എരുമ :എരുമ വളര്‍ത്തല്‍

ഇന്ത്യയില്‍ എരുമവളര്‍ത്തലിനു വളരെ പ്രാധാന്യമുണ്ട്‌. ലോകത്തെ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 54%-വും കാലിസമ്പത്തിന്റെ 33% വരുന്ന എരുമകളില്‍ നിന്നാണ്‌. പാലിനുവേണ്ടി വളര്‍ത്തുന്ന 18 എരുമജനുസ്സുകള്‍ ഇവിടെയുണ്ട്‌.
ലോകത്താകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50%-വും ഇന്ത്യയിലാണ്‌ (1.4 ദശലക്ഷം ടണ്‍). പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമാണ്‌. ഇന്ത്യയില്‍ ഇറച്ചിയുല്‍പ്പാദനത്തില്‍ 70.2% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്‌. മാട്ടിറച്ചി പന്നിയിറച്ചി, ആട്ടിറച്ചി എന്നിവയെ അപേക്ഷിച്ച്‌ പോത്തിറച്ചിയില്‍ കൊഴുപ്പിന്റെ അളവ്‌ 16.5%മാത്രമാണ്‌ (4 വയസ്സില്‍ താഴെ പ്രായത്തില്‍). കൊളസ്‌ട്രോളിന്റെ അളവ്‌ കുറവാണ്‌. മാംസതന്തുക്കളില്‍ 2-3% കൊഴുപ്പു മാത്രമേയുള്ളൂ. ഭ്രാന്തിപ്പശു രോഗഭീഷണിയുമില്ല. ആതിനാല്‍ അന്താരാഷ്‌ട്ര വപണിയില്‍ പോത്തിറച്ചിക്ക്‌ ആവശ്യക്കാര്‍ ഏറെയാണ്‌.
ആവശ്യമായ പരിചരണം ലഭിക്കാതെ ഇന്ത്യയില്‍ പ്രതിവര്‍ഷം 5.5 ദശലക്ഷം പോത്തിന്‍ കുട്ടികളാണ്‌ ചത്തൊടുങ്ങുന്നത്‌. ഇവയെ ശാസ്‌ത്രീയരീതിയില്‍ വളര്‍ത്തിയാല്‍ ഇറച്ചിയുല്‍പ്പാദനത്തില്‍ വന്‍ വര്‍ധനയുണ്ടാകും. ഇവയെ പാഴാക്കുന്നതിലൂടെ 200 കോടിയോളം രൂപയുടെ വാര്‍ഷിക നഷ്‌ടത്തിനിടവരുന്നു.
പോത്തിറച്ചി കയറ്റുമതിയില്‍ ഇന്ത്യയിലെ വാര്‍ഷിക വളര്‍ച്ചാനിരക്ക്‌ 82% ആണ്‌. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പത്തോളം വന്‍കിട അറവുശാലകളും മാംസസംസ്‌കരണശാലകളും ഇന്ത്യയിലുണ്ട്‌. മീറ്റ്‌ കം ബോണ്‍മീല്‍, കൊഴുപ്പ്‌, എല്ലുപൊടി എന്നിവ ഉപോല്‍പന്നങ്ങളായി നിര്‍മിച്ചുവരുന്നു.
എരുമപ്പാലില്‍ കൊഴുപ്പും ഖരപദാര്‍ത്ഥങ്ങളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്‌. കൊളസ്‌ട്രോളിന്റെ അളവ്‌ കുറവാണ്‌. ബയോളജിക്കല്‍ മൂല്യം കൂടുതലാണ്‌. എരുമപ്പാലില്‍ പശുവിന്‍ പാലിന്റേതിനെക്കാള്‍ കൂടുതല്‍ ടോകോഫെറോള്‍, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്‌. ക്രീം, ഐസ്‌ക്രീം, തൈര്‌, ചീസ്‌ മുതലായവ ഉണ്ടാക്കാന്‍ എരുമപ്പാല്‍ ഉപയോഗിക്കുന്നു. കീര്‍ത്തികേട്ട ചീസുകളായ ഇറ്റലിയിലെ സാള്‍ട്ടീ, ഫിലിപ്പൈന്‍സിലെ വൈറ്റ്‌ ചീസ്‌, ഇറ്റലിയിലെ മൊസറല്ല, റികോട്ട എന്നിവയും, ബള്‍ഗേറിയയിലെ പെക്കോസിനോയും എരുമപ്പാലില്‍നിന്ന്‌ ഉല്‍പ്പാദിപ്പിച്ച്‌ അന്താരാഷ്‌ട്ര വിപണിയില്‍ വില്‍പ്പന നടത്തിവരുന്നവയാണ്‌.
കാരബീഫ്‌ (cara beef), ബഫല്ലോ ബീഫ്‌ എന്നീ പേരുകളിലാണ്‌ പോത്തിറച്ചി അന്താരാഷ്‌ട്ര വിപണിയില്‍ അറിയപ്പെടുന്നത്‌.
ലോകത്താകമാനമുള്ള എരുമകളില്‍ 97%-വും ഏഷ്യയിലാണുള്ളത്‌. അതായത്‌ ഏതാണ്ട്‌ 168 ദശലക്ഷം എരുമകളില്‍ 161 ദശലക്ഷവും ഏഷ്യയില്‍. ഈജിപ്‌തില്‍ പശുക്കളെക്കാള്‍ കൂടുതല്‍ എരുമകളാണ്‌. ഏഷ്യയിലുല്‍പ്പാദിപ്പിക്കപ്പെടുന്ന പാലില്‍ 50%-വും ഇന്ത്യയില്‍നിന്നാണ്‌. ഏഷ്യന്‍ എരുമകളില്‍ 57%-വും ഇന്ത്യയിലാണുള്ളത്‌.
18-ഓളം എരുമ ജനുസ്സുകള്‍ ഇന്ത്യയിലുണ്ടെന്നു സൂചിപ്പിച്ചല്ലോ. എരുമപ്പാലുല്‍പ്പാദനത്തില്‍ 35%-വും മുറ, നിലിരവി, സുര്‍ത്തി, മെഹ്‌സാന, ജാഫറബാഡി, കുന്തി ഇനങ്ങളില്‍ നിന്നാണ്‌. 65% നാടന്‍ ജനുസ്സുകളില്‍നിന്നും. റബാഡി, കുന്തി ഇനങ്ങളില്‍ നിന്നാണ്‌. 65% നാടന്‍ ജനുസ്സുകളില്‍നിന്നും. ഒരു കറവക്കാലയളവില്‍ മുറയുടെ പാലുല്‍പ്പാദനം 1500-3200 ലിറ്റര്‍ ആണ്‌.
ഒരു ലക്ഷത്തോളം എരുമകള്‍ മാത്രമുള്ള കേരളത്തില്‍ അടുത്തകാലത്തായി എരുമകളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ചതുപ്പു നിലങ്ങളും വെള്ളക്കെട്ടുള്ള പാടങ്ങളും കടലോരങ്ങളുമുള്ള കേരളത്തില്‍ എരുമവളര്‍ത്തല്‍ കൂടുതല്‍ വിപുലപ്പെടുത്താവുന്നതാണ്‌. പോത്തിന്‍ കുട്ടികളെ ശാസ്‌ത്രീയ രീതിയില്‍ വളര്‍ത്തി ഗുണമേന്മയുള്ള ഇറച്ചി ഉല്‍പ്പാദിപ്പിക്കാം. ഇതോടൊപ്പം ശാസ്‌ത്രീയ അറവുശാലകളും മാംസപരിശോധന സംവിധാനങ്ങളും നിലവില്‍ വരേണ്ടതുണ്ട്‌. ഇന്ന്‌ കേരളത്തിലെ മാംസസംസ്‌കരണം തീര്‍ത്തും അസംഘടിത മേഖലയിലാണ്‌. വിരലിലെണ്ണാവുന്ന ശാസ്‌ത്രീയ അറവുശാലകള്‍ മാത്രമേയുള്ളൂ. വഴിയോരത്തും റോഡരികിലുമാണ്‌ അറവുപ്രക്രിയ നടന്നുവരുന്നത്‌. രോഗം ബാധിച്ച മൃഗങ്ങളുടെ ഇറച്ചികഴിക്കുന്നതിലൂടെ 200-ഓളം രോഗങ്ങളാണ്‌ മനുഷ്യരിലേക്ക്‌ പകരുന്നത്‌.
കേരളത്തില്‍ എരുമവളര്‍ത്തലിനു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്‌. കൊഴുപ്പിന്റെ അളവ്‌ കൂടുതലായതിനാല്‍ എരുമപ്പാലിനു പശുവിന്‍ പാലിനെക്കാള്‍ വില ലഭിക്കും. 2-5 വരെ എരുമകളെ വളര്‍ത്തുന്ന യൂണിറ്റുകള്‍ക്കു സാധ്യതയേറെയാണ്‌. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ തീറ്റപ്പുല്ല്‌ കൃഷി ചെയ്യാം.
മഹാരാഷ്‌ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പോത്തിന്‍ കുട്ടികളെ ശാസ്‌ത്രീയരീതിയില്‍ വളര്‍ത്തുന്ന സംയോജിത രീതി (integrated approach) നടപ്പിലാക്കിവരുന്നു. ഈ പദ്ധതിയില്‍ പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന കര്‍ഷകരെ കണ്ടെത്തി അവയ്‌ക്ക്‌ വിരമരുന്ന്‌, തീറ്റ, വിറ്റാമിന്‍ മിശ്രിതങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്‌തുവരുന്നു. അറവുപ്രക്രിയയ്‌ക്ക്‌ തയാറാക്കുമ്പോള്‍ അവയെ കര്‍ഷകരില്‍നിന്നും വാങ്ങി ആധുനിക ശാസ്‌ത്രീയ അറവുശാലകളില്‍ കശാപ്പിനു വിധേയമാക്കി ഇറച്ചി സംസ്‌കരിച്ച്‌ കയറ്റുമതി ചെയ്‌തുവരുന്നു. ഇറച്ചിയുല്‍പ്പാദനം മുതല്‍ വിപണനം വരെ HACCP അനുവര്‍ത്തിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചുവരുന്നു. അലാന, ഹിന്ദ്‌ ആഗ്രോ, അലാന സണ്‍സ്‌, അല്‍കബീര്‍ എന്നീ ഏജന്‍സികള്‍ ഇവയില്‍ ചിലതാണ്‌. ഈ സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക്‌ മെച്ചപ്പെട്ട വിലയും ഉപഭോക്താവിന്‌ ഗുണമേന്മയുള്ള ഇറച്ചിയും ലഭിക്കും.
ഇന്ത്യയില്‍ പ്രതിവര്‍ഷം 1.41 ദശലക്ഷം ടണ്‍ പോത്തിറച്ചി ഉല്‍പ്പാദിപ്പിച്ചുവരുന്നു. 1415 കോടിയോളം രൂപയുടെ പോത്തിറച്ചിയാണ്‌ പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നത്‌. പോത്തിറച്ചിയില്‍ രണ്ടുശതമാനത്തില്‍ താഴെ മാത്രമേ കൊഴുപ്പ്‌ അടങ്ങിയിട്ടുള്ളൂ. മറ്റു ഘടകങ്ങള്‍ 76.4% ജലാംശം, 20.4% പ്രോട്ടീന്‍, 1.5% കൊഴുപ്പ്‌, 1% ധാതുലവണങ്ങള്‍, 5.1% വെള്ളത്തില്‍ ലയിക്കുന്ന പ്രോട്ടീനുകള്‍, 0.37% ഉപ്പില്‍ ലയിക്കുന്ന പ്രോട്ടീനുകള്‍, 0.12% പ്രോട്ടീന്‍ ഇതര നൈട്രജന്‍ എന്നിവയാണ്‌. ഹൈഡ്രോക്‌സിപ്രോലിന്റെ അളവ്‌ മാട്ടിറച്ചിയിലേതിനെക്കാള്‍ കുറവാണ്‌. പോത്തിറച്ചിയില്‍ നിന്നുള്ള ഊര്‍ജത്തിന്റെ അലവ്‌ 6.8 K Cal/gആണ്‌. പൂരിത കൊഴുപ്പമ്ലങ്ങളുടെയും കൊഴുപ്പമ്ലങ്ങളുടെയും അനുപാതം പാചകം ചെയ്യുമ്പോള്‍ വര്‍ധിച്ചുവരുന്നു. നിരവധി ഉല്‍പ്പന്നങ്ങള്‍ ഇറച്ചിയില്‍നിന്നും നിര്‍മിച്ചു വരുന്നുണ്ട്‌. പ്രായക്കൂടുതലുള്ള പോത്തിന്‍ കുട്ടികളുടെ ഇറച്ചിക്ക്‌ മൃദുത്വം കുറയും. നിറം, മൃദുത്വം, ശൈത്യഹ്രസ്വത (cold shortening) എന്നിവയ്‌ക്കായി വൈദ്യുത ഉദ്ദീപനം ഉപയോഗിച്ചുവരുന്നു.
സോസേജുകള്‍, ഇറച്ചി ബ്ലോക്കുകള്‍, നഗ്ഗെറ്റ്‌സ്‌, റോള്‍സ്‌, ലോഫ്‌, കബാബ്‌, റോസ്റ്റഡ്‌ ചിങ്ക്‌സ്‌, അച്ചാറുകള്‍, ഹാം ബേക്കന്‍ (bacon), മീറ്റ്‌ ജെര്‍ക്കി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പോത്തിറച്ചിയില്‍നിന്നും നിര്‍മിക്കാം.
മൂല്യവര്‍ധന (value addition)യിലൂടെ ഇറച്ചി സംസ്‌കരണത്തില്‍നിന്ന്‌ കൂടുതല്‍ വരുമാനം നേടാം. ശുചിത്വമുള്ള അറവുപ്രക്രിയ, സംസ്‌കരണം, ഇറേഡിയേഷന്‍, ശീതീകരണം, പാക്കിങ്‌ എന്നിവയിലൂടെ ഇറച്ചിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാവുന്നതാണ്‌.
ഫിലിപ്പൈന്‍സ്‌, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പത്തുവയസ്സിനുമേല്‍ പ്രായമുള്ള പോത്തുകളെ മാത്രമേ അറവുപ്രക്രിയയ്‌ക്ക്‌ വിധേയമാക്കാവൂ. എന്നാല്‍ ഇന്ത്യയില്‍ പ്രായം കുറഞ്ഞവയെ ഇറച്ചിക്കുവേണ്ടി ഉപയോഗിക്കുന്നതിനാല്‍ പോത്തിറച്ചിക്ക്‌ മൃദുത്വം കൂടുതലാണ്‌. അതിനാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ത്യന്‍ പോത്തിറച്ചിക്ക്‌ ആവശ്യക്കാര്‍ കൂടുതലാണ്‌!


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍