മുയല്‍ :പ്രധാനപ്പെട്ട രോഗങ്ങള്‍

കോക്‌സീഡിയോസിസ്‌


കുടലിനെയും ചിലപ്പോള്‍ കരളിനെയും ബാധിക്കുന്ന രോഗമാണ്‌ ഇത്‌. കൂടുതലായും മുലകുടി മാറ്റിയ കുഞ്ഞുങ്ങളിലാണ്‌ ഇത്‌ കാണപ്പെടുന്നത്‌. വലിയ മുയലുകളില്‍ ഈ രോഗം കാണപ്പെടാറില്ല. പെട്ടെന്ന്‌ മഴപെയ്യുമ്പോള്‍ മണ്ണില്‍ നിദ്രയിലാണ്ടുകിടക്കുന്ന ഈ രോഗാണുക്കള്‍ രോഗബാധ ഉണ്ടാക്കുന്നു. രക്തത്തോടുകൂടിയ വയറിളക്കമാണ്‌ രോഗലക്ഷണം. രണ്ടോ മൂന്നോ ദിവസംകൊണ്ട്‌ മരണമടയാനും സാധ്യതയുണ്ട്‌. ഐമീരിയ എന്ന ഒരു തരം രോഗാണുക്കളാണ്‌ രോഗകാരണം. മുയലുകളുടെ കാഷ്‌ഠത്തില്‍നിന്നും പുല്ലിലേക്കും കൂടുകളിലേക്കും ഈ അണുക്കള്‍ കടന്നു കൂടുകയും മറ്റ്‌ മുയലുകളില്‍ രോഗം പകരുകയും ചെയ്യും. കാഷ്‌ഠം സൂക്ഷ്‌മദര്‍ശിനിയിലൂടെ പരിശോധിച്ചാല്‍ ഈ രോഗാണുവിനെ കണ്ടുപിടിക്കാന്‍ കഴിയും. ഫലപ്രദമായ ചികില്‍സ ലഭ്യമാണ്‌. സല്‍ഫാ മെസാത്തീന്‍, സള്‍ഫാക്യൂനോക്‌സിലിന്‍, ആംപ്രോളിയം, സൂപ്പര്‍ കോക്‌സ്‌ എന്നീ മരുന്നുകള്‍ ഫലപ്രദമാണ.്‌
 

സ്‌നഫ്‌ളസ്‌ (മൂക്കടപ്പ്‌)


പെട്ടെന്നു പകര്‍ന്നുപിടിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണിത്‌. മൂക്കില്‍നിന്നു കട്ടിയുള്ള സ്രവം പുറത്തുവരുന്നു. തുമ്മലും ചീറ്റലും പനിയും സര്‍വസാധാരണമാണ്‌. തക്കസമയത്ത്‌ ചികില്‍സിച്ചില്ലെങ്കില്‍ ഈ രോഗം ന്യൂമോണിയയായോ, ഹെമറേജിക്‌ സെപ്‌റ്റിസീമിയയായോ (കുരലടപ്പന്‍) മാറും. ചൂടും മഴയും കൂടുതലുള്ള കാലാവസ്ഥയിലാണ്‌ രോഗം കൂടുതല്‍ കാണപ്പെടുന്നത്‌. പാസ്‌ചറെല്ലാ എന്ന രോഗാണുവാണ്‌ രോഗകാരണം. രോഗപ്രതിരോധശേഷി കുറഞ്ഞ മുയലുകളില്‍ ഈ രോഗം പെട്ടെന്നു കടന്നുവരുന്നു. കാറ്റും വെളിച്ചവും യഥേഷ്‌ടം കൂടുകളില്‍ ഉണ്ടെങ്കില്‍ ഈ രോഗം വരുന്നത്‌ ഒരു പരിധിവരെ തടയാം. ആന്റിബയോട്ടിക്കുകളായ പെനിസിലിന്‍, ക്ലോറോഫനിക്കോള്‍, എറിത്രോമൈസിന്‍, ഫൂറാസോളിഡോണ്‍, സള്‍ഫാക്യൂനോക്‌സിലിന്‍ എന്നിവ ഫലപ്രദമാണ്‌.
 

കുരലടപ്പന്‍ (ഹെമറേജിക്‌ സെപ്‌റ്റിസീമിയ)


വളരെ ഗുരുതരമായ രോഗമാണിത്‌. മരണനിരക്ക്‌ വരെ കൂടുതലാണ്‌. സ്‌നഫ്‌ളസിന്റെ ഒരു വകഭേദമാണീ രോഗം. പാസ്‌ച്ചുറെല്ലാ എന്ന രോഗാണുവാണ്‌ രോഗഹേതു. പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ ഈ രോഗം തിരിച്ചറിയാന്‍ കഴിയൂ. കുറഞ്ഞ രോഗ പ്രതിരോധശേഷിയും വായു സഞ്ചാരമില്ലാത്ത കൂടുകളും ഈര്‍പ്പം നിലനില്‍ക്കുന്ന കൂടുകളും രോഗം പെട്ടെന്നു പരക്കാനും ഗുരുതരാവസ്ഥയിലെത്തിക്കാനും ഗുരുതരാവസ്ഥയിലെത്തിക്കാനും ഇടയാക്കുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍, മറ്റ്‌ രോഗങ്ങള്‍ എന്നിവയും ഈ രോഗത്തിനു കാരണമാകും.
ഉയര്‍ന്ന പനി, മൂക്കിന്റെ ദ്വാരങ്ങളിലും മൂക്കിനു പുറത്തും കട്ടിയുള്ള മൂക്കട്ടകള്‍, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്‌ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്‌. തീറ്റയെടുക്കാതെ ക്ഷീണിച്ച്‌ കൂടിന്റെ മൂലയ്‌ക്ക്‌ ഒതുങ്ങിനില്‍ക്കുന്നതു കാണാം.
സ്‌നഫ്‌ളസ്‌ എന്ന രോഗത്തിന്റെ ചികില്‍സാരീതികള്‍ ഇവിടെയും ഫലപ്രദമാണ്‌. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഫലപ്രദമായ വാക്‌സിനുകളുണ്ട്‌.
 

ന്യൂമോണിയ (ശ്വാസകോശവീക്കം)


സ്‌നഫ്‌ളസിന്റെ മറ്റൊരു വകഭേദമാണ്‌ ഈ രോഗം. കൂനിയിരുന്ന്‌ തലയുര്‍ത്തി പിറകിലോട്ട്‌ ചരിച്ചുപിടിച്ച്‌ ശ്വാസോച്ഛ്വാസം നടത്തുന്ന മുയലുകള്‍ ന്യൂമോണിയ ബാധിതരാണെന്നു കണക്കാക്കാം. വൃത്തിഹീനവും കാറ്റും വെളിച്ചവും കടക്കാത്ത അന്തരീക്ഷവും രോഗം മൂര്‍ച്ഛിക്കാനും പെട്ടെന്നു പടര്‍ന്നുപിടിക്കാനും ഇടയാക്കുന്നു.
രോഗം ബാധിച്ച മുയലുകളുടെ മൂക്കിലൂടെ പഴുപ്പും മറ്റു സ്രവങ്ങളും ഒഴുകുന്നതു കാണാം. രോഗം ബാധിച്ചുകഴിഞ്ഞാല്‍ ചികില്‍സ പൂര്‍ണമായും ഫലപ്രദമാകാറില്ല. ഭേദമായാല്‍പ്പോലും ശ്വാസകോശത്തിന്റെ ചില ഭാഗങ്ങള്‍ കല്ലിച്ചുപോകുന്നതുകൊണ്ട്‌ പിന്നീട്‌ വളര്‍ച്ച മുരടിക്കുന്നതായി കാണാം. ഇത്തരം മുയലുകളെ ഒഴിവാക്കുന്നതാണുത്തമം.
 

മിക്‌സോമാറ്റോസിസ്‌


വൈറസാണ്‌ രോഗകാരണം. വീങ്ങിയിരിക്കുന്ന കണ്ണുകള്‍, മൂക്ക്‌, വായ്‌, മലദ്വാരം, പ്രത്യുല്‍പ്പാദന അവയവങ്ങള്‍ എന്നിവയാണ്‌ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പലപ്പോഴും കണ്ണില്‍നിന്നും മൂക്കില്‍നിന്നും പഴുപ്പും വരും. ശ്വാസതടസ്സം, ശരീരത്തിന്റെ പല ഭാഗത്തുമുള്ള വീക്കം എന്നിവയാണ്‌ മറ്റു ലക്ഷണങ്ങള്‍. രോഗം പരത്തുന്നത്‌ കൊതുക്‌, ചെള്ള്‌ എന്നിവയാണ്‌. ഫലപ്രദമായ ചികില്‍സയില്ല. വിദേശങ്ങളില്‍ ഫലപ്രദമായ വാക്‌സിനുകളുണ്ട്‌. കൂടുകളിലും പരിസരത്തും കൊതുക്‌, ചെള്ള്‌ എന്നിവയുണ്ടാകാതെ ശ്രദ്ധിക്കുക. മുയലിനെ കൊന്ന്‌ കത്തിച്ചുകളയുകയാണ്‌ രോഗം പകരാതിരിക്കാനുള്ള പോംവഴി.
 

മൈക്കോസിസ്‌


ഒരു ഫംഗസ്‌ രോഗമാണിത്‌. മുയലിന്റെ ശരീരത്തില്‍ ചില സ്ഥലങ്ങളില്‍ രോമം അടര്‍ന്നുപോവുകയും അതു ക്രമേണ വലുതാകുകയും ചെയ്യുന്നു. ഈ ഫംഗസിന്റെ സ്‌പോറുകള്‍ കൂടുകളിലും മറ്റു പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ഒരു മുയലില്‍നിന്നും മറ്റൊരു മുയലിലേക്ക്‌ ഈ രോഗം പെട്ടെന്നു പടര്‍ന്നുപിടിക്കാം. ഈ രോഗത്തിനു ഫലപ്രദമായ ചികില്‍സയുണ്ട്‌. ക്ലോട്രിമസോള്‍, ബെന്‍സയില്‍ ബെന്‍സോയേറ്റ്‌ എന്നിവ പുരട്ടുക. ഗ്രിസിയോ ഫള്‍വിന്‍, ഫലൂക്കണ്ടോസോള്‍ എന്നീ ഗുളികള്‍ അകത്തേക്കു നല്‍കുക എന്നിവയാണ്‌ ചികില്‍സകള്‍.
 

അകിടുവീക്കം


മുലക്കാമ്പുകള്‍ക്കുണ്ടാകുന്ന വീക്കമാണ്‌ ആദ്യലക്ഷണം. പിന്നീട്‌ ഇതു നീലനിറമാകുന്നു. കഠിനമായ വേദന കാരണം കുഞ്ഞുങ്ങളെ മുലയൂട്ടുകയില്ല. പനി, തീറ്റയ്‌ക്ക്‌ മടുപ്പ്‌ എന്നിവയാണ്‌ മറ്റു ലക്ഷണങ്ങള്‍. മുലക്കാമ്പുകള്‍ ചിലപ്പോള്‍ പഴുത്തുപൊട്ടുകയും ചെയ്‌തേക്കാം. മുലക്കാമ്പുകള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ട്‌ കഴുകി ആന്റിബയോട്ടിക്കുകള്‍ നല്‍കുകയാണ്‌ ചികില്‍സ. ചത്തുപോകാതെ രക്ഷപ്പെടുന്ന മുയലുകളുടെ മുലകള്‍ കല്ലിച്ചുപോകാറുണ്ട്‌. പിന്നീട്‌ അവയില്‍നിന്നും പാലുല്‍പ്പാദനം ഉണ്ടാകില്ല. അത്തരം മുയലുകള്‍ക്ക്‌ കുഞ്ഞുങ്ങളെ മലയൂട്ടാന്‍ സാധിക്കാത്തതിനാല്‍ ഇവയെ പ്രജനനത്തിന്‌ ഉപയോഗിക്കരുത്‌.
മുയലുകളിലെ അകിടുവീക്കത്തിനു പ്രധാന കാരണം വൃത്തിഹീനമായ കൂടുകളും നെസ്റ്റ്‌ബോക്‌സുകളുമാണ്‌. അകിടിലുണ്ടാകുന്ന ചെറിയ മുറിവുകള്‍വഴിയും രോഗാണുക്കള്‍ അകിടില്‍ക്കടന്നു രോഗമുണ്ടാകും.
അകിടുവീക്കം ബാധിച്ചവയെ ക്വാറന്റയിന്‍ കൂടുകളിലേക്കു മാറ്റണം. മുയല്‍ക്കുഞ്ഞുങ്ങളെ മറ്റ്‌ തള്ളമുയലുകളുടെ കൂടെയാക്കുന്നതാണ്‌ നല്ലത്‌.
അകിടുവീക്കം വരാതിരിക്കാനുള്ള പ്രതിരോധനടപടി ശുചിത്വമാണ്‌. കൂടിന്റെ അടിവശം പരുപരുത്തതാകരുത്‌. നെസ്റ്റ്‌ബോക്‌സിന്റെ അടിഭാഗവും മിനുസമുള്ളതായിരിക്കണം. മുലയൂട്ടുന്ന മുയലുകളുടെ അകിട്‌ ഇടയ്‌ക്കിടെ പരിശോധിച്ച്‌ മുറിവുകളുണ്ടെങ്കില്‍ ചികില്‍സ നടത്തണം.
 

സൂര്യാഘാതം


കേരളത്തിലെ ചൂടുള്ള കാലാവസ്ഥയില്‍ മുയലുകളെ ബാധിക്കുന്ന ഒരു രോഗമാണിത്‌. ഉയര്‍ന്ന അന്തരീക്ഷ താപം, ഉയര്‍ന്ന ആര്‍ദ്രത, വായുസഞ്ചാരം കുറഞ്ഞ കൂട്‌ എന്നിവയാണ്‌ ഈ അവസ്ഥയ്‌ക്കു കാരണം. കൂട്ടില്‍ നേരിട്ട്‌ വെയില്‍ പതിച്ചാലും ചൂടുകാലത്ത്‌ ചൂടോടുകൂടി കൊണ്ടുപോയാലും സൂര്യാഘാതം പിടിപെടും. ടെറസ്സിന്റെ മുകളില്‍ കൂടുകളില്‍ വളര്‍ത്തുന്നവയ്‌ക്ക്‌ രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്‌. ഉയര്‍ന്ന ശരീരതാപനിലയും കിതപ്പുമാണ്‌ പ്രധാന ലക്ഷണം. രോഗബാധയേറ്റ മുയലുകളുടെ ചെവിപിങ്കുനിറമായിരിക്കും. കൂടാതെ ഇവ ഒരു വശം ചരിഞ്ഞ്‌ നീണ്ടുനിവര്‍ന്നു കിടക്കുന്നതും കാണാം.
രോഗബാധയേറ്റ മുയലുകളെ തണുത്ത സ്ഥലത്തേക്കു മാറ്റണം. ഇവയെ ഇളം ചൂടുവെള്ളത്തില്‍ തല നനയ്‌ക്കാതെ മുക്കുക. പിന്നീട്‌ ഉണങ്ങിയ തുണികൊണ്ടു തുടച്ച്‌ ജലാംശം നീക്കി കൂട്ടില്‍ തിരിച്ചുവിടാം.
രോഗസാധ്യതയുണ്ടെങ്കില്‍ കഠിനമായ ചൂടില്‍നിന്നും മുയലുകളെ സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ ചെയ്യണം. എല്ലാ സമയത്തും തണുത്ത ശുദ്ധജലം കൂട്ടില്‍ ലഭ്യമാക്കണം. മുയല്‍ഷെഡ്ഡിനു തട്ടിട്ട്‌ ചൂട്‌ കുറയ്‌ക്കാം. നനഞ്ഞ ചാക്ക്‌ കൂടിനു പുറത്ത്‌ തൂക്കിയിടുക, ചുറ്റും തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നിവയാണ്‌ സൂര്യാഘാതത്തില്‍നിന്നും രക്ഷനേടാനുള്ള വഴികള്‍.
 

ആന്തരിക വിരബാധ


മറ്റു മൃഗങ്ങളെ അപേക്ഷിച്ച്‌ മുയലുകള്‍ക്ക്‌ വിരബാധകള്‍ കുറവാണ്‌. എങ്കിലും ഉരുളന്‍ വിരകളും നാടവിരകളും കാണാറുണ്ട്‌. ഉരുളന്‍ വിരകള്‍ ചെറുകുടലിലാണ്‌ വസിക്കുന്നത്‌. ഇതിന്റെ മുട്ടകള്‍ കാഷ്‌ഠത്തിലൂടെ പുറത്തേക്കു പോകും. കാഷ്‌ഠം പരിശോധിച്ചാല്‍ വിരബാധ കണ്ടുപിടിച്ച്‌ ചികില്‍സ നടത്താം.
നാടവിരകള്‍ മുയലിറച്ചിയിലാണ്‌ കാണുന്നത്‌. നായ, പൂച്ച എന്നിവയിലൂടെയാണ്‌ ഇതു മുയലിലെത്തുന്നത്‌. ഇത്തരം മാംസം കഴിക്കുന്ന പൂച്ചയ്‌ക്കും നായ്‌ക്കള്‍ക്കും നാടവിരബാധയുണ്ടാകും. അതുകൊണ്ടുതന്നെ മുയലിറച്ചി നായ്‌ക്കള്‍ക്കും പൂച്ചയ്‌ക്കും കൊടുക്കുവാന്‍ പാടില്ല. മുയലുകളില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ കാണാറില്ല. മുയലുകളിലെ ഉരുളന്‍ വിരയ്‌ക്ക്‌ ചികില്‍സയുണ്ടെങ്കിലും നാടവിരയ്‌ക്ക്‌ ചികില്‍സ നടത്താറില്ല. തയാബന്റസോള്‍ 100 മി.ഗ്രാം കൊടുത്താല്‍ ഉരുളന്‍ വിരബാധ മാറിക്കിട്ടും.
 

സാല്‍മണല്ലോസിസ്‌


മുയലുകളെ ബാധിക്കുന്ന മാരകമായ ഒരു രോഗമാണിത്‌. ബാക്‌ടീരിയയാണ്‌ രോഗകാരി. ഉയര്‍ന്ന പനിയാണ്‌ പ്രധാന ലക്ഷണം. കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ മരണപ്പെടുകയും ചെയ്യും. ഗര്‍ഭിണിമുയലുകള്‍ക്ക്‌ ഗര്‍ഭമലസാറുണ്ട്‌. ഈ രോഗം മറ്റു മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കും. തീറ്റയിലൂടെയും വെള്ളത്തിലൂടെയുമാണ്‌ രോഗം പകരുന്നത്‌. ചികില്‍സ ഫലപ്രദമല്ല.
 

കാലിലെ വ്രണങ്ങള്‍


കൂട്ടിലിട്ടു വളര്‍ത്തുന്ന മുയലുകളിലാണ്‌ ഇതു കൂടുതലായി കണ്ടുവരുന്നത്‌. ന്യൂസിലാന്റ്‌ വൈറ്റ്‌ ഒഴികെയുള്ള ജനുസ്സുകളിലാണ്‌ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്‌. ഇവയ്‌ക്ക്‌ പാദത്തിനടിയില്‍ കട്ടിയുള്ള ചര്‍മ്മില്ലാത്തതാണ്‌ ഇതിനു കാരണം. കൂട്ടിനകത്ത്‌ കൂര്‍ത്ത ഭാഗങ്ങളുണ്ടെങ്കിലും കാലില്‍ വ്രണങ്ങള്‍ വരാം.
രോഗം ബാധിച്ചവയെ അടിഭാഗം മരപ്പലകയുള്ള കൂട്ടിലേക്കു മാറ്റണം. ആന്റിബയോട്ടിക്‌ ലേപനങ്ങള്‍ പുരട്ടുന്നതാണ്‌ ചികില്‍സ. സ്ഥിരമായി കാലില്‍ വ്രണങ്ങള്‍ വരുന്നവയെ ഒഴിവാക്കാറുണ്ട്‌. ഈ രോഗത്തിന്‌ ജനിതക കാരണമുള്ളതുകൊണ്ടാണിത്‌.
 

മണ്ഡരിരോഗം


മണ്ഡരി ഇനത്തില്‍പ്പെട്ട ചെറുപ്രാണികളാണ്‌ രോഗകാരി. മുയലുകളില്‍ ഈ രോഗം രണ്ടുതരത്തില്‍ കണ്ടുവരുന്നു. ചെവിയിലുള്ളതും മറ്റു ഭാഗത്തു കാണുന്നതും.
ശരീരത്തിന്റെ വിവിധഭാഗത്തു കണ്ടുവരുന്ന മണ്ഡരിരോഗത്തില്‍ രോഗം ബാധിച്ച ഭാഗത്ത്‌ വെളുത്ത പൊടിപോലെയുള്ള വസ്‌തു പൊറ്റയായി കാണുന്നു. അസഹ്യമായ ചൊറിച്ചില്‍ കാരണം തീറ്റയെടുക്കുകയില്ല. പാര്‍ശ്വ അണുബാധമൂലം പഴുപ്പു ബാധിച്ച്‌ വ്രണങ്ങളായി മാറും.
ചെവിക്കകത്തു കാണുന്ന മണ്ഡരിബാധയില്‍ ചെവിയില്‍ വെളുത്ത പൊടി നിറയുന്നു. ചിലപ്പോള്‍ പഴുപ്പും കാണാറുണ്ട്‌. ചൊറിച്ചില്‍ കാരണം ചെവി കുടയുന്നതു കാണാം. മണ്ഡരിരോഗം കേരളത്തിലെ മുയലുകളില്‍ സര്‍വസാധാരണമാണ്‌. സ്‌പര്‍ശനത്തിലൂടെയാണ്‌ രോഗം പകരുന്നത്‌. ശാസ്‌ത്രീയ പരിപാലനരീതി അവലംബിക്കുകയും പോഷകപ്രദമായ തീറ്റനല്‍കുകയും ചെയ്‌താല്‍ മണ്ഡരിരോഗം പ്രശ്‌നമാകാറില്ല.
രോഗം ബാധിച്ചവയെ മാറ്റിനിര്‍ത്തി ചികില്‍സിക്കണം. വളരെ കുറച്ചു ഭാഗങ്ങളിലേ രോഗബാധയുള്ളുവെങ്കില്‍ ആ ഭാഗം വൃത്തിയാക്കിയശേഷം ബെന്‍സൈല്‍ബെന്‍സോവൈറ്റ്‌ ലേപനം പുരട്ടാം. ഒരാഴ്‌ച പുരട്ടിയിട്ടും രോഗം ശമിച്ചില്ലെങ്കില്‍ ഐവര്‍മെക്‌ടിന്‍ എന്ന മരുന്ന്‌ ഡോക്‌ടറുടെ നിര്‍ദേശാനുസരണം കുത്തിവയ്‌ക്കുന്നതാണ്‌ ഫലപ്രദമായ ചികില്‍സ.
 

പിന്‍കാല്‍ തളര്‍ച്ച


മുയലിനെ എടുക്കുമ്പോള്‍ അത്‌ പിടഞ്ഞാല്‍ നട്ടെല്ലിന്‌ കേടു സംഭവിക്കും. അപ്പോഴാണ്‌ പിന്‍കാല്‍ തളര്‍ച്ചയുണ്ടാകുന്നത്‌. കൂടാതെ പ്രസവശേഷം ഉണ്ടാകുന്ന കാല്‍സ്യത്തിന്റെ അഭാവം, വിറ്റാമിന്‍ എയുടെ കുറവ്‌, രക്താതിസാര രോഗബാധ എന്നിവമൂലവും പിന്‍കാല്‍ തളര്‍ച്ചയുണ്ടാകാം. കാരണങ്ങള്‍ക്കനുസരിച്ച്‌ ചികില്‍സ നല്‍കുകയാണ്‌ ശാസ്‌ത്രീയരീതി.
 

ടോര്‍ട്ടി കോളിസ്‌ (കഴുത്തും തലയും തിരിയല്‍)


പെട്ടെന്നുള്ള വീഴ്‌ച, മസ്‌തിഷ്‌കാഘാതം, ചെവിയിലെ അണുബാധ, തലച്ചോറിനെ ബാധിക്കുന്ന വിരബാധ, വിഷാംശമുള്ള ചെടി, ചിലയിനം കൂണുകള്‍ എന്നിവ തിന്നുക മുതലായവയാണ്‌ കാരണങ്ങള്‍. തല ചെരിച്ച്‌ തൂക്കിയിടുക, വട്ടത്തില്‍ കറങ്ങുക, കോടിയ ചുണ്ട്‌, കുഴിഞ്ഞ കണ്ണുകള്‍ എന്നിവയാണ്‌ ലക്ഷണങ്ങള്‍. കാരണം കണ്ടെത്തി ചികില്‍സക്കുന്നതാണ്‌ അഭികാമ്യം. എങ്കിലും വിരമരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവ നല്‍കാറുണ്ട്‌.
 

ഹെയര്‍ബോള്‍ (രോമം കുടലില്‍ കെട്ടിനിന്നുള്ള തടസ്സം)


രോമം കൊഴിയുന്ന അവസരത്തില്‍ ഇവ രോമം തിന്നാറുണ്ട്‌. ചിലപ്പോള്‍ അറിയാതെ രോമം കുറേശ്ശെയായി ഭക്ഷണത്തോടൊപ്പം അകത്തുചെല്ലും. ഈ രോമങ്ങള്‍ ഒരുമിച്ചുകൂടി കുടലില്‍ തടസ്സമുണ്ടാക്കുന്നു. തീറ്റയോട്‌ മടുപ്പ്‌, വയര്‍സ്‌തംഭം, മലബന്ധം എന്നിവയാണു ലക്ഷണങ്ങള്‍. 20 മില്ലി പാരാഫിന്‍ ഓയില്‍ കാലത്തും വൈകിട്ടും 5 ദിവസം നല്‍കിയാല്‍ രോമങ്ങള്‍ മലത്തോടൊപ്പം പുറത്തുപോകും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍