഷ്‌ടിക്കാവശ്യമായ വിവിധ ഭക്ഷണയിനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്‌.
1. വരണ്ടത്‌ (Dry Food)
2. കാന്‍ഡ്‌ ഫുഡ്‌ (Canned Food)
3. സെമി-മോയിസ്റ്റ്‌ ഫുഡ്‌ (Semi-moist food)


വരണ്ടത്‌ (Dry Food)


മാംസം, മത്സ്യം, ധാന്യകം, കൊഴുപ്പ്‌, വിറ്റാമിനുകള്‍ ഇവയടങ്ങിയ ഡ്രൈഫുഡ്‌ വിവിധ നിറങ്ങളിലും രുചിയിമുണ്ട്‌. ഇത്തരം ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്ന പൂച്ചയ്‌ക്ക്‌ മൂത്രത്തില്‍ അണുബാധയുണ്ടാകാം. ജലാംശം കുറയുന്നതാണിതിനു കാരണം. പോഷകസമൃദ്ധമായ ആഹാരത്തോടൊപ്പം ആവശ്യത്തിന്‌ വെള്ളവും നല്‌കണം.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ പൂച്ചയ്‌ക്കും പൂച്ചക്കുട്ടിക്കും വ്യത്യസ്‌ത അളവിലാണ്‌ ആഹാരം നല്‌കേണ്ടത്‌. ദിവസേനയുള്ള ആഹാരത്തില്‍ വളര്‍ച്ചയെത്തിയ പൂച്ചയ്‌ക്ക്‌ 25ശതമാനം മാംസം വേണ്ടിവരുമ്പോള്‍ പൂച്ചക്കുഞ്ഞിന്‌ 40 ശതമാനം മാംസ്യം ആവശ്യമുണ്ട്‌. ഭക്ഷണശേഷം വായ വൃത്തിയാക്കി ഉറങ്ങുന്ന പൂച്ച, വിശപ്പു മാറിയെന്ന സൂചന നല്‌കുന്നു.
 

കാന്‍ഡ്‌ ഫുഡ്‌ (Canned Food)


പലവിലയുടെ കാന്‍ഡ്‌ഫുഡുണ്ട്‌. വില കുറഞ്ഞതില്‍ മാംസം, മത്സ്യം ഇവ കൂടുതലായിരിക്കും. പൂച്ചയുടെ ആരോഗ്യത്തിന്‌ ഇതത്ര നല്ലതല്ല. എന്നാല്‍ വിലകൂടിയ ഭക്ഷണത്തില്‍ മാംസവും മത്സ്യവും സമമായി ചേര്‍ന്നിരിക്കുന്നതിനാല്‍ പൂച്ചയ്‌ക്ക്‌ ഗുണകരമാണ്‌. ഉയര്‍ന്ന ചൂടിലാണ്‌ കാന്‍ഡ്‌ ഫുഡ്‌ ഒരുക്കേണ്ടത്‌.
 

സെമി-മോയിസ്റ്റ്‌ ഫുഡ്‌ (Semi-moist food)


പോഷകാംശം കൂടുതലുള്ള ഭക്ഷണമാണിത്‌. മാംസം, വിറ്റാമിന്‍, രാസപദാര്‍ത്ഥങ്ങള്‍ ഇവ ചേര്‍ന്നിരിക്കുന്നു. ഉപയോഗിക്കുന്നതിനു മുന്‍പ്‌ പായ്‌ക്കു ചെയ്‌ത തീയതി നോക്കണം. കാലാവധി കഴിഞ്ഞ ഭക്ഷണം ഉപയോഗിക്കരുത്‌.


ആവശ്യത്തിനുമാത്രം ഭക്ഷണം


� മീന്‍- പൂച്ചയ്‌ക്ക്‌ കടല്‍ മീനുകള്‍ നല്‌കാം. മീന്‍മുള്ള്‌ അപകടകരമായതുകൊണ്ട്‌ അവ നീക്കി മാംസം മാത്രമാക്കി വേണം നല്‌കാന്‍.
� മുട്ട - മുട്ടയുടെ വെള്ള കൂടുതല്‍ നല്‍കരുത്‌.
� പാല്‍ - പാലു കുടിക്കുന്നത്‌ പുച്ചയ്‌ക്കിഷ്‌ടമാണ്‌. എന്നാല്‍ പാലിലെ ലാക്‌ടോസ്‌ പൂച്ചയുടെ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. പാലുകുടിച്ചിട്ട്‌ കക്കിവയ്‌ക്കുന്നതിനു കാരണമിതാണ്‌.
� വെള്ളം- ദിവസവും കുറഞ്ഞത്‌ മൂന്നു പ്രാവശ്യമെങ്കിലും വെള്ളം നല്‌കണം.
� ധാന്യങ്ങളും പച്ചക്കറികളും - കാബേജ്‌, പാകം ചെയ്‌ത ഉരുളക്കിഴങ്ങ്‌, കാരറ്റ്‌, ബ്രെഡ്‌ എന്നിവ നല്‌കാം.
� ഉപ്പ്‌- ഭക്ഷണത്തിന്റെ രുചി വ്യത്യാസപ്പെടുത്തുന്നതിന്‌ ഇടയ്‌ക്കിടെ ഭക്ഷണത്തില്‍ ഉപ്പു ചേര്‍ക്കുക.


വിറ്റാമിനുകളും ധാതുലവണങ്ങളും


പൂച്ചയുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ ഇനി പറയുന്ന വിറ്റാമിനുകളും ധാതുലവണങ്ങളും ആവശ്യമാണ്‌.
� വിറ്റാമിന്‍ എ -മുട്ടയുടെ മഞ്ഞക്കരു, കരള്‍ തുടങ്ങി വിറ്റാമിന്‍ എ അടങ്ങിയവ പൂച്ചയുടെ വളര്‍ച്ചയ്‌ക്കാവശ്യമായ വിഭവങ്ങളാണ്‌.
� വിറ്റാമിന്‍ ബി- വിറ്റാമിന്‍ ബി പൂച്ചയുടെ വളര്‍ച്ചയ്‌ക്കും, നാഡികളുടെ പ്രവര്‍ത്തനത്തിനും ആവശ്യമാണ്‌. യീസ്റ്റ്‌, മുട്ടയുടെ മഞ്ഞക്കരു, കരള്‍ ഇവയില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്‌.
� വിറ്റാമിന്‍ ഡി - കാല്‍സ്യത്തിന്റേയും ഫോസ്‌ഫറസിന്റേയും ലഭ്യതയ്‌ക്ക്‌ വിറ്റാമിന്‍ ഡി സഹായിക്കുന്നു. സൂര്യപ്രകാശത്തില്‍നിന്ന്‌ വിറ്റാമിന്‍ ഡി ധാരാളം ലഭിക്കും.
� വിറ്റാമിന്‍ ഇ- ദേഹപുഷ്‌ടിക്ക്‌ വിറ്റാമിന്‍ ഇ ആവശ്യമാണ്‌.
� കാല്‍സ്യവും ഫോസ്‌ഫറസും- എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ കാല്‍സ്യവും ഫോസ്‌ഫറസും ആവശ്യമാണ്‌. പാലില്‍ ഈ ധാതുലവണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.
 

വിശപ്പില്ലായ്‌മ


പൂച്ചകളിലെ വിശപ്പില്ലായ്‌മയ്‌ക്ക്‌ പലകാരണങ്ങളുണ്ട്‌. പ്രസവമടുക്കാറായ പൂച്ച ഭക്ഷണവിരക്തി കാണിക്കാറുണ്ട്‌. അതിനുപുറമേ വൃത്തിയില്ലാത്ത ഭക്ഷണവും, പാത്രങ്ങളും വിശപ്പില്ലായ്‌മയ്‌ക്ക്‌ കാരണമാകാം. ഉടമസ്ഥനറിയാതെ അയല്‍ക്കാര്‍ ഭക്ഷണം നല്‌കുക വഴി വിശപ്പില്ലായ്‌മ ഉണ്ടാകാം. പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലവും പൂച്ച ഭക്ഷണം കഴിക്കാതിരിക്കും. ഇരുപത്തിനാലു മണിക്കൂറിനു ശേഷവും പൂച്ച ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഡോക്‌ടറെ കാണിക്കണം.
പൂച്ചയ്‌ക്ക്‌ ഭക്ഷണം നല്‌കുന്നതിനു മുന്‍പ്‌ അവയുടെ പ്രായം, തൂക്കം, ഇനം ഇവയെക്കുറിച്ച്‌ സാമാന്യ അറിവ്‌ നേടണം. പൂച്ചക്കുട്ടികളാണെങ്കില്‍ ദിവസവും പല തവണ ഭക്ഷണം നല്‌കുക. പ്രായം അനുസരിച്ച്‌ ഇനി പറയുന്ന വിധത്തില്‍ പൂച്ചയ്‌ക്ക്‌ ഭക്ഷണമൊരുക്കാം.
10 ആഴ്‌ച മുതല്‍ 5മാസം വരെ - 5 നേരം
5 മാസം മുതല്‍ 7 മാസം വരെ - 4 നേരം
7 മാസം മുതല്‍ 9 മാസം വരെ - 3 നേരം 
 

പരിശീലനം -പൂച്ചയ്‌ക്ക്‌


വീട്ടില്‍ അരുമയായി വളര്‍ത്തുന്ന പൂച്ചയ്‌ക്കും പരിശീലനം ആവശ്യമാണ്‌.

  • ടോയ്‌ലറ്റ്‌ പരിശീലനം

പൂച്ചയെ വിസര്‍ജ്ജനത്തിനു പരിശീലിപ്പിക്കേണ്ടത്‌ പ്രധാനമാണ്‌. ആദ്യമായി വീട്ടിലെത്തുന്ന പൂച്ചയേയും ഇതിനായി തയ്യാറാക്കണം. വിസര്‍ജ്ജനാവശ്യത്തിന്‌ രണ്ടോ അതിലധികമോ പാത്രങ്ങളോ ട്രേയോ ഉപയോഗിക്കാം. ഭക്ഷണശേഷം വിസര്‍ജ്ജനസ്ഥലം കാണിച്ച്‌ പരിശീലിപ്പിക്കുക. പ്രത്യേക ആവശ്യത്തിന്‌ പാത്രങ്ങളിലൊന്ന്‌ വീട്ടിനുള്ളിലും അടുത്തത്‌ വെളിയിലും സ്ഥാപിക്കുക. ഇടയ്‌ക്കിടെ പാത്രങ്ങള്‍ വൃത്തിയാക്കുക. ചിട്ടയായ വഴി പൂച്ച പാത്രത്തില്‍ തന്നെ വിസര്‍ജ്ജിക്കുന്നു പരിശീലനം നേടിയ ശേഷവും വീടിനുള്ളിലോ, പുറത്തോ വിസര്‍ജ്ജിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവയെ പരിശോധിപ്പിക്കണം.

  • വീട്ടുകാര്യങ്ങള്‍

വീട്ടിലെത്തി ആദ്യദിവസം തന്നെ ചിലവീട്ടുകാര്യങ്ങള്‍ പൂച്ചയെ പഠിപ്പിക്കുക. ആദ്യദിവസങ്ങളില്‍ പഠിക്കുന്ന കാര്യങ്ങള്‍ അവ മറക്കാറില്ല. തെറ്റു ചെയ്‌താല്‍ പുറത്ത്‌ ചെറുതായി തട്ടുകയും നല്ല പ്രവര്‍ത്തികള്‍ ചെയ്‌താല്‍ പുറത്തുതടവി ഓമനിക്കുകയും ചെയ്യുക, ആജ്ഞകള്‍ കൊടുക്കുന്നതിന്‌ ഇല്ല (No) വരുക (Come), നില്‍ക്കുക (stay) തുടങ്ങിയ ലളിത പദങ്ങള്‍ ഉപയോഗിക്കാം.
 

  • എങ്ങനെ വിളിക്കാം.

പൂച്ചയെ വിളിക്കുന്നതിന്‌ നേരത്തെ തന്നെ പരിശീലനം നല്‌കുക. ഇതുവഴി വീടിന്റെ ഏതുഭാഗത്തു നിന്നുമുള്ള വിളിയുടെ ശബ്‌ദവും പൂച്ചയ്‌ക്ക്‌ തിരിച്ചറിയാന്‍ കഴിയും. ഇഷ്‌ടപ്പെട്ട ഭക്ഷണമോ വിഭവങ്ങളോ നല്‌കിയാല്‍ ഇഷ്‌ടത്തോടെ അവഓടി അടുത്തെത്തും.

  • ഭക്ഷണ അപേക്ഷയും മോഷണവും

കൃത്യമായി ഭക്ഷണം നല്‌കിയാലും ചില പൂച്ചകള്‍ മോഷണശ്രമം നടത്താറുണ്ട്‌. ഭക്ഷണശേഷം പൂച്ചയെ മറ്റൊരു മുറിയിലേക്ക്‌ മാറ്റുന്നതു നന്നായിരിക്കും. ഉടമസ്ഥനൊപ്പം ഊണുമേശയിലിരുത്തി പൂച്ചയ്‌ക്ക്‌ ഭക്ഷണം നല്‌കരുത്‌. ഭക്ഷണത്തിനു വേണ്ടിയുള്ള അപേക്ഷയും സ്ഥിരമായ മോഷണവും ഉണ്ടായാല്‍ ചെറിയ ശിക്ഷകള്‍ നല്‌കാം.

  • ചാടിക്കയറല്‍ സ്വഭാവം

പൂച്ചയ്‌ക്കു സ്വതവേയുള്ള ചാടിക്കയറല്‍ ശീലം ഒഴിവാക്കുന്നതിന്‌ ഗൃഹോപകരണങ്ങളില്‍ ഭാരം കുറഞ്ഞ കര്‍ട്ടനുകളിടുന്നത്‌ നന്നായിരിക്കും. തൊടുമ്പോള്‍ തന്നെ വീഴുന്നതിനാല്‍ അവയ്‌ക്ക്‌ ചാടിക്കയറി സാധനങ്ങള്‍ നശിപ്പിക്കാന്‍ കഴിയില്ല. വിലപിടിപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചുവെയ്‌ക്കുന്നതാണ്‌ ഉത്തമം.

  • മാന്തല്‍ 

ഗൃഹോപകരണങ്ങളും കാര്‍പ്പെറ്റുകളും വിനാഗിരിയോ പോളിഷോ ഉപയോഗിച്ച്‌ വൃത്തിയാക്കിയാല്‍ പൂച്ച അവ മാന്തിക്കീറി നശിപ്പിക്കുന്നതു തടയാം.

  • അക്രമവാസന

പൂച്ചകള്‍ പക്ഷികളെയും എലികളെയും മറ്റും ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്‌. ഇതൊഴിവാക്കാന്‍ തുറസ്സായ സ്ഥലത്തോ പൂന്തോട്ടത്തിലോ പൂച്ചയ്‌ക്ക്‌ ആഹാരം വയ്‌ക്കരുത്‌. കഴുത്തില്‍ മണികെട്ടിത്തൂക്കുക വഴി മറ്റു ജീവികള്‍ക്ക്‌ പൂച്ചയുടെ സാന്നിദ്ധ്യം എളുപ്പത്തില്‍ മനസ്സിലാകും.

  • ശ്രദ്ധയും പരിചരണവും

ശ്രദ്ധയും പരിചരണവും നല്‌കിയാല്‍ ഇണക്കം കൂടുതല്‍ കാണിക്കുന്ന ജീവിയാണ്‌ പൂച്ച. ഇവയെ കൈകാര്യം ചെയ്യുക എളുപ്പവുമാണ്‌. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയ്‌ക്ക്‌ ചില അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക.

  • കിടക്ക- ശല്യമൊഴിഞ്ഞ വീടിന്റെ ഏതെങ്കിലും കോണില്‍ പൂച്ചയ്‌ക്ക്‌ കിടക്കയൊരുക്കാം. ആവശ്യത്തിന്‌ ചൂട്‌ കിട്ടുന്ന വിധത്തില്‍ പെട്ടിയോ, പ്ലാസ്റ്റിക്‌ കിടക്കയോ നല്‌കാം.
  • ലിറ്റര്‍ ട്രേ- ഉപയോഗിക്കാന്‍ എളുപ്പമുള്ള ലിറ്റര്‍ ട്രേ വാങ്ങുവാന്‍ ശ്രദ്ധിക്കുക. എപ്പോഴും അവ വൃത്തിയാക്കി വയ്‌ക്കുക. അല്ലാത്തപക്ഷം പൂച്ച ട്രേ ഉപയോഗിക്കില്ല. ഭക്ഷണപ്പാത്രങ്ങള്‍, കിടക്ക ഇവയില്‍ നിന്നും നിശ്ചിത അകലത്തില്‍ മാത്രം ട്രേ വയ്‌ക്കുക.
  • ഭക്ഷണപ്പാത്രം -രണ്ടു ഭക്ഷണപ്പാത്രങ്ങള്‍ കരുതുക - ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും, ഉപയോഗശേഷം അപ്പപ്പോള്‍ അവ വൃത്തിയാക്കുക.
  • ബ്രഷു ചെയ്യല്‍- ചര്‍മ്മം വൃത്തിയാക്കുന്നതിന്‌ ദിവസവും ബ്രഷുചെയ്യണം. ഇതിനായി രണ്ടുവശങ്ങളുള്ള ചീപ്പ്‌ ഉപയോഗിക്കാം. പൊഴിഞ്ഞ രോമം, അഴുക്ക്‌, പൊടി ഇവ നീക്കം ചെയ്യാന്‍ ബ്രഷിങ്‌ സഹായിക്കും. ഇതിലുള്ള വിമുഖത രോമം പൊഴിഞ്ഞു പോകുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ചെറിയ രോമങ്ങളുള്ള പൂച്ചയെ തുടങ്ങി വാലുവരെ ബ്രഷുചെയ്യണം. നീണ്ട രോമങ്ങളുള്ള പൂച്ചയെ വാലു തുടങ്ങി തലവരെ ബ്രഷു ചെയ്യാന്‍ ശ്രമിക്കുക. ബ്രഷു ചെയ്യുമ്പോള്‍ പൂച്ചയ്‌ക്ക്‌ വേദനിക്കാനോ ചര്‍മ്മത്തിനു മുറിവേല്‌ക്കാനോ പാടില്ല.
  • ചെവി- ചെവി ഇടയ്‌ക്കിടെ പരിശോധിച്ച്‌ ദ്രവമുണ്ടെങ്കില്‍ കോട്ടണ്‍ തുണിയോ പാഡോ ഉപയോഗിച്ച്‌ നീക്കം ചെയ്യുക. ചെവിയില്‍ പൊടിയോ, നീരോ, മുറിവോ ഉണ്ടോയെന്നും പരിശോധിക്കുക.
  • പല്ല്‌-പൂച്ചയ്‌ക്കു നല്‌കുന്ന ആഹാരം അവ വിഴുങ്ങാറാണ്‌ പതിവ്‌. അതുകൊണ്ട്‌ പല്ലിന്‌ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്‌. കടുപ്പമുള്ള മാംസാഹാരം നല്‌കുന്നതിലൂടെ പൂച്ചയ്‌ക്ക്‌ ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാകും.
  • നഖം- നഖം വളരുന്നത്‌ മാന്താനുള്ള പ്രവണത കൂട്ടും. ഇടയ്‌ക്കിടെ നഖം വെട്ടി വൃത്തിയാക്കുന്നത്‌ നന്നായിരിക്കും. നഖം വെട്ടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. പൂച്ച സ്വസ്ഥമായിരിക്കുമ്പോള്‍ തന്നെ നഖം വെട്ടിമാറ്റാം.
  • കുളി-സാധാരണ സാഹചര്യങ്ങളില്‍ പൂച്ചയെ കുളിപ്പിക്കാറില്ല. എന്നാല്‍ പെയിന്റോ ടാറോ മറ്റോ ദേഹത്തുപറ്റിയാല്‍ അതു നീക്കം ചെയ്യുക പ്രയാസമായിരിക്കും. ഇതിന്‌ പൂച്ചയെ കുളിപ്പിക്കുകയാണ്‌ പറ്റിയ പോംവഴി. കുളിപ്പിക്കുമ്പോള്‍ തലയില്‍ വെള്ളം വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മേശയില്‍ നിര്‍ത്തി പൂച്ചയ്‌ക്കുള്ള ഷാംപുവോ മറ്റോ ഉപയോഗിച്ച്‌ കുളിപ്പിക്കാനാരംഭിക്കാം. അതിനു ശേഷം ഉണങ്ങിയ തുണികൊണ്ട്‌ മൂടി ശരീരം ഉണക്കി ചൂടുള്ള സ്ഥലത്തേക്ക്‌ മാറ്റുക.

പൂച്ചക്കുട്ടിയെ എടുക്കുമ്പോള്‍


പൂച്ചക്കുട്ടിയെ എടുക്കുന്നത്‌ ശ്രദ്ധാപൂര്‍വ്വമാകണം. പെരുവിരലും ചൂണ്ടുവിരലും കൊണ്ട്‌ കഴുത്തില്‍ പിടിച്ച്‌ മറ്റുമൂന്നു വിരലുകള്‍കൊണ്ട്‌ മുന്‍കാലുകളെ താങ്ങി അടുത്ത കയ്യില്‍ ശരീരഭാരം മുഴുവന്‍ വരുന്നതുപോലെ പിടിക്കുക. അസ്വസ്ഥത പ്രകടിപ്പിക്കുമ്പോള്‍ തന്നെ തുണിയെടുത്ത്‌ പൂച്ചയുടെ കാലും നഖങ്ങളും മൂടിപ്പിടിച്ച്‌ അവ മാന്തുന്നത്‌ ഒഴിവാക്കാം.
കൊച്ചുകുട്ടികളെ പൂച്ചയുമായി അധികം സമ്പര്‍ക്കത്തിന്‌ അനുവദിക്കരുത്‌. പൂച്ചയെ ശരിയായി എടുത്ത പെരുമാറാന്‍ അവര്‍ക്കറിയില്ല. കൂടാതെ പൂച്ചയുമായി കുളിക്കുമ്പോള്‍ കുട്ടികള്‍ക്ക്‌ അണുബാധയോ മുറിവോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. കുട്ടി കിടക്കുന്നതിനുടുത്തേയ്‌ക്ക്‌ പൂച്ചയെ പോകാന്‍ അനുവദിക്കരുത്‌. രോഗബാധയുള്ളവയാണെങ്കില്‍ കുട്ടിക്കും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍