ആട്‌ :അജോല്‍പന്നങ്ങള്‍

അജോല്‍പന്നങ്ങളില്‍ കമ്പിളിക്കാണ്‌ ഇന്ന്‌ പ്രമുഖസ്ഥാനം. അജമാംസവും അപ്രധാനമല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നു. ആടില്‍നിന്നും ലഭിക്കുന്ന മറ്റൊരു ആദായമാണ്‌ പാല്‍. ഇവ കൂടാതെ ആടുകളില്‍നിന്നും കിട്ടുന്ന ഒരു പ്രധാനോല്‍പന്നമാണ്‌ തുകല്‍. രോമം നീക്കംചെയ്‌തു കഴിഞ്ഞ ഈ തുകല്‍ ഊറയ്‌ക്കിട്ടശേഷം അപ്‌ഹോള്‍സ്റ്ററി, ബുക്ക്‌ ബൈന്‍ഡിങ്‌, കൈയുറകള്‍, ഷൂസിന്റെ മുകള്‍ഭാഗം തുടങ്ങി പലതിനുമായി ഉപയോഗിച്ചുവരുന്നു. രോമത്തോടുകൂടിയ തുകല്‍ രോമക്കുപ്പായങ്ങളുടെ നിര്‍മാണത്തിന്‌ ഏറ്റവും അനുയോജ്യമായ വസ്‌തുവാണ്‌. ആടിന്റെ ഹൃദയം, കരള്‍, വൃക്ക തുടങ്ങി പല ഭാഗങ്ങളും മനുഷ്യന്‍ ഭക്ഷണമായി ഉപയോഗിക്കുന്നു. ചില അന്തഃഗ്രന്ഥികള്‍ക്ക്‌ ഔഷധോപയോഗവുമുണ്ട്‌. ആടിന്റെ ചെറുകുടലിന്‌ അന്താരാഷ്‌ട്ര `സോസേജ്‌' വാണിജ്യത്തില്‍ത്തന്നെ ഒരു പ്രധാനസ്ഥാനമുള്ളതായി കാണാം. ശസ്‌ത്രക്രിയയില്‍ തുന്നലുകള്‍ക്കും തന്തുവാദ്യങ്ങളിലെ തന്തികള്‍ക്കും മറ്റും ആവശ്യമായ `ക്യാറ്റ്‌ഗട്ട്‌' നിര്‍മ്മാണത്തിനും ഇതുപയോഗിക്കപ്പെടുന്നു. `ലനോളിന്‍' എന്നറിയപ്പെടുന്ന രോമക്കൊഴുപ്പ്‌ ഒരു നല്ല ഉപാഞ്‌ജനതൈല (Lubricant)മാണ്‌. ഓയില്‍മെന്റുകളും വാസനദ്രവ്യങ്ങളും ഉണ്ടാക്കുന്നതില്‍ ഈ രോമക്കൊഴുപ്പ്‌ ഒരുപ്രധാന ഘടകമാണ്‌. ആട്ടിന്‍കൊഴുപ്പ്‌ ഭക്ഷ്യസാധനമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടുവരുന്നു. ആട്ടിന്‍ കാഷ്‌ഠം അതേ രൂപത്തിലും മണ്ണിര കമ്പോസ്റ്റാക്കിയും വളമായുപയോഗിക്കുന്നു.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍