താറാവ്‌ :പരിപാലനം

താറാവിന്‍ കുഞ്ഞുങ്ങളുടെ പരിപാലനം


താറാവിന്‍ കുഞ്ഞുങ്ങളെ ഇറച്ചിക്കും മുട്ടയ്‌ക്കും വേണ്ടി വളര്‍ത്തുമ്പോള്‍ പരിപാലനം ഒരുപോലെതന്നെയാണ്‌. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ കൊണ്ടു വന്നതിനുശേഷം ആദ്യമായി ചെയ്യേണ്ട പ്രവര്‍ത്തി അവയ്‌ക്ക്‌ വെള്ളം കൊടുക്കുക എന്നതാണ്‌. ഓരോന്നിനെയായി കൈയ്യിലെടുത്ത്‌ അവയുടെ ചുണ്ടുകള്‍ ഒരു സെക്കന്റ്‌ നേരം വെള്ളത്തില്‍ മുക്കുക. മിക്കവാറും അവ വെള്ളം കുടിച്ചിരിക്കും. വെള്ളം കുടിച്ചശേഷം അവയെ ബ്രൂഡറുകളിലേക്ക്‌ മാറ്റുക. ബ്രൂഡര്‍ 24 മണിക്കൂര്‍ മുമ്പുതന്നെ പ്രവര്‍ത്തിപ്പിച്ച്‌ ഊഷ്‌മാവ്‌ നിലനിറുത്തിയിരിക്കണം. ഇതു ചെയ്‌താല്‍ ലിറ്ററിലും തറയിലുമുള്ള ഈര്‍പ്പം മാറികിട്ടും.
താറാവുകുഞ്ഞുങ്ങള്‍ക്കും കോഴിക്കുഞ്ഞിനെപ്പോലെ വിരിഞ്ഞതു മുതല്‍ ചിറകുകള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതുവരെ കൃത്രിമച്ചൂട്‌ നല്‍കേണ്ടത്‌ ആവശ്യമാണ്‌. കുറച്ച്‌ കുഞ്ഞുങ്ങളെയുള്ളുവെങ്കില്‍ അടക്കോഴികളെ ഉപയോഗിക്കാം. ഒരു അടകോഴിക്ക്‌ 10-12 താറാവുകുഞ്ഞുങ്ങളുണ്ടെങ്കില്‍ കൃത്രിമച്ചൂട്‌ നല്‍കണം. ഇവയ്‌ക്ക്‌ ചൂടും ബ്രീഡിങ്‌ സമയവും കോഴിക്കുഞ്ഞുങ്ങളെക്കാള്‍ കുറവുമതി. ആദ്യത്തെ ആഴ്‌ച 30 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടും മതിയാകും.
കാലാവസ്ഥയുടെ മാറ്റമനുസരിച്ച്‌ ബ്രൂഡിങ്‌ സമയം 2-4 ആഴ്‌ചവരെ വ്യത്യാസപ്പെട്ടിരിക്കും. വേനല്‍ക്കാലമാണെങ്കില്‍ 8-10 ദിവസം വരെ മതിയാകും.
ഡീപ്പ്‌ ലിറ്റര്‍ രീതിയില്‍ ബ്രൂഡിങ്ങ്‌ നടത്തുമ്പോള്‍ നിലം നന്നായി വൃത്തിയാക്കി അണുനശീകരണം ചെയ്യണം. അതിനുശേഷം 6-8 സെ.മീ. ഉയരത്തില്‍ ലിറ്റര്‍ വിരിക്കണം. ലിറ്റര്‍ തിരഞ്ഞെടുക്കുമ്പോള്‍ പൂപ്പല്‍ പിടിച്ചതല്ലെന്ന്‌ ഉറപ്പാക്കണം. താറാവുകുഞ്ഞ്‌ ഒന്നിന്‌ 0.09 ച.മീ. എന്ന നിരക്കില്‍ ആദ്യത്തെ 2 ആഴ്‌ചവരെയും അതിനുശേഷം നാലാഴ്‌ചവരെ 0.19 മീറ്റര്‍ എന്ന നിരക്കലും സ്ഥലം നല്‍കണം. ചൂടു നല്‍കുവാന്‍ സാധാരണ ബള്‍ബ്‌ ഘടിപ്പിച്ചു ഹോവറോ ഇന്‍ഫ്രാറെഡ്‌ ബള്‍ബോ ഉപയോഗിക്കാം. 30-40 താറാവുകള്‍ക്ക്‌ 250 വാട്ടിന്റെ ഒരു ഇന്‍ഫ്രാറെഡ്‌ ബള്‍ബ്‌ മതിയാകും. സാധാരണ ബള്‍ബാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ ആദ്യത്തെ ആഴ്‌ച 30-31 ഡിഗ്രി സെല്‍ഷ്യസ്‌ ചൂട്‌ ഉണ്ടായിരിക്കണം. അതിനുശേഷം ആഴ്‌ചയില്‍ 3 ഡിഗ്രി ചൂട്‌ ഉണ്ടായിരിക്കണം. അതിനുശേഷം ആഴ്‌ചയില്‍ 3 ഡിഗ്രി സെല്‍ഷ്യസ്‌ എന്ന നിരക്കില്‍ ചൂട്‌ കുറയ്‌ക്കണം. ഹോവറിനുചുറ്റും തകിടുകൊണ്ടോ, കാര്‍ഡുബോര്‍ഡ്‌ കൊണ്ടോ ചിക്ക്‌ഗാര്‍ഡ്‌ വെക്കുന്നതു വഴി കുഞ്ഞുങ്ങള്‍ക്ക്‌ പാകത്തിനു ചൂടു ലഭിക്കുന്നതാണ്‌.
ബ്രൂഡര്‍ ഹൗസിലേക്ക്‌ താറാവുകുഞ്ഞുങ്ങളെ മാറ്റിയ ഉടനെതന്നെ ഇവയ്‌ക്ക്‌ തീറ്റവും വെള്ളവും നല്‍കണം. വെള്ളപ്പാത്രത്തില്‍നിന്ന്‌ വെള്ളം തുളുമ്പി ലിറ്റര്‍ നനയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുറിക്കകത്ത്‌ ചാലില്‍കൂടി വെള്ളം നല്‍കുകയോ, ചാലിനു മുകളില്‍ കമ്പിവലവെച്ച്‌ അതിനു മുകളില്‍ വെള്ളപ്പാത്രം വെക്കുകയും ചെയ്യണം. തീറ്റ നല്‍കിയ ഉടനെ വെള്ളം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലിറ്റര്‍ പെട്ടെന്ന്‌ നനഞ്ഞുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തറയ്‌ക്കു മുകളില്‍ 7-8 സെ.മീ. ഉയരത്തില്‍ 1.72-2 സെ.മീറ്റര്‍ വെല്‍ഡ്‌ ചെയ്‌ത 8 ഗേജ്‌ കൊണ്ടുള്ള കമ്പിവല ഘടിപ്പിച്ചും താറാവുകളെ വളര്‍ത്താം. ബാറ്ററി ബ്രൂഡര്‍ ഉപയോഗിച്ചും താറാവുകുഞ്ഞുങ്ങള്‍ക്ക്‌ ചൂടുനല്‍കാം. 1 മുതല്‍ 3 തട്ടുകള്‍ വരെയുള്ള ബ്രൂഡറുകള്‍ ഉണ്ടാക്കാം. ലോഹം കൊണ്ടോ, ലോഹവും തടിയും ഉപയോഗിച്ചോ ബാറ്ററി ബ്രൂഡര്‍ ഉണ്ടാകാറുണ്ട്‌. ഓരോ നിരയിലും കമ്പിവല തറയും, കാഷ്‌ഠം വീഴുന്നതിന്‌ അടി ഭാഗത്ത്‌ ട്രേയും ഉണ്ടായിരിക്കണം. 120x 60x 50 സെ.മീ. അളവിലുള്ള ഒരു നിരയില്‍ 40 താറാവിന്‍ കുഞ്ഞുങ്ങളെ 10-14 ദിവസങ്ങള്‍ വരെ വളര്‍ത്താവുന്നതാണ്‌.
ബ്രീഡര്‍ താറാവുകളുടെ പരിപാലനം
കൊത്തുമുട്ട ഉല്‍പ്പാദിപ്പിക്കുവാന്‍ വേണ്ടിയാണ്‌ ബ്രീഡര്‍ താറാവുകളെ വളര്‍ത്തുന്നത്‌. ഇവയുടെ പരിപാലനരീതി മുട്ടയിടുന്ന താറാവുകളുടേതുപോലെ തന്നെയാണ്‌. 6-8 ആഴ്‌ച പ്രായമാകുമ്പോള്‍ പൂവനെയും പിടയെയും തിരഞ്ഞെടുക്കണം. ശരീരം കൂടുതല്‍ വണ്ണം വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 6 മാസമാകുന്നതോടെ കൃത്രിമ വെളിച്ചം നല്‍കിയാല്‍ ഉല്‍പ്പാദനം തുടങ്ങും. നേരത്തേ കൃത്രിമ വെളിച്ചം നല്‍കിയാല്‍ വലിപ്പം കുറഞ്ഞ മുട്ട ഉല്‍പ്പാദിപ്പിക്കുകയും തന്മൂലം കുഞ്ഞുങ്ങളുടെ വലിപ്പം കുറയുകയും ചെയ്യും. കൃത്രിമവെളിച്ചം കൊടുത്ത്‌ 14 ദിവസം കഴിഞ്ഞാല്‍ താറാവ്‌ മുട്ടയിട്ടു തുടങ്ങും.
പിടത്താറാവിന്‌ കൃത്രിമവെളിച്ചം നല്‍കുന്നതിനു 4-5 ആഴ്‌ച മുമ്പ്‌ പൂവന്‌ കൃത്രിമ വെളിച്ചം നല്‍കിത്തുടങ്ങണം. പൂവനു പിടയേക്കാള്‍ 4-5 ആഴ്‌ച പ്രായകൂടുതല്‍ വേണം. 6-8 പിടയ്‌ക്ക്‌ ഒരു പൂവന്‍ എന്ന നിരക്കില്‍ വിടാം. വൈറ്റ്‌ പെക്കിന്‍ താറാവുകള്‍ക്ക്‌ ശരീരതൂക്കം കൂടുതലുള്ളതിനാല്‍ കൂടുതല്‍ പൂവന്മാര്‍ വേണം. തുറസ്സായ സ്ഥലത്ത്‌ വിട്ടു വളര്‍ത്തുന്നവയ്‌ക്ക്‌ നീന്താന്‍ ധാരാളം വെള്ളം കിട്ടുമെങ്കില്‍ 25 പിടകള്‍ക്ക്‌ ഒരു പൂവന്‍ മതി.
ബ്രീഡര്‍ താറാവുകള്‍ കൂടുതല്‍ എണ്ണമുള്ള പറ്റത്തേക്കാള്‍ 110-150 എണ്ണമുള്ള പറ്റമായി വളര്‍ത്തുന്നതാണ്‌ നല്ലത്‌. പ്രജനനത്തിനുപയോഗിക്കുന്ന പൂവനും പിടയ്‌ക്കും പൂര്‍ണ ആരോഗ്യം ഉണ്ടായിരിക്കത്തക്കവിധത്തില്‍ പോഷകസമൃദ്ധമായ തീറ്റ നല്‍കിയാലേ അടവയ്‌ക്കുന്നതിനു ധാരാളം മുട്ടകള്‍ ലഭിക്കുകയുള്ളു. നല്ല ആരോഗ്യമുള്ള താറാവില്‍നിന്നേ ഉര്‍വരതയുള്ളതും വിരിയിക്കാവുന്നതുമായ മുട്ടകള്‍ ലഭിക്കുകയുള്ളു. വിരിയിക്കാന്‍ മുട്ട ആവശ്യമുള്ളതിന്‌ നാല്‌ ആഴ്‌ചമുമ്പു മുതല്‍ പ്രജനനത്തീറ്റ കൊടുത്തു തുടങ്ങുന്നതാണ്‌ ഏറ്റവും അനുയോജ്യം തീറ്റയുടെ അളവ്‌, താറാവിന്റെ ഇനം, തൂക്കം തീറ്റയുടെ തരം, മുട്ടയുല്‍പ്പാദനം, വളര്‍ത്തുന്ന രീതി എന്നിവയെ ആശ്രയിച്ചിരിക്കും. സാധാരണ ഇതിന്റെ അളവ്‌ പ്രതിദിനം 170 മുതല്‍ 230 ഗ്രാം വരെയാണ്‌.
ചില അവസരങ്ങളില്‍ പ്രജനനത്തിനുള്ള താറാവുകള്‍ക്ക്‌ ഹോള്‍ഡിങ്‌ തീറ്റ നല്‍കേണ്ടിവരും. മുട്ടയിടാത്ത അവസരത്തില്‍ കൊടുക്കേണ്ട തീറ്റയാണിത്‌. ഇതില്‍ അസംസ്‌കൃത മാംസ്യത്തിന്റെയും കാല്‍സ്യത്തിന്റെയും അളവ്‌ കുറച്ചുമതി.
 

ഇറച്ചിത്താറാവുകളുടെ പരിപാലനം


താറാവിറച്ചിക്ക്‌ ഇന്ന്‌ വന്‍ഡിമാന്റാണുള്ളത്‌. വിഗോവ, മസ്‌കോവി, വൈറ്റ്‌ പെക്കിന്‍, ഐല്‍സ്‌ബറി എന്നീ ജനുസ്സുകളെയാണ്‌ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നത്‌. ഇതിനു പുറമേ ചില സങ്കരയിനങ്ങളെയും വളര്‍ത്തി വരുന്നു. ഇവ പെട്ടെന്നു വളരുന്നതും 7-8 ആഴ്‌ച പ്രായമാകുമ്പോള്‍ 2�-3� കി.ഗ്രാം തൂക്കം വയ്‌ക്കുന്നതും എല്ല്‌ മൃദുവായതും നെഞ്ചില്‍ കൂടുതല്‍ മാംസം ഉള്ളതും ആയിരിക്കണം. ഇറച്ചിത്താറാവുകള്‍ പെട്ടെന്ന്‌ വളരുന്നതായതിനാല്‍ കൂട്ടില്‍ നല്ല വായുസഞ്ചാരം വേണം. ഇറച്ചിത്താറുവകളെ പൂവനും പിടയും തിരിക്കാതെയാണ്‌ വളര്‍ത്തുന്നത്‌. ഇവയ്‌ക്ക്‌ ആദ്യത്തെ മൂന്നാഴ്‌ച സ്റ്റാര്‍ട്ടര്‍ തീറ്റയും തുടര്‍ന്ന്‌ 8 ആഴ്‌ചവരെ ഫിനിഷര്‍ തീറ്റയും നല്‍കാന്‍ ശ്രദ്ധിക്കണം. സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 22 ശതമാനവും ഫിനിഷര്‍ തീറ്റയില്‍ 18 ശതമാനവും മാംസ്യമുണ്ടായിരിക്കണം. ഉദാഹരണം ഡക്ക്‌ ബ്രോയില്‍ തീറ്റ.
 

ബ്രൂഡിങ്‌-കുട്ടനാടന്‍ രീതി


കുട്ടനാടന്‍ പ്രദേശങ്ങളില്‍ കര്‍ഷകര്‍ ബ്രൂഡിങ്‌ നടത്താറില്ല. ഒരു ദിവസം പ്രായമായ താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക്‌ 1 മാസം വരെ കോഴിത്തീറ്റ, ചോറ്‌, തവിട്‌, ചോളം, ഉണക്ക മല്‍സ്യം എന്നിവ കലര്‍ത്തിയ തീറ്റക്കൊടുക്കുന്നതാണ്‌ ഇവരുടെ രീതി. ഓലയോ, പ്ലാസ്റ്റിക്‌ ഷീറ്റോ മേഞ്ഞ ഷെഡ്ഡിന്റെ തറയില്‍ ഉണങ്ങിയ മണല്‍ വിരിച്ച്‌ പ്രത്യേകമായി ചൂടൊന്നും നല്‍കാതെ വളര്‍ത്തി വരുന്നതായാണ്‌ കാണുന്നത്‌.
രണ്ടാം ദിവസം തൊട്ട്‌ ചോറും നാളികേരം ചിരവിയതും 3:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത്‌ ഒരാഴ്‌ച നല്‍കും. അതിനുശേഷം നാളികേരത്തിന്റെ അളവുകുറച്ച്‌ മീന്‍പൊടിയോ ഉണക്കമല്‍സ്യമോ ചേര്‍ക്കും. ഒരു മാസം പ്രായമായാല്‍ ഇവയെ പാടശേഖരത്തിലേക്ക്‌ മേയാന്‍ വിടും. ആദ്യത്തെ ആഴ്‌ചപ്രത്യേകം മരുന്നു ചേര്‍ത്ത വെള്ളമാണ്‌ നല്‍കുന്നത്‌. വയമ്പ്‌, കുരുമുളക്‌, മഞ്ഞള്‍, കരിപ്പൊടി എന്നിവ ചേര്‍ത്താണ്‌ വെള്ളം നല്‍കുക. ഒരു യൂണിറ്റില്‍ 2000 മുതല്‍ 6000 വരെ താറാവിന്‍ കുഞ്ഞുങ്ങളുണ്ടാകും. കൂടിനോട്‌ ചേര്‍ന്നുള്ള മുന്‍വശത്ത്‌ തുറന്നസ്ഥലത്ത്‌ ടാര്‍പോളിന്‍ ഷീറ്റ്‌ വിരിച്ചാണ്‌ തീറ്റകൊടുക്കുന്നത്‌.
താറാവുകള്‍ക്ക്‌ ദിവസവും മൂന്നുനേരമാണ്‌ വെള്ളം കൊടുക്കുന്നത്‌. ഇതിനായി പ്ലാസ്റ്റിക്‌ ബേസിനുകളാണ്‌ ഉപയോഗിക്കുന്നത്‌. ചില കര്‍ഷകര്‍ ആന്റിബയോട്ടിക്കുകള്‍ വെള്ളത്തില്‍ കലക്കികൊടുക്കം. ഓറിയോമൈസിന്‍ എന്ന മരുന്നാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌.
രണ്ട്‌ ആഴ്‌ചക്കുശേഷം ഇവയെ കൂട്ടത്തോടെ കുളത്തിലോ തോട്ടിലോ നീന്താന്‍ വിടും. ദിവസം അര മണിക്കൂര്‍ വീതമാണ്‌ വിടുക. പിന്നീട്‌ ഇതിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച്‌ ഒരു മാസം കഴിയുമ്പോഴേക്കും ഒരു ഭക്ഷണ സമയം മുതല്‍ അടുത്ത ഭക്ഷണസമയം വരെ വെള്ളത്തില്‍തന്നെ കഴിയുവാന്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം. ചിലപ്പോള്‍ കര്‍ഷകര്‍ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഞാറ്റടിയില്‍ കയറ്റാറുണ്ട്‌. പാടത്തെ കീടങ്ങളുടെ ജൈവനിയന്ത്രണത്തിനുതകുന്ന പരിപാടിയാണിത്‌. ഇക്കാലത്ത്‌ കുഞ്ഞുങ്ങളും മരണനിരക്ക്‌ കുറവായിരിക്കും.
നാലാഴ്‌ചകള്‍ക്കുശേഷം താറാവുകുഞ്ഞുങ്ങളെ കൊയ്‌ത്‌ ഒഴിഞ്ഞപാടങ്ങളില്‍ വിടുകയായി. 2-3 സെ.മീ. വരെ ആഴത്തില്‍ വെള്ളമുള്ള പാടങ്ങളില്‍ ഇവയെ ഇറക്കും. ജലോപരിതലത്തിലെ ജീവികളെ തിന്നാനുള്ള പരിശീലന കാലമാണിത്‌. കൊഴിഞ്ഞുകിടക്കുന്ന നെല്‍വിത്തുകളും മല്‍സ്യക്കുഞ്ഞുങ്ങളും ചെറിയ ഒച്ചുകളും ഇവയുടെ ഭക്ഷണമാകും. ഈ സമയത്ത്‌ കരയില്‍ നിന്നുതന്നെ തീറ്റകൊടുക്കുന്നത്‌ നിര്‍ത്തും. എന്നാല്‍ വയലില്‍ തീറ്റ വളരെ കുറവാണെങ്കില്‍ ഉണക്കമല്‍സ്യവും ചെമ്മീന്‍ പൊടികളും നല്‍കാറുണ്ട്‌.
 

മുട്ടയിടുന്ന താറാവുകളുടെ പരിപാലനം


ഇവയെ മൂന്നു രീതിയില്‍ വളര്‍ത്താം:
1. തുറസ്സായ സ്ഥലത്ത്‌ തുറന്നുവിട്ട്‌ വളര്‍ത്തുക
2. രാത്രിയില്‍ വിശ്രമിക്കാന്‍ ഷെഡ്ഡും പകല്‍തുറന്ന സ്ഥലത്തും വിടുന്നരീതി
3. ഡിപ്പ്‌ ലിറ്റര്‍രീതി
താറാവുകള്‍ 5-6 മാസം പ്രായമാകുമ്പോള്‍ മുട്ടയിടാന്‍ തുടങ്ങും. എന്നാല്‍ ഇറച്ചിത്താറാവിനങ്ങള്‍ കുറച്ചുകൂടി താമസിച്ചേ മുട്ടയിടൂ. ശുചിയായ മുട്ട ലഭിക്കുന്നതിനു മുട്ടയിട്ടു തുടങ്ങുന്നതിന്‌ ഒരു മാസം മുമ്പേ കൂട്ടില്‍ നെസ്റ്റ്‌ ബോക്‌സ്‌ വെക്കേണ്ടതാണ്‌. ഇതിനായി പഴയ ടിന്നോ, വീഞ്ഞപ്പെട്ടിയോ മതിയാകും. ഇതില്‍ ഈര്‍പ്പമില്ലാത്ത വൈക്കോല്‍ നുറുക്കിയതോ, അറക്കപ്പൊടിയോ ഇടണം. 30x45 x30 സെ.മീ. വലിപ്പമുള്ള ഒരു പെട്ടി മൂന്നു താറാവുകള്‍ക്ക്‌ മതിയാകും. ഈ പെട്ടിയിലെ ലിറ്റര്‍ ഇടയ്‌ക്കിടക്ക്‌ മാറ്റേണ്ടതാണ്‌.
കൃത്രിമവെളിച്ചം നല്‍കിയാല്‍ കോഴികളെപ്പോലെ താറാവുകളും കൂടുതല്‍ മുട്ടയിടും. ശരിക്കുള്ള ശരീരവളര്‍ച്ചയെത്തിയശേഷമേ മുട്ടയിടാനായി കൃത്രിമ വെളിച്ചം നല്‍കാവൂ. അല്ലെങ്കില്‍ താറാവുകള്‍ നേരത്തെ പ്രായപൂര്‍ത്തിയെത്തുകയും മുട്ടയിടാന്‍ തുടങ്ങുകയും ചെയ്യും. ഇങ്ങനെയായാല്‍ മുട്ടകള്‍ ചെറുതായിപ്പോകും. ദിവസവും 14 മണിക്കൂര്‍ വെളിച്ചം നല്‍കണം. ഇതിനായി 200 ചതുരശ്ര അടി സ്ഥലത്ത്‌ 40 വാട്ടിന്റെ 1 ബള്‍ബ്‌ മതി. മുട്ടയിട്ട്‌ 5-6 ആഴ്‌ചയാകുമ്പോള്‍ ഇവ പരമാവധി ഉല്‍പ്പാദനത്തിലെത്തും. പിന്നീട്‌ 7 മാസം കഴിഞ്ഞ്‌ വീണ്ടും മുട്ടയുല്‍പ്പാദനം കൂടുന്നത്‌ താറാവുകളുടെ ഒരു പ്രത്യേകമാണ്‌.
മുട്ടയിടുന്ന താറാവിനു സമീകൃതാഹാരം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഊര്‍ജ്ജം മാംസ്യം, കാല്‍സ്യം എന്നിവ ആവശ്യമായ തോതില്‍ തീറ്റയിലടങ്ങിയിരിക്കണം. വയലില്‍ മേഞ്ഞു വളര്‍ന്നവ ഒച്ച്‌, പ്രാണി, നെല്ല്‌, പുല്ല്‌ എന്നിവ ഭക്ഷിച്ച്‌ ഒരുപരിധിവരെ ഭക്ഷണത്തിന്റെ ആവശ്യകത നിറവേറ്റും. എന്നാല്‍ ഡിപ്പ്‌ ലിറ്റര്‍ രീതിയിലോ കേജ്‌ രീതിയിലോ വളര്‍ത്തുന്നവയ്‌ക്ക്‌ പ്രത്യേകം നല്‍കണം. മല്‍സ്യവും ആവശ്യത്തിനു നല്‍കിയില്ലെങ്കില്‍ മുട്ടയുടെ വലിപ്പവും ശരീരതൂക്കവും കുറയും. തൂവല്‍ പൊഴിക്കല്‍ നേരത്തേ ആവുകയും ചെയ്യും.
താറാവുകള്‍ക്ക്‌ കൃത്യമായ അളവിലും സമയത്തും തീറ്റ നല്‍കണം. ഇവയ്‌ക്ക്‌ രാവിലെയും വൈകിട്ടും തീറ്റ നല്‍കിയാല്‍ മതി. 10 മിനിട്ട്‌ സമയം കൊണ്ട്‌ തീറ്റ മുഴുവനും തിന്നു തീര്‍ക്കുകയാണെങ്കില്‍ താറാവിന്‌ ആവശ്യമുള്ള തീറ്റ ഉണ്ടെന്ന്‌ അനുമാനിക്കാം.
ശരിയായ തീറ്റ നല്‍കാതിരിക്കുക, ആവശ്യത്തിനുള്ള വെള്ളം കൊടുക്കാതിരിക്കുക, കുറഞ്ഞ സ്ഥലത്ത്‌ കൂടുതല്‍ താറാവുകളെ വളര്‍ത്തുക എന്നിവമൂലം താറാവുകള്‍ തൂവല്‍ കൊത്തിപ്പറിക്കാന്‍ കാരണമാകും. തീറ്റയില്‍ പെട്ടെന്നു മാറ്റം വരുത്തുകയോ പുതിയ ചുറ്റുപാടില്‍ വളര്‍ത്തുകയോ ചെയ്യുമ്പോള്‍ താറാവുകള്‍ തൂവല്‍ പൊഴിക്കാന്‍ തുടങ്ങും. കൂടാതെ താറാവുകള്‍ക്കു പെട്ടെന്ന്‌ സംഭ്രാന്തി ഉണ്ടായാലും തൂവല്‍ പൊഴിക്കാന്‍ തുടങ്ങും.
 

വളരുന്ന താറാവുകളുടെ പരിപാലനം കുട്ടനാടന്‍ രീതി


ഒരു മാസം മുതല്‍ അഞ്ച്‌ മാസം വരെയുള്ള കാലഘട്ടമാണ്‌. വളരുന്ന പ്രായം. മുട്ടയുല്‍പ്പാദനം തുടങ്ങുന്നതുവരെയുള്ള ഈ പ്രായത്തില്‍ താറാവുകള്‍ രാത്രിയും പകലും കനാലുകളിലൂടെ നീന്തിതുടിക്കുന്നു. അതുകൊണ്ടു തന്നെ ഇവ മിക്ക സമയത്തും പാടത്തും തീരത്തുമായി കഴിച്ചു കൂട്ടുന്നു. ചിറകുകള്‍ മുളയ്‌ക്കുന്ന പ്രായമായതുകൊണ്ട്‌ കൂട്ടമായി കൂട്ടിലാക്കുകയില്ല. മൂന്നാം മാസം മുതല്‍ ഇവ നന്നായി നീന്താന്‍ തുടങ്ങും. അപ്പോള്‍ ഇവയെ ആഴമുള്ള പുഴകളിലോ തോടുകളിലോ വയലുകളിലോ മേയാനിറക്കും. ഈ പ്രായത്തില്‍ നല്ല ആണ്‍താറാവുകളെ മാത്രം നിര്‍ത്തി ബാക്കി പൂവനെ വിറ്റുകളയുന്ന കര്‍ഷകരുണ്ട്‌.
ഇത്തരം ആണ്‍താറാവുകളെ കൂട്ടമായി കൊണ്ടു നടന്ന്‌ ഇറച്ചിക്കായി വില്‍ക്കുന്നത്‌ സ്ഥിരം കാഴ്‌ചയാണ്‌. പെണ്‍ താറാവുകള്‍ 135-140 ദിവസം പ്രായമായാല്‍ മുട്ടയിട്ടു തുടങ്ങും. എന്നാല്‍ തീറ്റയുടെ ലഭ്യതയനുസരിച്ച്‌ ഇതില്‍ വ്യത്യാസം വരാം.
 

മുട്ടത്താറാവുകളുടെ പരിപാലനം: കുട്ടനാടന്‍ രീതി


അതിരാവിലെ 3-4 മണിയോടുകൂടിയാണ്‌ താറാവുകള്‍ ഏറിയതോതും മുട്ടയിടുക. അര്‍ദ്ധരാത്രി മുതല്‍ മുട്ടയിട്ടു തുടങ്ങും. രാവിലെ 5-6 മണിയോടെ മുട്ടയിടല്‍ അവസാനിക്കുകയും ചെയ്യും.
വൃത്താകൃതിയില്‍ അടിച്ചുറപ്പിച്ചു നൈലോണ്‍ വലയത്തിനുള്ളിലെ പരിധിക്ക്‌ സമീപമായിരിക്കും മുട്ടകളിക. ഈപ്രയോഗം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ചില കര്‍ഷകര്‍ ഇരട്ട വലയങ്ങളുള്ള സങ്കേതകങ്ങള്‍ ഒരുക്കാറുണ്ട്‌. ഒന്നിന്‌ ചുറ്റുമായി മറ്റൊന്ന്‌ എന്ന കണക്കില്‍ വൃത്താകാരത്തിലുള്ള വലയങ്ങളാണിവ. അകത്തെ വേലിക്കകത്തായിരിക്കും രാത്രി മുഴുവന്‍ താറാവുകള്‍. രാവിലെ ഈ വേലി എടുത്തു മാറ്റിക്കൊടുക്കും. രാത്രിയില്‍ കാഷ്‌ഠവും മറ്റും വീണ്‌ വൃത്തികേടായ കേന്ദ്രവൃത്തം വിട്ട താറാവുകള്‍ പുറം വൃത്തങ്ങളിലേക്ക്‌ കടക്കും. ഇവിടെയിടുന്ന മുട്ടകള്‍ കാഷ്‌ഠം പുരളാതെ വൃത്തിയുള്ളവയായിരിക്കും.
രാവിലെ 5.30 ഓടെ കര്‍ഷകര്‍ മുട്ടശേഖരണം പൂര്‍ത്തിയാക്കുന്നു. മുട്ട കഴുകാതെ കുട്ടകളിലാക്കും. സൂര്യപ്രകാശമേല്‍ക്കാതെ മുട്ടശേഖരിക്കുന്നത്‌ മുട്ട കേടുകൂടാതെയിരിക്കാനും നന്നായി വിരിയിക്കാനും സഹായിക്കുമെന്ന്‌ കര്‍ഷകര്‍ മനസിലാക്കിയിട്ടുണ്ട്‌. മുട്ട ശേഖരിച്ചയുടനെ 6.30 മണിയോടു കൂടി താറാവുകളെ നീന്താന്‍ വിടുകയാണ്‌ പതിവ്‌. വെള്ളത്തില്‍ തുഴഞ്ഞും മറിഞ്ഞും മുങ്ങിയും പൊങ്ങിയും വെള്ളത്തിലൂടെ നീന്തുന്ന താറാവുകള്‍ക്ക്‌ ചെറുജീവികളെ പ്രാതലായി ലഭിക്കും. ഏകദേശം 1.30 മണിക്കൂര്‍ നീന്തിയശേഷം ഇവയെ പാടത്തെത്തിക്കുന്നു. രാവിലെ 11.30 വരെ അവയെ കരയ്‌ക്കുകയറ്റി വിശ്രമിക്കാനനുവദിക്കും. ഏതെങ്കിലും മരത്തിന്റെ തണലിലായിരിക്കും വിശ്രമം. വൈകിട്ട്‌ 3.30 തോടുകൂടി വീണ്ടും പാടത്തേക്കിറങ്ങുകയായി. വൈകിട്ട്‌ 5.30-6 മണിവരെ പാടത്തുതന്നെ മേയാന്‍ അനുവദിക്കും. പാടങ്ങളില്‍ തീറ്റ കുറവാണെന്നു കണ്ടാലും അതുമൂലം മുട്ടയുല്‍പ്പാദനം കുറഞ്ഞാലും മറ്റു ഭാഗങ്ങളിലേക്ക്‌ നീന്തിത്തുടങ്ങും.
സന്ധ്യയ്‌ക്ക്‌ 6.30 ഓടു കൂടി കരയ്‌ക്കെത്തുന്ന താറാവുകള്‍ വളരെ ക്ഷീണിതരായിരിക്കും. കരയില്‍വച്ച്‌ ഇവയ്‌ക്ക്‌ കക്കത്തുണ്ടുകള്‍ (ഷെല്‍ഗ്രിറ്റ്‌) കൊടുക്കും. മുട്ടയുല്‍പ്പാദനത്തിനും മുട്ടത്തോടിന്റെ ഉറപ്പിനും ഇത്‌ അത്യാവശ്യമാണ്‌. വൈകിട്ട്‌ ഇവയ്‌ക്ക്‌ ഒരു സന്ധ്യാ സ്‌നാനം കൂടുകൊടുത്തു. ഇതിനായി അടുത്ത കുളങ്ങള്‍/പുഴകള്‍/തോടുകള്‍ എന്നിവയിലേക്ക്‌ ഇറക്കും. ശരീരം വൃത്തിയാക്കലാണ്‌ കുളിയുടെ പ്രത്യേകത. അര മണിക്കൂറിനകം കുളികഴിഞ്ഞ്‌ കരയ്‌ക്കെത്തുന്ന ഇവയുടെ പ്രധാന പ്രവൃത്തി തൂവല്‍ ഉണക്കലാണ്‌. തൂവലുകള്‍ ചുണ്ടുകള്‍കൊണ്ട്‌ കോതിമിനുക്കിയും ശരീരം കുടഞ്ഞും ശരീരമുണക്കും പിന്നീടവ പൂര്‍ണ വിശ്രമത്തിലായിരിക്കും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍